ജനകീയതയുടെ ആള്‍രൂപം; പ്രാരാബ്ധങ്ങള്‍ക്കിടയിലും പഠനത്തിനൊപ്പം പോരാടി; പോരാട്ടങ്ങ‍ള്‍ക്ക് കരുത്ത് പകരാന്‍ എ വിജയരാഘവന്‍

വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ, പോരാട്ടങ്ങളുടെ കനൽവഴികൾ താണ്ടിയാണ് എ. വിജയരാഘവൻ സിപിഐ എമ്മിന്‍റെ നേതൃനിരയിലെത്തിയത്. എസ്.എഫ്.ഐ ദേശീയ പ്രസിഡന്‍റായി പ്രവർത്തിച്ച അദ്ദേഹം ലോക‌്സഭാ – രാജ്യസഭാംഗമായി നടത്തിയ പാർലമെന്‍ററി പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ‌്.

മലപ്പുറത്തെ കർഷകത്തൊഴിലാളിയായ പറങ്ങോടന്‍റേയും മാളുക്കുട്ടിയമ്മയുടെയും മകനായി 1956  മാർച്ച് 23നാണ് എ.വിജയരാഘവൻ ജനിച്ചത്. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തിയ അദ്ദേഹം 1986 മുതൽ 93 വരെ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്‍റായി പ്രവർത്തിച്ചു.

പോരാട്ടങ്ങളുടെ കനൽവഴികൾ താണ്ടിയാണ് എ. വിജയരാഘവൻ സിപിഐ എമ്മിന്‍റെ നേതൃനിരയിലെക്കെത്തിയത്. അക്കാദമിക രംഗത്തും അദ്ദേഹം മികവ് പുലർത്തി. ബി.എ ഇസ്ലാമിക് ഹിസ്റ്ററിയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന‌് റാങ്കോടെ വിജയം കരസ്ഥമാക്കിയത് അക്കാലത്ത് വാർത്തയിലിടം പിടിച്ചു. മലപ്പുറം ഗവ. കോളേജിൽ നിന്ന‌് ബിരുദാനന്തര ബിരുദവും കോഴിക്കോട് ഗവ. ലോ കോളേജിൽ നിന്ന‌് നിയമ ബിരുദവും നേടി.

വിദ്യാർത്ഥി ജീവിതത്തിനുശേഷം ദേശീയതലത്തിൽ കർഷകത്തൊഴിലാളി സമരങ്ങളുടെ മുൻനിരയിൽ പ്രവർത്തിച്ച അദ്ദേഹം ലോക‌്സഭാംഗമായും രാജ്യസഭാംഗമായും നടത്തിയ പാർലമെന്‍ററി പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ‌്. 1989ൽ പാലക്കാട്ടുനിന്ന‌് വിജയിച്ച‌് ലോകസഭയിലെത്തി. പാർലമെന്‍റ് സബോർഡിനേറ്റ് ലജിസ്ലേഷൻ കമ്മിറ്റി അംഗമായി പ്രവർത്തിച്ച വിജയരാഘവൻ, യുഎൻ ജനറൽ അസംബ്ലിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചും പങ്കെടുത്തു. 1998ലാണ് രാജ്യസഭാംഗമയായത്. രാജ്യസഭയിൽ സിപിഐ എം ചീഫ് വിപ്പായും പ്രവർത്തിച്ചു. നർമം കലർത്തിയുള്ള സ്വതസിദ്ധമായ ശൈലിയിലുള്ള പ്രസംഗത്തിലൂടെ ജനമനസ്സും കീഴടക്കി.

നിലവിൽ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗവും കർഷകത്തൊഴി ലാളികളുടെ അഖിലേന്ത്യാ സംഘടനയായ ഓൾ ഇന്ത്യ അഗ്രിക്കൾച്ചറൽ വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറിയും കൈരളി ടി.വി ഡയറക്ടർ ബോർഡ് അംഗവുമാണ്. സിപിഐ എം തൃശൂർ ജില്ലാകമ്മിറ്റിയംഗവും മുൻ മേയറും കേരളവർമ കോളേജ‌് അധ്യാപികയുമായ ആർ. ബിന്ദുവാണ് ഭാര്യ. മകൻ ഹരികൃഷ‌്ണൻ എൽഎൽഎം വിദ്യാർഥിയാണ‌്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here