നിപ സ്ഥിരീകരിച്ച് ചികിത്സയിലുളള രണ്ട് പേരും സുഖം പ്രാപിച്ചുവരുന്നതായി ആരോഗ്യവകുപ്പ്; സിനിമാ തിയറ്ററുകള്‍ അടച്ചിടുന്ന കാര്യം പരിഗണനയില്‍

നിപ സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുളള രണ്ട് പേരും സുഖം പ്രാപിച്ചുവരുന്നതായി ആരോഗ്യവകുപ്പ്. നിലവില്‍ ഇവരുടെ പരിശോധനാ ഫലം നെഗറ്റീവായെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി ആരോഗ്യമന്ത്രി നാളെ കോഴിക്കോട് എത്തും.

നിപ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത തുടരുന്നതിനിടെയാണ് ചികിത്സയിലുളളവരുടെ ആരോഗ്യ നിലയില്‍ നല്ല പുരോഗതി ദൃശ്യമായത്. കോഴിക്കോട് മെഡിക്ക്ല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുളള രണ്ട് പേരും സുഖം പ്രാപിച്ചു വരുന്നതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

വെളളിയാഴ്ച വന്ന 7 പരിശോധനാ ഫലവും നെഗറ്റീവാണ്, ഇതുവരെ 193 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 18 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങളോടെ 17 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ കഴിയുന്നു. രോഗ ബാധിതരുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെ പട്ടിക 1949 ആയി ഉയര്‍ന്നു.

മെഡിക്കല്‍ കോളേജില്‍ ഹെല്‍പ്പ് ഡസ്‌ക്ക്, പോലീസ് എയ്ഡ് പോസ്റ്റ് എന്നിവയുടെ പ്രവര്‍ത്തനം ആരംഭിച്ചു. പൊതുസ്ഥലങ്ങളില്‍ ആളുകള്‍ കൂടുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രധാന് നിര്‍ദ്ദേശം. കഴിഞ്ഞ ദിവസം ഒരാള്‍ മരിച്ച കാരശ്ശേരി പഞ്ചായത്തിലെ കളള് ഷാപ്പുകള്‍ താല്‍ക്കാലികമായി അടച്ചു.

സിനിമാ തിയറ്ററുകള്‍ അടച്ചിടുന്ന കാര്യം തദ്ദേശ സ്ഥാപനങ്ങളുടെ പരിഗണനയിലുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി യു എ ഇ യിലെ മലയാളി ഡോക്ടര്‍ വി പി ഷംഷീര്‍ ഒന്നേമുക്കാല്‍ കോടി രൂപ സംഭാവന നല്‍കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News