തിരുവനന്തപുരം: കാഞ്ചീപ്പുരം ജില്ലയിലെ ചെങ്കല്‍പേട്ടില്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. അണ്ണാനഗര്‍ സ്വദേശിനിയാണ് മരിച്ചത്.

പത്തനംതിട്ടയില്‍നിന്നും കാണാതായ ജസ്‌നയാണോ മരിച്ചതെന്ന് സംശയമുണ്ടായിരുന്നു. അന്വേഷണത്തിനായി കേരള പൊലീസ് ചെന്നൈയില്‍ എത്തിയിരുന്നു. മൃതദേഹം ജസ്‌നയുടേതല്ലെന്ന് സഹോദരനും വ്യക്തമാക്കിയിരുന്നു.

മൃതദേഹത്തിന് ജസ്‌നയുടേതിനേക്കാള്‍ പ്രായക്കൂടുതല്‍ ഉണ്ടായിരുന്നു. മാത്രമല്ല, പല്ലിലെ കമ്പി ജസ്‌നയുടേതിന് സമാനമല്ലെന്നതും മരിച്ചത് ജസ്‌നയല്ലെന്ന സൂചനയിലേക്ക് എത്തിച്ചേരാന്‍ കാരണമായി.

മെയ് 28നാണ് കുറ്റിക്കാട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിലെ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനി ജെസ്‌നയെ കാണാതായിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.