ചെങ്ങന്നൂരിൽ എൽഡിഎഫിന്‍റേത് ചരിത്രവിജയം; ബിജെപിയുടെ അടിത്തറ തകര്‍ന്നു: യെച്ചൂരി

ന്യൂഡൽഹി: ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ടത് പ്രതിപക്ഷ ഐക്യംകൊണ്ടുമാത്രമല്ല, അവരുടെ അടിത്തറ തകർന്നതുകൊണ്ട‌്കൂടിയാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ജനങ്ങളുടെ ഐക്യമാണ് ബിജെപിക്കെതിരെ പ്രകടമായത്. ചെങ്ങന്നൂരിൽ എൽഡിഎഫ് ചരിത്രവിജയമാണ് നേടിയത്.

എൽഡിഎഫ് സർക്കാരിന്റെ രണ്ടുവർഷത്തെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ജനങ്ങൾ നൽകിയത്. ചെങ്ങന്നൂരിൽനിന്ന് ഇടതുപക്ഷത്തിന്റെ തകർച്ച തുടങ്ങുമെന്ന് വെല്ലുവിളിച്ച ബിജെപിയാണ് തകർന്നതെന്ന് യെച്ചൂരി പറഞ്ഞു.

ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ പാൽഘറിൽമാത്രമാണ‌് ബിജെപിക്ക‌് ജയിക്കാനായത്. ശക്തമായ ചതുഷ്കോണമത്സരം കാരണം വോട്ടുകൾ വിഭജിച്ചതാണ് ബിജെപിക്ക‌് സഹായകമായത‌്. മുമ്പ‌് വിജയിച്ച മറ്റ‌് സീറ്റുകളിൽ ബിജെപി പിഴുതെറിയപ്പെട്ടു.

2014ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഒറ്റക്കക്ഷിയായി അധികാരത്തിൽ വരാൻ ബിജെപിയെ സഹായിച്ച യുപിയിലും ബിഹാറിലും തിരിച്ചടിയുണ്ടായി. കൈറാനയിലും ജോക്കിഹട്ടിലും വൻതോൽവിയാണ‌് ബിജെപിക്കേറ്റത‌്.

ആർഎസ്എസ‌് നിയന്ത്രണത്തിലുള്ള ബിജെപി സർക്കാരിനെ പരാജയപ്പെടുത്തേണ്ടത് രാജ്യത്തിന്റെ ഐക്യത്തിനും സുരക്ഷയ്ക്കും അനിവാര്യമാണെന്ന‌് ജനങ്ങൾ തീരുമാനിച്ചുവെന്നതാണ് ഉപതെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നത്.

ചെങ്ങന്നൂരിൽ സമീപകാലത്തെങ്ങും നേടിയിട്ടില്ലാത്തത്ര വൻ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് ജയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെയും പാർടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചെന്ന് യെച്ചൂരി പറഞ്ഞു. ചരിത്രവിജയം സമ്മാനിച്ച ചെങ്ങന്നൂരിലെ ജനങ്ങളെയും അഭിവാദ്യം ചെയ്യുന്നു.

ചെങ്ങന്നൂരിൽനിന്നാകും ഇടതുപക്ഷത്തിന്റെ തകർച്ചയുടെ തുടക്കമെന്നായി രുന്നു ബിജെപിയുടെ അവകാശവാദം. പക്ഷേ, ആരുടെ തകർച്ചയാണ് തുടങ്ങിയതെന്ന് ഫലം പ്രഖ്യാപിച്ചതോടെ വ്യക്തമായി. ബിജെപിയുടെ വോട്ട‌് കഴിഞ്ഞതവണത്തേക്കാൾ കുറഞ്ഞു.

പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ ഓരോന്നും നടപ്പാക്കുന്നതിൽ എൽഡിഎഫ് സർക്കാർ വിജയിച്ചു. രാജ്യത്തെ ഒരു സംസ്ഥാന സർക്കാർമാത്രമാണ് പെട്രോൾവിലയിൽ ഒരു രൂപ കുറച്ചത്. ചെറിയ സംസ്ഥാനമായ കേരളത്തിന്റെ മാതൃക കേന്ദ്രസർക്കാർ ഏറ്റെടുക്കണം. ഒമ്പതുതവണയായി വർധിപ്പിച്ച എക്സൈസ് ഡ്യൂട്ടി ഉടൻ കുറയ്ക്കാൻ തയ്യാറാകണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel