പാസ്പോര്‍ട്ട് രേഖകൾ ഉപയോഗിച്ച് വിദേശമദ്യം കടത്തി; പ്ലസ് മാക്സ് സിഇഒ അറസ്റ്റില്‍

ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് വിദേശമദ്യം കടത്തിയ സംഭവത്തിന്‍ മലേഷ്യൻ കമ്പനിയായ പ്ലസ് മാക്സ് സിഇഒ അറസ്റ്റിലായി. ആറ് കോടിരൂപയുടെ തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സിഇഒ ആർ സുന്ദരവാസൻ അറസ്റ്റിലായത്. ഡിആർഐ വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

യാത്രക്കാരുടെ പാസ്പോര്‍ട്ട് രേഖകൾ ഉപയോഗിച്ച് ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് വിദേശമദ്യം കടത്തി കരിഞ്ചന്തയില്‍ വില്‍ക്കുകയായിരുന്നു സുന്ദരവാസന്‍. 13000ത്തിലധികം അന്താരാഷ്ട്ര വിമാനയാത്രക്കാരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തല്‍. 2017 സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലത്താണ് തട്ടിപ്പ് നടന്നത്.

കസ്റ്റംസ് നിയമം 104-ാം വകുപ്പ് പ്രകാരമാണ് സുന്ദരവാസനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെംയ്യലിന്‍ കുറ്റങ്ങള്‍ നിഷേധിക്കാന്‍ തക്കതായ രേഖകൾ ഹാജരാക്കാനും സുന്ദരവാസന് കഴിഞ്ഞില്ല. ഇതേതുടര്‍ന്ന് ഇയാൾക്കെതിരേ കൂടുതല്‍ വകുപ്പുകള്‍ കൂടി ചുമത്താനും നീക്കമുണ്ട്.

പരാതികളെ തുടര്‍ന്ന് വിമാനത്താവളത്തിനുള്ളില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പ് നടത്താനുള്ള പ്ലസ് മാക്‌സിന്റെ ലൈസന്‍സ് നേരത്തെ റദ്ദാക്കിയിരുന്നു. സമാന തട്ടിപ്പിന്‍റെ പേരില്‍ പ്ലസ് മാക്‌സിന്റെ പുണെയിലെ ഡ്യൂട്ടി ഫ്രീ ഷോപ്പും അടച്ചുപൂട്ടിയുരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel