ദേശാഭിമാനി ചീഫ് എഡിറ്ററായി പി രാജീവ് ചുമതലയേറ്റു

കൊച്ചി: ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായി സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവ് ചുമതലയേറ്റു.ഉച്ചയ്ക്കുശേഷം തിരുവനന്തപുരം ഓഫീസില്‍ എത്തിയാണ് ചുമതല ഏറ്റത്.

ജനറല്‍ മാനേജര്‍ കെജെ തോമസ് ചടങ്ങില്‍ അധ്യക്ഷനായി. റെസിഡന്റ് എഡിറ്റര്‍ പിഎം മനോജ് സ്വാഗതം പറഞ്ഞു. പത്രത്തിന്റെ മുന്‍ റസിഡന്റ് എഡിറ്ററാണ് പി രാജീവ്.

അമ്പതുകാരനായ പി രാജീവ് 2005 മുതല്‍ സംസ്ഥാന കമ്മിറ്റി അംഗമാണ്. 2015ല്‍ തൃപ്പൂണിത്തുറയില്‍ ചേര്‍ന്ന സിപിഐഎം ജില്ലാ സമ്മേളനത്തിലാണ് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

2018ല്‍ എറണാകുളത്തു ചേര്‍ന്ന ജില്ലാ സമ്മേളനത്തില്‍ വീണ്ടും സെക്രട്ടറിയായി. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു.

1994ല്‍ സിപിഐഎം ജില്ലാകമ്മിറ്റി അംഗമായി. 2009ല്‍ രാജ്യസഭാ അംഗം. രാജ്യസഭ അഷ്വറന്‍സ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. രാജ്യസഭയെ നിയന്ത്രിക്കുന്ന പാനല്‍ ഓഫ് ചെയര്‍മാനുമായി.

ഐക്യരാഷ്ട്രസഭയുടെ രണ്ട് കൗണ്‍സിലുകളില്‍ പങ്കെടുത്തു. 2013 ല്‍ ഐക്യരാഷ്ട്ര പൊതുസഭയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിച്ചു. സിപിഐഎം പാര്‍ലമെന്ററി പാര്‍ടി ഡെപ്യൂട്ടി ലീഡറും രാജ്യസഭയില്‍ ചീഫ് വിപ്പുമായിരുന്നു.

എംപിയായിരിക്കെ ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളില്‍ നടത്തിയ ഇടപെടലുകള്‍ രാഷ്ട്രീയത്തിന് അതീതമായ അംഗീകാരം നേടി. സിപിഐ എം ജില്ലാ സെക്രട്ടറിയായിരിക്കെ രാജീവ് നേതൃത്വം നല്‍കിയ ജൈവപച്ചക്കറി, പാലിയേറ്റീവ്, കനിവ് വീട്, പെരിയാറിനൊരു തണല്‍ തുടങ്ങിയ പദ്ധതികളും സാര്‍വത്രിക പ്രശംസ നേടി. 2001 മുതല്‍ 2010 വരെ ദേശാഭിമാനി റസിഡന്റ് എഡിറ്ററായിരുന്നു.

സ്വാശ്രയ വിദ്യാഭ്യാസനയത്തിനെതിരായ പ്രക്ഷോഭത്തില്‍ പൊലീസ് മര്‍ദനത്തിനിരയായി. ലോക്കപ്പിലും മര്‍ദനമേറ്റു.

1997ല്‍ ക്യൂബയിലും 2010ല്‍ ദക്ഷിണാഫ്രിക്കയിലും നടന്ന ലോക വിദ്യാര്‍ഥിയുവജന സമ്മേളനത്തില്‍ പങ്കെടുത്തു. പൊതുപ്രവര്‍ത്തനരംഗത്തും മാധ്യമരംഗത്തും പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

ആഗോളവല്‍കരണകാലത്തെ ക്യാമ്പസ്, വിവാദങ്ങളിലെ വൈവിധ്യങ്ങള്‍, കാഴ്ചവട്ടം, പുരയ്ക്കുമേല്‍ ചാഞ്ഞ മരം (മറ്റുള്ളവരുമായി ചേര്‍ന്ന്), 1957 ചരിത്രവും വര്‍ത്തമാനവും (എഡിറ്റര്‍) തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചു.

കുസാറ്റ് ലീഗല്‍ സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫ. വാണി കേസരിയാണ് ഭാര്യ. ഹൃദ്യ, ഹരിത എന്നിവര്‍ മക്കള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here