പെൻഡുലം മോഡലിൽ ആടിയിരുന്ന കേരള രാഷ്ട്രീയത്തിന് അറുതിവരുന്നുവെന്നതിന്റെ ശക്തമായ സൂചനയാണ് പുറത്തുവന്നിരിക്കുന്നത്; കോടിയേരിയുടെ വിലയിരുത്തൽ

ചെങ്ങന്നൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലിൽ ചാനലുകളെല്ലാം നൽകിയ തലവാചകം “ഇടതു തരംഗം’ എന്നാണ്. എന്തുകൊണ്ടാണ് ഇത്തരമൊരു തരംഗമുണ്ടായത് എന്നത് വിലയിരുത്തപ്പെടേണ്ടതാണ്. കേരള രാഷ്ട്രീയത്തെ ഗുണകരമായി മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്നതാണ് ജനവിധി. കോൺഗ്രസ് നയിക്കുന്ന യുഡിഎഫിനെയും ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയെയും പരാജയപ്പെടുത്തി വിസ്മയകരമായ ഭൂരിപക്ഷത്തിലാണ് എൽഡിഎഫിലെ സജി ചെറിയാൻ വിജയിച്ചത്. മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടിങ‌് ശതമാനത്തിലും വോട്ടിലും ഭൂരിപക്ഷത്തിലും എൽഡിഎഫ് മുന്നിൽ വന്നു. ഈ വിജയത്തിന് സാധാരണയിൽക്കവിഞ്ഞ പ്രാധാന്യമുണ്ട്.

സംസ്ഥാനത്ത് ആദ്യം നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പ് 1958ൽ ദേവികുളത്താണ്. കമ്യൂണിസ്റ്റ് പാർടി സ്ഥാനാർഥി റോസമ്മ പുന്നൂസ് അന്നവിടെ പരാജയപ്പെട്ടിരുന്നെങ്കിൽ ആദ്യത്തെ കമ്യൂണിസ്റ്റ് സർക്കാരിന്റെ നിയമസഭയിലെ ഭൂരിപക്ഷത്തിനുതന്നെ അത് വെല്ലുവിളിയാകുമായിരുന്നു. പക്ഷേ, അത്തരത്തിൽ എൽഡിഎഫ് സർക്കാരിന്റെ നിയമസഭയിലെ ഭൂരിപക്ഷത്തെ പ്രത്യക്ഷത്തിൽ ബാധിക്കുന്നതായിരുന്നില്ല ചെങ്ങന്നൂരിലെ ജനവിധിയെങ്കിലും ശത്രു‌ചേരിയെ അമ്പരപ്പിച്ചുകൊണ്ട് വൻ ഭൂരിപക്ഷത്തിൽ എൽഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിച്ചതിലൂടെ കേരള ജനതയ്ക്കുവേണ്ടി പ്രബുദ്ധമായ വിധിയെഴുത്താണ് ചെങ്ങന്നൂരിലെ വോട്ടർമാർ നടത്തിയത്. ഈ തെരഞ്ഞെടുപ്പ് നൽകുന്ന ചില പ്രധാന രാഷ്ട്രീയ ഘടകങ്ങളുണ്ട്.

ഒന്ന്: കേരള രാഷ്ട്രീയത്തിലെ ശാക്തിക ബലാബലത്തിൽ ഇടതുപക്ഷത്തിന് അനുകൂലമായ മാറ്റം ഉറച്ചരൂപത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്നതിന്റെ സന്ദേശം നൽകുന്നു. ഏറെക്കുറെ തുല്യശക്തികളുടെ രണ്ട് മുന്നണികൾ തമ്മിലുള്ള ഏറ്റുമുട്ടൽ കേന്ദ്രീകരിച്ചാണ് 1957 മുതൽ സംസ്ഥാന രാഷ്ട്രീയം നീങ്ങിയത്. അതായത്, കമ്യൂണിസ്റ്റ് കോൺഗ്രസ് ചേരികൾ തമ്മിലുള്ള ഏറ്റുമുട്ടൽ.

ഒരുതവണ എൽഡിഎഫ് ജയിച്ചാൽ അടുത്ത തവണ യുഡിഎഫിന് അധികാരം. അടുത്ത പ്രാവശ്യം തിരിച്ചും. ഇങ്ങനെ പെൻഡുലം മോഡലിൽ ആടിയിരുന്ന കേരള രാഷ്ട്രീയത്തിന് അറുതിവരുന്നുവെന്നതിന്റെ ശക്തമായ സൂചനയാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ കെ കെ രാമചന്ദ്രൻനായർ ഏഴായിരത്തിൽപ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചതെങ്കിൽ ഇക്കുറി സിപിഐ എമ്മിന്റെ സജി ചെറിയാൻ 20,956 വോട്ടിന്റെ ഭൂരിപക്ഷം നേടി. 67,303 വോട്ടും.

