എ വിജയരാഘവന്‍ എല്‍ഡിഎഫ് കണ്‍വീനര്‍

എ വിജയരാഘവനെ എല്‍ഡിഎഫ് കണ്‍വീനറായി തെരഞ്ഞെടുത്തു. രാജ്യസഭ സീറ്റുക‍ളില്‍ ധാരണയായി. സിപിഐഎമ്മും സിപിഐയും ഒാരോ സീറ്റില്‍ മത്സരിക്കും. ഇന്ന് ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം.

പൊതുപ്രവര്‍ത്തനരംഗത്തും രാഷ്ട്രീയരംഗത്തും മുഖവുരകള്‍ വേണ്ടാത്ത വ്യക്തിത്വമാണ് എ വിജയരാഘവന്റേത്. അടിയന്തരാവസ്ഥയുടെ കറുത്ത നാളുകളില്‍ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായി.

ഇന്ത്യയുടെ സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തിക നിലകളെക്കുറിച്ച് അവഗാഹവുമുളള വിജയരാഘവൻ നിരവധിതവണ പൊലീസിന്റെ കൊടിയ മര്‍ദനമേറ്റുവാങ്ങുകയും ജയില്‍വാസം അനുഷ്ഠിക്കുകയും ചെയ്തിട്ടുളള വ്യക്തിത്വമാണ്.

1989ല്‍ പാലക്കാട് മണ്ഡലത്തെ കോണ്‍ഗ്രസില്‍നിന്ന് ഇടതുപക്ഷത്തോട് ചേര്‍ത്ത് നിര്‍ത്തി ലോക്സഭയിൽ എത്തിയ വിജയരാഘവൻ 1998ലും 2004ലും രാജ്യസഭാംഗമായി. 2014 ൽ പതിനാറാം ലോകസഭയിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ കോ‍ഴിക്കോടുനിന്ന് മത്സരിച്ച വിജയരാഘവൻ നിലവിൽ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും കര്‍ഷകത്തൊഴിലാളി യൂണിയന്‍ അഖിലേന്ത്യാ സെക്രട്ടറിയുമാണ്.

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ പ്രസിഡന്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്‍ഡിക്കറ്റ് അംഗം, കേരള കലാമണ്ഡലം ഭരണസമിതി അംഗം, എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. പാര്‍ലമെന്റിന്റെ ഉപനിയമ നിര്‍മാണ സമിതി അംഗം, അഷ്വറന്‍സ് കമ്മിറ്റി ചെയര്‍മാന്‍, ആഭ്യന്തരവകുപ്പ്, ധനവകുപ്പ്, പ്രതിരോധം, പെട്രോളിയം, പ്രകൃതിവാതകം, ഗ്രാമീണവികസനം, ഐടി വിഭാഗങ്ങളുടെ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

എംപിയായിരിക്കെ പാകിസ്ഥാന്‍ പൗരത്വമുള്ള ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുകയും കേന്ദ്രസര്‍ക്കാരില്‍നിന്ന് അനുകൂല നിലപാട് ഉണ്ടാക്കുകയുംചെയ്തു. റെയില്‍വേ സേലം ഡിവിഷന്‍ വെട്ടിമുറിക്കുന്നതിനെതിരെ രാജ്യസഭയില്‍ നിരന്തരം പോരാടി. കാര്‍ഷികമേഖലയിലെ പ്രശ്നങ്ങളില്‍ ഇടപെട്ട് കുട്ടനാട് പാക്കേജുള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ പ്രയത്നിച്ചു. പാലക്കാട് -കോഴിക്കോട് ദേശീയപാത 213ഉം വിജയരാഘവന്റെ നേതൃപാടവത്തിന് തെളിവാണ്.

കര്‍ഷക തൊഴിലാളി യൂണിയന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും അവിടുത്തെ ജനജീവിതത്തെ കുറിച്ചും അടുത്തറിഞ്ഞിട്ടുളള വ്യക്തിയാണ് വിജയരാഘവൻ. റഷ്യ, ചൈന എന്നിവിടങ്ങള്‍ സഞ്ചരിച്ച വിദ്യാര്‍ഥി- യുവജന സംഘത്തിന്റെ ലീഡറായിരുന്നു. മുപ്പതോളം വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. വിവിധ ഭാഷകളില്‍ പ്രാവണ്യവും നിയമ ബിരുദധാരിയായ വിജയരാഘവനുണ്ട്.

തൊഴിലാളികളായ മലപ്പുറം ആലമ്പാടന്‍ പറങ്ങോടന്റെയും മാളുക്കുട്ടിയമ്മയുടെയും അഞ്ചു മക്കളില്‍ മൂന്നാമനായി 1956 മാര്‍ച്ചിലാണ് വിജയരാഘവന്‍റെ ജനനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here