കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതില്‍ അനിശ്ചിതത്വം; നേതാക്കളെ ദില്ലിയിലേക്ക് വിളിപ്പിച്ചു

ദില്ലി: കെപിസിസി അദ്ധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന അനിശ്ചിതത്വങ്ങള്‍ പരിഹരിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ദില്ലിയിലേക്ക് വിളിപ്പിച്ചു.

ഈ മാസം ആറ്,ഏഴ് തീയ്യതികളില്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയതിനുശേഷമായിരിക്കും അദ്ധ്യക്ഷ പ്രഖ്യാപനം. രാജ്യസഭയിലേക്ക് ആരെ പരിഗണിക്കണമെന്നതും യുഡിഎഫ് കണ്‍വീനര്‍ സ്ഥാനവും ചര്‍ച്ചയാവും.

രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, എംഎം ഹസന്‍ എന്നിവരെയാണ് രാഹുല്‍ ഗാന്ധി ദില്ലിയിലേക്ക് വിളിപ്പിച്ചത്. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പുതിയ കെപിസിസി അധ്യക്ഷന്റെ തെരഞ്ഞെടുപ്പുണ്ടാകുമെന്ന് നേരത്തെ തന്നെ കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചെങ്ങന്നൂരില്‍ ന്യൂനപക്ഷ വോട്ടര്‍മാര്‍ പാര്‍ട്ടിയെ കൈവിട്ടെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസിനുണ്ട്.

അതുകൊണ്ട് തന്നെ എ ഗ്രൂപ്പും ഐ ഗ്രൂപ്പും നിര്‍ദേശിച്ച നേതാക്കളെ ദേശീയ നേതൃത്വം പരിഗണിക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന. ഈ സാഹചര്യം കണക്കിലെടുത്ത് കെവി തോമസിനെ അധ്യക്ഷനാക്കണമെന്ന ആവശ്യം കേരളാഘടകം ശക്തമാക്കിയിട്ടുണ്ട്.

സോണിയാ ഗാന്ധിയുടെ ചികിത്സക്കായി രാഹുല്‍ ഗാന്ധി വിദേശത്ത് പോയതിനാല്‍ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി അശോക് ഗഹ്‌ലോട്ട് കേരളാ നേതാക്കളെ വിളിച്ച് അഭിപ്രായം തേടിയിട്ടുണ്ട്.

മുല്ലപ്പള്ളി രാമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, കെവി തോമസ്, കെ സുധാകരന്‍ എന്നിവരാണ് അന്തിമ പട്ടികയില്‍ ഉള്ളതെന്നാണ് സൂചന. കെ മുരളീധരന്റെയും വിഡി സതീശന്റെയും പേരുകള്‍ ഉയര്‍ന്നിരുന്നു എങ്കിലും ഇരുവരും അന്തിമ പട്ടികയിലില്ല.

സംസ്ഥാനത്തെ ഗ്രൂപ്പ്, ജാതി സമവാക്യങ്ങള്‍ക്ക് അതീതന് എന്നതാണ് മുല്ലപ്പള്ളി രാമചന്ദ്രന് തുണയായിരിക്കുന്നത് എന്നാണ് വിലയിരുത്തല്‍. അതോടൊപ്പം സോണിയയുമായും രാഹുലുമായും മുല്ലപ്പള്ളി രാമചന്ദ്രന് അടുത്ത ബന്ധവുമുണ്ട്.

എന്നാല്‍ ഇരു ഗ്രൂപ്പുകളും ഒരു പോലെ നിര്‍ദേശിച്ച പേര്‍ കൊടിക്കുന്നില്‍ സുരേഷിന്റേതാണ് എന്നാണ് വിവരം.പ്രായവും പരിചയ സമ്പത്തും കൊടിക്കുന്നില്‍ സുരേഷിന് അനുകൂലമാണ്.

ആറ്,ഏഴ് തീയ്യതികളില്‍ നടക്കുന്ന ചര്‍ച്ചയില്‍ യുഡിഎഫ് കണ്‍വീനര്‍ രാജ്യസഭ സ്ഥാനാര്‍ത്ഥി തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയാകും. രാജ്യസഭയിലേക്ക യുവാക്കളെ പരിഗണിക്കണമെന്ന യൂത്ത് കോണ്‍ഗ്രസിന്റെയും കെഎസ്യുവിന്റെയും ആവശ്യം കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News