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന ഉറച്ചവിശ്വസമായിരുന്നു യുഡിഎഫ് നേതാക്കൾക്കുണ്ടായിരുന്നത്. ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തിൽ വീടുകൾ കയറി വോട്ട് പിടിക്കുകവരെ ചെയ്തു. എൽഡിഎഫ് സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ നെറികെട്ട പ്രചാരണങ്ങളും നടത്തി. അതിനെയെല്ലാം തൃണവൽഗണിച്ചാണ് യുഡിഎഫിന് ഇന്നലെവരെ വോട്ട് ചെയ്തവരടക്കം എൽഡിഎഫിനെ പിന്തുണച്ചത്. ചിലപ്പോഴെല്ലാം ഇടതുപക്ഷം ജയിച്ചിട്ടുണ്ടെങ്കിലും പൊതുവിൽ ഒരു വലതുപക്ഷ സ്വാധീനമുള്ള മണ്ഡലമായിട്ടാണ് ചെങ്ങന്നൂരിനെ വിലയിരുത്തിയിരുന്നത്.

അത്തരമൊരു മണ്ണിൽ യുഡിഎഫ് ജയിക്കുമെന്ന് കോൺഗ്രസ‌് നേതാക്കൾ വോട്ട് എണ്ണുംവരെ വിശ്വസിച്ചു. അവരുടെ വിശ്വാസം തകരുകയും എൽഡിഎഫ് തരംഗം കൺതുറന്ന് കാണുകയും ചെയ്തിരിക്കുന്നു. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനും തുടർന്നുള്ള സംഭവവികാസങ്ങൾക്കും പിന്നാലെയായിരുന്നല്ലോ ഇവിടത്തെ വോട്ടെടുപ്പ്. ബിജെപിയെ തളയ്ക്കാനുള്ള വിശ്വസ്ത രാഷ്ട്രീയ പ്രസ്ഥാനം കമ്യൂണിസ്റ്റുകാർ നേതൃത്വം നൽകുന്ന മുന്നണിയാണെന്ന സന്ദേശം ജനങ്ങൾ ഏറ്റെടുത്തിരിക്കുകയാണെന്നാണ് ചെങ്ങന്നൂർ വിരൽചൂണ്ടുന്നത്. ഇൗ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ രാഷ്ട്രീയ ബലാബലത്തിൽ എൽഡിഎഫ‌് മുന്നിലാണെന്നും വ്യക്തമാകുന്നു.

രണ്ട്: രണ്ടാം വാർഷികം ആഘോഷിക്കുന്ന എൽഡിഎഫ് സർക്കാരിന് ലഭിച്ചിരിക്കുന്ന ജനകീയ പിറന്നാൾ സമ്മാനമാണ് ഈ ജനവിധി. വോട്ടെടുപ്പിന് തൊട്ടുമുമ്പുപോലും എൽഡിഎഫ് സർക്കാരിനെ പൊതുവിലും മുഖ്യമന്ത്രി പിണറായി വിജയനെ വിശേഷിച്ചും നുണ പ്രചരിപ്പിച്ച് കടന്നാക്രമിക്കുന്നതിൽ കോൺഗ്രസും ബിജെപിയും അവരുടെ മുന്നണികളും പരസ്പരം മത്സരിച്ചു.

ഇവർക്ക് കൂട്ടായി ഒരു വിഭാഗം മാധ്യമങ്ങളും പ്രവർത്തിച്ചു. ചില ചാനലുകൾ പ്രതിപക്ഷത്തിന്റെ ഘടകകക്ഷിയെപ്പോലെ പ്രവർത്തിക്കുകയും ചെയ്തു. കോട്ടയത്തെ കെവിന്റെ കൊലപാതകത്തിന്റെ മറവിൽ ചെങ്ങന്നൂരിലെ ജനവികാരത്തെ അട്ടിമറിക്കാൻ സംഘടിതവും ആസൂത്രിതവുമായ ഗൂഢപരിശ്രമമാണ് കോൺഗ്രസ‌്‐ ബിജെപി ചേരിയും ഒരു വിഭാഗം മാധ്യമങ്ങളും കൈകോർത്ത് നടത്തിയത്. ഇത്തരം പാളംതെറ്റിയ പ്രവർത്തനങ്ങൾക്കുള്ള താക്കീതാണ് ജനങ്ങൾ ചെങ്ങന്നൂർ ഫലത്തിലൂടെ നൽകിയിരിക്കുന്നത്.

