എറണാകുളത്ത് കൈക്കുഞ്ഞിനെ മാതാപിതാക്കൾ പള്ളിയിൽ ഉപേക്ഷിച്ച് കടന്നു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; മാതാപിതാക്കളെ തേടി പൊലീസ്; വിവരങ്ങള്‍ ഇങ്ങനെ

എറണാകുളം ഇടപ്പള്ളി സെന്റ് ജോർജ് പള്ളിയിൽ മൂന്ന് ദിവസം മാത്രം പ്രായമായ കൈക്കുഞ്ഞിനെ മാതാപിതാക്കൾ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. കുഞ്ഞിനെ ഉപേക്ഷിക്കുന്ന ദൃശ്യങ്ങൾ സിസിടിവി കാമറയിൽ വ്യക്തമായി കാണാം.

ഭാര്യയും ഭർത്താവും മൂന്ന് മാസം മാത്രം പ്രായമായ കൈക്കുഞ്ഞും മൂന്ന് വയസ്സ് തോന്നിക്കുന്ന മറ്റൊരു പെൺകുട്ടിയുമായി പള്ളിയിലേക്ക് കടക്കുന്നത് കാമറയിൽ ദൃശ്യമാണ്.

പ്രസവം കഴിഞ്ഞതിന്റെ അവശത  സ്ത്രീയുടെ മുഖത്തും നടത്തത്തിലും വ്യക്തം. വളരെ ബുദ്ധിമുട്ടിയാണ് ഇവർ കുഞ്ഞിനെയും എടുത്ത് പ്രധാന കവാടത്തിലൂടെ പള്ളിയിലേക്ക് പ്രവേശിക്കുന്നത്.

പിന്നീട് പള്ളിയിലെ പാരീഷ് ഹാളിൽ ഒഴിഞ്ഞ മൂലയിൽ റോസ് കളറിലുള്ള ടർക്കിയിൽ പൊതിഞ്ഞ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. പാരീഷ് ഹാളിലേക്ക് ഒറ്റയ്ക്കെത്തിയ ഭർത്താവ് ചുറ്റുപാടും നിരീക്ഷിക്കുന്നതും കുഞ്ഞിന്റെ നെറ്റിയിൽ ഉമ്മ വച്ച ശേഷം നിലത്ത് വയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് പള്ളിയിലുള്ളവർ അറിയുന്നത്. തുടർന്ന് എളമക്കര പൊലീസെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here