അങ്ങ് അവിടെ പോകരുത്- പ്രണബ് മുഖർജിക്ക് കഥാകൃത്ത് അശോകൻ ചരുവിലിന്റെ ഹൃദയസ്പർശിയായ തുറന്ന കത്ത്

ആദരണീയനായ മുൻ രാഷ്ട്രപതി, മുതിർന്ന കോൺഗ്രസ് നേതാവ് പ്രണബ് കുമാർ മുഖർജി നാഗ‌്പുരിലെ ആർഎസ്എസ് ആസ്ഥാനത്ത് നടക്കുന്ന ഒരു ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടിരിക്കുന്നു. അദ്ദേഹം ആ ക്ഷണം സ്വീകരിച്ചതായും അതിൽ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചതായും വാർത്തകളുണ്ട്. എങ്കിൽ അത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. ഇന്ത്യയിലെങ്ങുമുള്ള മതേതര ജനാധിപത്യമനസ്സുകളിൽ അതുണ്ടാക്കുന്ന മുറിവ് ചെറുതാകില്ല.

ഒരു സംഘടനയുടെ ചടങ്ങിലേക്ക് എതിർപക്ഷത്തുള്ള നേതാവ് ക്ഷണിക്കപ്പെടുന്നതും അദ്ദേഹം പങ്കെടുക്കുന്നതും നല്ലതല്ലേ എന്ന ചോദ്യം ഉന്നയിക്കപ്പെടാം. ശരിയാണ്. തൊട്ടുകൂടായ്മ ആവശ്യമില്ല. എതിർപക്ഷങ്ങൾ തമ്മിലെ കൂടിക്കാഴ്ചയും സംവാദവും ജനാധിപത്യത്തിന് കരുത്തുപകരുകയേ ഉള്ളൂ. പക്ഷേ, അങ്ങനെ തുറന്ന മനസ്ഥിതിയുള്ള സംഘങ്ങളിൽ ആർഎസ്എസ്, ഐഎസ് എന്നിവ പെടുമോ എന്നതാണ് പ്രശ്നം.

ആയുധമെടുത്ത് പ്രവർത്തിക്കുന്ന തീവ്രവാദി സംഘടനകളുടെ ഇടയിലേക്ക് ജയപ്രകാശ് നാരായണനെപ്പോലുള്ള ജനനേതാക്കൾ കടന്നുചെന്ന ചരിത്രമുണ്ട‌്. പക്ഷേ, അതൊക്കെ അവരെ പൊതുസമൂഹത്തിലേക്ക് കൊണ്ടുവരുന്നതിനുവേണ്ടിയായിരുന്നു. അത്തരം ഒരു ഡയലോഗിനുവേണ്ടിയാണോ പ്രണബ് മുഖർജി നാഗ‌്പുരിൽ പോകുന്നത്? അങ്ങനെ തോന്നുന്നില്ല. അവിടെ നടക്കുന്നത് ഒരു സംവാദാത്മക പരിപാടിയല്ല; ആർഎസ്എസിന്റെ ഒരു ട്രെയിനിങ‌് ക്യാമ്പാണ്. ഇന്ത്യ ഒരു രാഷ്ട്രമായി നിലനിൽക്കാനുള്ള എല്ലാ പ്രാഥമികസാധ്യതകൾക്കുമെതിരെ അവർ നടത്തുന്ന നീക്കങ്ങൾക്ക് കൈയൊപ്പ‌് ചാർത്താൻമാത്രമേ മുഖർജിയുടെ സാന്നിധ്യം ഉപകാരപ്പെടൂ എന്നത് തീർച്ച. കോൺഗ്രസ് എന്ന രാഷ്ട്രീയപാർടിയുടെ നിസ്സഹായാവസ്ഥകൂടിയാണ് ഇവിടെ വെളിപ്പെടുന്നത്.

ഈയിടെ മാഹിയിൽ നടന്ന പ്രൗഢമായ ഒരു സാഹിത്യസദസ്സിൽ നമ്മുടെ സക്കറിയ കേരളത്തിലെ ചില സാഹിത്യനായകരെ രൂക്ഷമായി വിമർശിച്ചു. ഹിന്ദുത്വ തീവ്രസംഘടനകളുടെ വേദികളിൽ അവർ പോകുന്നു എന്നതായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. മതഭീകര പ്രസിദ്ധീകരണങ്ങളുടെ പ്രചാരണത്തിന് മോഡലായി ചില കവികൾ നിന്നുകൊടുക്കുന്നതായും സക്കറിയ പറഞ്ഞു. അത് സമൂഹത്തിലുണ്ടാക്കുന്ന ഇംപാക്ട് എന്താകുമെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.

അഷ്ടമിരോഹിണി ലോകമെങ്ങുമുള്ള കൃഷ്ണഭക്തരുടെ ആഘോഷമാണ്. എത്രയോ കാലമായി കേരളത്തിലെ ക്ഷേത്രങ്ങളിലും അത് ആചരിച്ചുവരുന്നു. ദൈവം എന്ന നിലയിൽമാത്രമല്ല കൃഷ്ണൻ മലയാളിയുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നത്. കമലാ സുരയ്യക്ക് കൃഷ്ണൻ അന്തരാത്മാവിനെ അലിയിക്കുന്ന കാമുകനായിരുന്നുവല്ലോ. മതം മാറിയപ്പോൾ അവർ പറഞ്ഞു: ‘ഞാൻ എന്റെ കൃഷ്ണനെയും കൂട്ടുന്നു.’

നമ്മുടെ നാട്ടിലെ അമ്മമാർക്ക് കൃഷ്ണൻ അവരുടെ ഉണ്ണിക്കണ്ണനാണ്. പക്ഷേ, ഒരു സംഘപരിവാർ സംഘടനയായ ബാലഗോകുലം കുട്ടികളെ റോഡിൽ അണിനിരത്തുന്നതിന്റെ രാഷ്ട്രീയം എന്തെന്ന‌് സാമാന്യബുദ്ധിയുള്ളവർക്കെല്ലാം നിശ്ചയമുണ്ട്. ആ ദിവസം മറ്റ‌് ഘോഷങ്ങൾ നടത്തി ‘ശോഭായാത്രയുടെ ശോഭ കെടുത്തരുത്’ എന്ന് ഒരുകൂട്ടം സംഘപരിവാർ പ്രമാണികൾ സർക്കാരിനെ ഒരു കൂട്ടപ്രസ‌്താവനയിലൂടെ താക്കീത് ചെയ്തിരുന്നു. അതിൽ നമ്മുടെ ഭാഷയുടെ വക്താവും സർഗമധുര ശബ്ദവുമായ ഒരു കവിയുടെ ഒപ്പും കണ്ടു. അത് മനസ്സിലുണ്ടാക്കിയ ആഘാതം മാഹിയിലെ വേദിയിൽ സക്കറിയയുടെ പിന്നിലിരുന്ന് ഞാൻ ഓർമിച്ചു.

ഇന്ത്യയെപ്പോലെ മതേതരമായ ഒരു സാംസ്കാരികപാരമ്പര്യം കൈമുതലായ ഒരു രാജ്യത്ത് വർഗീയ ശിഥിലീകരണശക്തികൾക്ക് സമൂഹത്തിൽ ഒറ്റപ്പെട്ടുനിൽക്കേണ്ടി വരും. സ്വാഭാവികമായും എഴുത്തുകാരും ചിന്തകരും സംഗീത, ചിത്ര കലാകാരന്മാരും വർഗീയവാദികളെ അകറ്റിനിർത്തും. മനുഷ്യരെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കുന്നവരുമായി മാനവികതയിൽ വിശ്വസിക്കുന്ന എഴുത്തുകാർക്ക് എന്തു കാര്യം?

ഭരണാധികാരത്തിന്റെ പിന്തുണ ഉണ്ടായിട്ടുപോലും ഇന്ത്യയിൽ സംഘപരിവാറിന് സാംസ്കാരികമായി ഒറ്റപ്പെട്ട് അപമാനിതരായി നിൽക്കേണ്ടി വരുന്നു എന്നത് നാം ജീവിക്കുന്ന ഈ മണ്ണിന്റെ ഉർവരതയാണ് വെളിവാക്കുന്നത്.

സമൂഹത്തിന്റെ സാംസ്കാരികമായ ബഹിഷ്ക്കരണത്തിൽനിന്ന് കരകയറാനുള്ള ശ്രമങ്ങളാണ് അവർ നടത്തിക്കൊണ്ടിരിക്കുന്നത്. ആർഎസ്എസിനെപ്പോലെ കൈയിലിരിപ്പ് മറച്ചുവച്ച് പ്രവർത്തിക്കുന്ന സംഘങ്ങൾ വേറെയുണ്ടാകില്ല. ഗാന്ധിയോടുള്ള അവരുടെ നിലപാടുതന്നെ ഉദാഹരണം.

കേരളത്തിൽ വരുമ്പോൾ ഓന്ത‌് നിറംമാറുന്നപോലെ ദളിത് പ്രേമത്തിന്റെ മുഖം! കേരളത്തിൽ അവതരിച്ച ചില മുസ്ലിം ഭീകര സംഘങ്ങൾ മനുഷ്യാവകാശത്തിന്റെയും സമത്വത്തിന്റെയും ആട്ടിൻതോൽ പുതച്ചാണ് വന്നത്. തങ്ങൾക്കുനേരെ ജനങ്ങളുടെ മതേതര പ്രതിരോധത്തെ മറികടക്കാനാണ് ശ്രമം. സാംസ്കാരികമായി ഒറ്റപ്പെട്ട് അധഃപതിക്കുന്ന വർഗീയ തീവ്രസംഘങ്ങൾ ആരെയാണ് കരകയറാനായി ഉപാധിയാക്കുക എന്നു പറയാനാകില്ല. ആശ്ചര്യകരമായ ഒരു കാര്യം കേരളത്തിൽ സംഘപരിവാർ ശ്രീനാരായണഗുരുവിനെ അവരുടെ ആളാക്കാൻ ശ്രമിച്ചു എന്നതാണ്.

ഗാന്ധിവധത്തിനുശേഷം ഇന്ത്യൻജനത ആത്മാവിൽ വെറുക്കുന്ന ഒരു സംഘടനയാണ് ആർഎസ്എസ്. ബാബ‌്റി മസ്ജിദ് ധ്വംസനവും രക്തപ്പുഴയൊഴുക്കിയ രഥയാത്രകളും ഗുജറാത്തിലെ വംശക്കശാപ്പും പശുസംരക്ഷകരും ദളിത് വേട്ടയും ഒടുവിൽ കഠ‌്‌വയിലെ ക്ഷേത്രത്തിൽ അമർന്നുപോയ കുരുന്നുപെൺകുട്ടിയുടെ നിസ്സഹായ നിലവിളിയും കണ്ടവരും കേൾക്കുന്നവരുമാണ് ഇന്ത്യൻജനത.

ഒന്നേ പറയാനുള്ളൂ: പ്രിയപ്പെട്ട പ്രണബ്ജി, അങ്ങ് അവിടെ പോകരുത്. രാഷ്ട്രീയ ഹിന്ദുത്വത്തിന്റെ സംഹാരതാണ്ഡവങ്ങൾക്ക് അങ്ങ് ചൂട്ടുപിടിച്ചുകൊടുക്കരുത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News