പഞ്ചായത്ത് പ്രസിഡന്‍റ് തന്നെ മര്‍ദിച്ചതായി വനിതാവൈസ് പ്രസിഡന്‍റിന്‍റെ പരാതി; പ്രസിഡന്‍റിനെതിരെ പൊലീസ് കേസ് എടുത്തു

പഞ്ചായത്ത് പ്രസിഡന്‍റ് തന്നെ മര്‍ദിച്ചതായി വനിതാവൈസ് പ്രസിഡന്‍റിന്‍റെ പരാതി. യുഡി എഫ് ഭരിക്കുന്ന കൊച്ചി ഉദയംപേരൂര്‍ പഞ്ചായത്ത് പ്രസിഡന്‍റിനെതിരെയാണ് ഇതേ പഞ്ചായത്തിലെ വൈസ് പ്രസിഡന്‍റ് മിനി ദിവാകരന്‍ പോലീസില്‍ പരാതി നല്‍കിയത്.

മിനിയുടെ പരാതിയില്‍ പ്രസിഡന്‍റ് ജോണ്‍ ജേക്കബിനെതിരെ ഉദയംപേരൂര്‍ പോലീസ് കേസെടുത്തു.

മിനി ദിവാകരന്‍റെ പരാതിയിലെ ആരോപണങ്ങള്‍ ഇങ്ങനെ :

ക‍ഴിഞ്ഞ ജനുവരി 16ന് പഞ്ചായത്തിലെ ഒരു പരിശീലന പരിപാടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്നതിനായി താന്‍ പ്രസിഡന്‍റിന്‍റെ ചേംബറിലേക്ക് ചെന്നു. പരിശീലന ക്ലാസില്‍ 5ാം വാര്‍ഡ് മെമ്പറെ ഉള്‍പ്പെടുത്തി അയക്കണമെന്ന് പ്രസിഡന്‍റിനോട് പറഞ്ഞു.

എന്നാല്‍ യാതൊരു കാരണവുമില്ലാതെ പ്രസിഡന്‍റ് ജോണ്‍ ജേക്കബ് തന്നെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തു.

പ്രസിഡന്‍റിന്‍റെ അപ്രതീക്ഷിതമായ ഈ പെരുമാറ്റത്തില്‍ ഷോക്കായിപ്പോയെന്നും അപമാനിതയായ താന്‍ വീട്ടിലേക്ക് മടങ്ങിയെന്നും മിനി ദിവാകരന്‍ പരാതിയില്‍ പറയുന്നു.പഞ്ചായത്തിലെ മറ്റ് ചില അംഗങ്ങള്‍ക്കും ഇതെക്കുറിച്ച് അറിയാമെന്നും കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തെ ഇക്കാര്യം അറിയിച്ച് പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും പരാതിയിലുണ്ട്.

മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച് വാര്‍ത്ത വന്നതോടെ കോണ്‍ഗ്രസ് നേതാക്കളായ ബെന്നി ബെഹനാനും കെ ബാബുവും ഇടപെട്ടു.

പരാതിയുമായി മുന്നോട്ട് പോകരുതെന്നും അങ്ങനെ ചെയ്താല്‍ പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്ന് ഇവര്‍ പറഞ്ഞതായും പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.പ്രസിഡന്‍റ് ജോണ്‍ ജേക്കബില്‍ നിന്ന് മുന്‍പും ഇത്തരത്തില്‍ മോശം പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്ന് കെ പി സി സി പ്രസിഡന്‍റിനെ അറിയിച്ചിരുന്നു.

എന്നാല്‍ പാര്‍ട്ടിതലത്തില്‍ പ്രശ്ന പരിഹാരമുണ്ടാവത്തതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കുന്നതെന്നും മിനി ദിവാകരന്‍ ആരോപിക്കുന്നു.വൈസ് പ്രസിഡന്‍റിന്‍റെ പരാതിയില്‍ പ്രസിഡന്‍റ് ജോണ്‍ ജേക്കബിനെതിരെ ഉദയംപേരൂര്‍ പോലീസ് കേസെടുത്തു.കേസില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here