സഞ്ജയ് ദത്തിന് 308 കാമുകിമാർ; വെളിപ്പെടുത്തലുമായി അഭിജാത് ജോഷി

ബോളിവുഡ് ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമായ സഞ്ജുവിലെ അനുഭവങ്ങൾ രൺബീർ കപൂറും, സംവിധായകൻ രാജ്‌കുമാർ ഹിറാനിയും തിരക്കഥാകൃത്ത് അഭിജാത്ത് ജോഷിയും പങ്കു വച്ചു .

മുന്നാഭായ് മൂന്നാം ഭാഗമൊരുക്കാൻ തയ്യാറെടുത്തു കൊണ്ട് നടന്ന ചർച്ചകളുടെ ഇടവേളകളിൽ സഞ്ജയ് ദത്ത് പറഞ്ഞ ചില ജീവിതാനുഭവങ്ങളാണ് ഇത്തരമൊരു ജീവചരിത്ര സംബന്ധമായ ചിത്രത്തെ കുറിച്ചുള്ള ആദ്യ ചിന്ത മനസിലേക്ക് കടന്നു വരുവാൻ കാരണമായതെന്ന് സംവിധായകൻ രാജ്‌കുമാർ ഹിറാനി പറഞ്ഞു.

ഒരു സയൻസ് കെട്ടുകഥയിൽ അഭിനയിച്ച പ്രതീതിയായിരുന്നു തനിക്കെന്നാണ് രൺബീർ കപൂർ ചിത്രത്തിലെ അനുഭവം പങ്കു വച്ച് സംസാരിച്ചത്. മയക്കുമരുന്ന്, കാമുകിമാര്‍, സൗഹൃദം, അധോലോകം, പ്രണയം, ജയില്‍ ജീവിതം എന്നിങ്ങനെ പല ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന സഞ്ജുവിന്റെ കഥാ സാഹചര്യങ്ങളുമായി രൺബീറിന് പൊരുത്തപ്പെടാൻ മൂന്നു മാസമെടുത്തുവെന്നാണ് രാജ്‌കുമാർ ഹിരാനിയും പറയുന്നത്.

പ്രാഥമിക ടെസ്റ്റുകളിൽ സഞ്ജുവിന്റെ മാനറിസവുമായി രൺബീറിന്റെ പ്രകടനങ്ങൾ ഒട്ടും തൃപ്തികരമായിരുന്നില്ലെന്നും ഒരു ഘട്ടത്തിൽ ചിത്രം വേണ്ടെന്ന് വയ്ക്കുവാൻ തീരുമാനിച്ചതായിരുന്നുവെന്നും രാജ്‌കുമാർ വെളിപ്പെടുത്തി.

എന്നാൽ തുടർച്ചയായി നടത്തിയ റിസർച്ചും കഠിന പരിശ്രമവുമാണ് അക്ഷരാർഥത്തിൽ ഒരു പരകായ പ്രവേശത്തിന് രൺബീറിനെ സഹായിച്ച ഘടകങ്ങൾ എന്നാണ് രാജ്‌കുമാറിന്റെ നിരീക്ഷണം.

ഒരു മിമിക്രിയുടെ നിലവാരത്തിലേക്ക് പരിണമിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്നാണ് തിരക്കഥാകൃത്ത് അഭിജാത്ത് ജോഷിയും പറയുന്നത്. എന്നാൽ രൺബീർ ഒരിക്കൽ പോലും അമിതാഭിനയത്തിലേക്ക് കടക്കാതെ സഞ്ജുവായി ജീവിക്കുകയായിരുന്നു ചിത്രത്തിലെന്നാണ് ജോഷിയുടെ അഭിപ്രായം.

സഞ്ജയ് ദത്തിനെ വാഴ്ത്തുന്ന രീതിയോ സഹതാപം പിടിച്ചു പറ്റുന്ന രീതിയോ തിരക്കഥയിൽ സ്വീകരിച്ചിട്ടില്ലെന്നും സഞ്ജയ് പറഞ്ഞ കഥയെ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ, സുഹൃത്തുക്കൾ തുടങ്ങിയവരുമായി പരിശോധിച്ചതിന് ശേഷമാണ് തിരക്കഥയുടെ അവസാനരൂപം പൂർത്തിയാക്കിയതെന്നും ജോഷി പറഞ്ഞു.

308 കാമുകിമാർ ഉണ്ടായിരുന്നതായാണ് സഞ്ജയ് പറഞ്ഞതെന്നും എന്നാൽ പൊതു സമൂഹത്തിന് അറിയേണ്ടുന്ന കാര്യങ്ങൾ മാത്രമാണ് തിരക്കഥയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ജോഷി വിശദീകരിച്ചു.

പി കെ, ത്രീ ഇഡിയറ്റ്‌സ്, ലഗേ രഹോ മുന്നാഭായ്, മുന്നാഭായ് എംബിബിഎസ് എന്നീ ജനപ്രിയ ബ്ലോക്ക്ബസ്റ്ററുകള്‍ സൃഷ്ടിച്ച സംവിധായകനില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നതും ഒരു മികച്ച എന്റര്‍ടെയ്‌നറിൽ കുറഞ്ഞതൊന്നും ആയിരിക്കില്ല. ജൂൺ 29നാണ് ചിത്രത്തിന്‍റെ റിലീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here