പിണറായി വിജയൻ നേതൃത്വം നൽകുന്ന രണ്ടു വർഷം പൂർത്തീകരിച്ച എൽഡിഎഫ് ഭരണം വികസനകാര്യങ്ങളിലും സാമൂഹ്യക്ഷേമത്തിലും ക്രമസമാധാന പരിപാലനത്തിലും മികച്ച രീതിയിൽ മുന്നോട്ടുപോകുകയാണ‌്. ഈ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടു പോകുന്നതിനുള്ള ഊർജമാണ് ചെങ്ങന്നൂരിലെ ജനങ്ങൾ നൽകിയത്.

മൂന്ന്: ത്രിപുരയ്ക്കു പിന്നാലെ കേരളം പിടിക്കുമെന്ന പ്രഖ്യാപനവുമായാണ് ബിജെപി ചെങ്ങന്നൂരിൽ ഇറങ്ങിയത്. സംസ്ഥാനത്തൊട്ടാകെയുള്ള ആർഎസ്എസ് പ്രചാരകരെ രണ്ടുമാസമായി മണ്ഡലത്തിൽ വിന്യസിപ്പിച്ചും കേന്ദ്രസർക്കാരിന്റെ ഭരണപരമായ ഇടപെടലുകൾ നടത്തിയും പണം വെള്ളംപോലെ ഒഴുക്കിയും വോട്ട് പിടിക്കുകയായിരുന്നു ബിജെപി. കഴിഞ്ഞതവണ 42,000 വോട്ട് ലഭിച്ച അഡ്വ. പി എസ് ശ്രീധരൻപിള്ളയെത്തന്നെ വീണ്ടും സ്ഥാനാർഥിയാക്കിയത് മണ്ഡലം പിടിക്കാമെന്ന വ്യാമോഹത്തോടെയായിരുന്നു. മിസോറം ഗവർണറായി പോയ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ ഈ മണ്ഡലത്തിൽ വർഗീയതയിലൂന്നിയ കുതന്ത്രപ്രവർത്തനം ഏറെ നടത്തിയിരുന്നു.

എന്നാൽ, 2016ൽ കിട്ടിയ വോട്ടുപോലും കിട്ടിയില്ല. പോളിങ‌് ശതമാനം വർധിച്ചിട്ടും ഏഴായിരത്തിൽപ്പരം വോട്ട് നഷ്ടമായി. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യയിലാകെ താമരവിരിയിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി അധ്യക്ഷൻ അമിത് ഷായും പ്രചരിപ്പിക്കുന്നത്. എന്നാൽ, യുപി, കർണാടകം എന്നിവിടങ്ങളിലുൾപ്പെടെ അടിതെറ്റിയിരിക്കുന്നുവെന്നാണ് പുതിയ ഫലങ്ങൾ തെളിയിക്കുന്നത്. 80 ലോക്സഭാ സീറ്റുള്ള യുപി അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലെ നിർണായക ഘടകമാണ്.

അവിടത്തെ കൈനാരയിലെ ഉപതെരഞ്ഞെടുപ്പിലും ബിജെപി പരാജയപ്പെട്ടിരിക്കുകയാണ്. കർണാടകത്തിൽ കോൺഗ്രസ‌്‐ജെഡിയു കൂട്ടുകെട്ടിന് ഭൂരിപക്ഷമുണ്ടായിട്ടും ആ സഖ്യത്തിന് മന്ത്രിസഭ രൂപീകരിക്കാൻ ആദ്യം അവസരം നൽകാതെ ബിജെപിക്ക് മന്ത്രിസഭ രൂപീകരിച്ച് കുതിരക്കച്ചവടം നടത്താൻ അവസരം കൊടുത്ത കേന്ദ്ര സർക്കാരിന്റെയും ആ സർക്കാരിന്റെ ചട്ടുകമായ ഗവർണറുടെയും ജനാധിപത്യവിരുദ്ധ നടപടിയോടുള്ള എതിർപ്പ് ചെങ്ങന്നൂരിലെ ജനങ്ങളും പ്രകടിപ്പിച്ചിരിക്കുകയാണ്. അതുപോലെ ജനവിരുദ്ധ കേന്ദ്രസർക്കാരിനോടുള്ള അതൃപ്തിയും. ഇതെല്ലാംകൊണ്ടാണ് ബിജെപി വോട്ട് ഗണ്യമായി കുറഞ്ഞത്.

ബിജെപിയുടെ തനിനിറം മനസ്സിലാക്കുന്നതിൽ അവരുടെ മുന്നണിയിലെ കക്ഷികൾക്കും അവർക്ക് വോട്ടുചെയ്ത വിഭാഗങ്ങൾക്കും ബോധ്യംവരുന്നുവെന്നതിന്റെ സന്ദേശവും ജനവിധി നൽകുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഡിജെഎസ് ഉൾപ്പെടെ വിവിധ കക്ഷികളെ ചേർത്തുകൊണ്ടുള്ള വിശാലമായ എൻഡിഎ എന്ന മുന്നണി രൂപീകരിച്ചാണ് ബിജെപി മത്സരിച്ചത്. അന്ന് ബിജെപിയോടൊപ്പം അകമഴിഞ്ഞുനിന്ന പലരും അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പുനർവിചിന്തനത്തിന് തുടക്കംകുറിച്ചിരിക്കുന്നുവെന്ന് ജനവിധി വ്യക്തമാക്കുന്നു.

നാല്: എൽഡിഎഫിന്റെയും സിപിഐ എമ്മിന്റെയും രാഷ്ട്രീയനിലപാടുകൾക്കും സംഘടനാമികവിനുമുള്ള അംഗീകാരമാണ് ഈ ജനവിധി. മതനിരപേക്ഷതയിൽ അടിയുറച്ചുനിന്നാണ് എൽഡിഎഫ് സ്ഥാനാർഥിയെ നിർണയിച്ചതും പ്രചാരണ പ്രവർത്തനം നടത്തിയതും. എന്നാൽ, കോൺഗ്രസ‌്് സ്വീകരിച്ചത് മൃദുഹിന്ദുത്വ നയമാണ്. സ്ഥാനാർഥിനിർണയത്തിൽ ഉൾപ്പെടെ ഇത് പ്രകടമായി. ബിജെപിയുടെ തീവ്രഹിന്ദുത്വത്തെ നേരിടാനും പരാജയപ്പെടുത്താനും മൃദുഹിന്ദുത്വ നയമല്ല സ്വീകരിക്കേണ്ടത് എന്ന പാഠം ഇനിയെങ്കിലും പഠിക്കാൻ കോൺഗ്രസ് തയ്യാറാകുമോ? കോൺഗ്രസിന് പൂർണവിധേയരായി നിൽക്കുന്ന രാഷ്ട്രീയനിലപാട് പുനഃപരിശോധിക്കാൻ യുഡിഎഫിലെ ഘടകകക്ഷികളെ പ്രേരിപ്പിക്കുന്ന ജനവിധിയാണ് ഉണ്ടായിരിക്കുന്നത്. എല്ലാ ജാതി‐ മത വിഭാഗങ്ങളുടെയും വിശ്വാസികളുടെയും ഉൾപ്പെടെ വോട്ട് എൽഡിഎഫിന് സമ്പാദിക്കാൻ കഴിഞ്ഞു.

എൽഡിഎഫും സിപിഐ എമ്മും ജനപക്ഷത്തുനിന്ന‌് നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരംകൂടിയാണ് തെരഞ്ഞെടുപ്പ് ഫലം. സാന്ത്വന പരിചരണം, ജൈവകൃഷി, ഭവനരഹിതർക്ക് വീടുവച്ചു നൽകൽ ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ, ജനങ്ങളുടെ ആവശ്യങ്ങൾക്കുവേണ്ടിയുള്ള ജനകീയ ഇടപെടൽ, സമരങ്ങൾ, കേന്ദ്രസർക്കാരിന്റെയും ആർഎസ്എസിന്റെയും വർഗീയവിപത്തിനെതിരെയുള്ള അചഞ്ചലമായ പോരാട്ടം‐ ഈ വിധത്തിലുള്ള സിപിഐ എമ്മിന്റെയും എൽഡിഎഫിന്റെയും രാഷ്ട്രീയത്തിനുള്ള ബഹുജന അംഗീകാരമാണ് ഇടത് തരംഗം സൃഷ്ടിച്ച് ചെങ്ങന്നൂർ നൽകിയത്. ഈ വിജയം അഭിമാനത്തോടെ സ്വീകരിക്കുന്നതിനോടൊപ്പം, വിനയത്തോടെ ജനങ്ങളോട് പെരുമാറുന്നതിനും കൂടുതൽ പ്രതിബദ്ധതയോടെ ജനങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നതിനുള്ള കടമയും എൽഡിഎഫ് പ്രവർത്തകർക്കുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here