ഈ രണ്ട് കാര്യങ്ങളില്‍ വിജയിച്ചാല്‍ പിണറായി നിശ്ചയദാര്‍ഢ്യമുള്ള നേതാവാണെന്ന് സമ്മതിക്കാമെന്ന് കെ സുരേന്ദ്രന്‍; 2016ലെ ആ പോസ്റ്റ് കുത്തിപ്പൊക്കിയപ്പോള്‍, ഇന്നത്തെ നിലപാട് ചോദിച്ച് സോഷ്യല്‍മീഡിയ

തിരുവനന്തപുരം: ബിജെപി നേതാവ് കെ സുരേന്ദ്രന്‍ 2016ല്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ.

ദേശീയപാത വികസനത്തിലും ഗെയില്‍ പൈപ്പ്‌ലൈന്‍ പൂര്‍ത്തീകരണത്തിലും വിജയിക്കാന്‍ കഴിഞ്ഞാല്‍ പിണറായി വിജയന്‍ നിശ്ചയദാര്‍ഡ്യമുള്ള നേതാവാണെന്ന് സമ്മതിക്കേണ്ടി വരുമെന്നാണ് പോസ്റ്റില്‍ സുരേന്ദ്രന്‍ പറയുന്നത്.

സുരേന്ദ്രന്‍ പഴയ പോസ്റ്റില്‍ പറഞ്ഞത് ഇങ്ങനെ:

മുഖ്യമന്ത്രി പിണറായി വിജയന്റെ മുമ്പിലുള്ള രണ്ട് പ്രധാന വെല്ലുവിളികള്‍ ( ഉടനെ വരുന്നത് ) ദേശീയപാതാ വികസനവും GAlL വാതക പൈപ്പ്‌ലൈന്‍ പൂര്‍ത്തീകരണവും ആയിരിക്കും. ഇത് രണ്ടും ഫലപ്രദമായി വിജയിക്കാന്‍ കഴിഞ്ഞാല്‍ അദ്ദേഹത്തിന് അതൊരു നേട്ടം തന്നെയായിരിക്കും. അതത്ര എളുപ്പമാവില്ലെന്നാണ് എന്റെ പക്ഷം. അതിനു പിന്നില്‍ ഒരു രാഷ്ട്രീയമുണ്ട്.

ഇക്കഴിഞ്ഞ നിയമസഭാ തി രെഞ്ഞെടുപ്പില്‍ ഇടതു മുന്നണിയുടെ വിജയത്തിനു പിന്നില്‍ കേരളത്തിലെ മുസ്ലിം പൊളിറ്റിക്‌സിന്റെ സ്വാധീനം ചെറുതല്ല. മുസ്ലിം ലീഗ് UDF ല്‍ ആയിരുന്നെങ്കിലും മുസ്ലിം പൊളിറ്റിക്‌സിന്റെ വക്താക്കളായ SDPI, ജമാ അത്ത ഇസ്ലാമി, കാന്തപുരം സുന്നികള്‍ ,സോളിഡാരിറ്റി എന്നിവ ഇടതുപക്ഷത്തെയാണ് സഹായിച്ചത്. അതു വഴിയാണ് ഹിന്ദു വോട്ടിന്റെ നഷ്ടം അവര്‍ നികത്തിയത്.

ദേശീയപാതാ വികസനത്തിനെതിരായ സമരത്തിനു പിന്നിലും, GAl L സമരത്തിനു പിന്നിലും ഈ മുസ്ലിം പൊളിറ്റിക്‌സാണ്. ആ സമരത്തിന്റെ ബുദ്ധികേന്ദ്രവും സാമ്പത്തിക സ്രോതസും ഈ ശക്തികളാണ്. അവരെ പിണക്കിക്കൊണ്ട് പിണറായി വിജയന് ഇത് രണ്ടിലും നിലപാടെടുക്കാനാകമോ?

ഇനി അഥവാ അങ്ങനെ ഒരു ഉറച്ച നിലപാടെടുത്താല്‍ ഈ സംഘടിത ശക്തികള്‍ ഇടതു പക്ഷത്തിനു നല്‍കുന്ന പിന്തുണ എന്താകും? ഒരു പ്രവചനത്തിനും മുതിരുന്നില്ല ഇതില്‍ രണ്ടിലും വിജയിച്ചാല്‍ പിണറായി വിജയന്‍ നിശ്ചയദാര്‍ഡ്യമുള്ള നേതാവാണെന്ന് സമ്മതിക്കേണ്ടി വരും….

പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷമാണ് കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ 45 മീറ്റര്‍ വീതിയില്‍ ദേശീയപാത മതിയെന്ന് കേന്ദ്രത്തെ ബോധ്യപ്പെടുത്താനായത്.

സ്ഥലമെടുപ്പിനാകട്ടെ ഏറ്റവും മെച്ചപ്പെട്ട പാക്കേജാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിവരുന്നത്. സര്‍ക്കാര്‍ അധികാരത്തില്‍വന്ന് രണ്ടുവര്‍ഷത്തിനകം അതിവേഗത്തിലാണ് നടപടികള്‍ മുന്നോട്ടുപോകുന്നത്.

മാത്രമല്ല, സംസ്ഥാനത്തിന്റെ വികസനകുതിപ്പിന് വഴിതുറക്കുന്ന ഗെയില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കല്‍ പ്രവൃത്തി അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്.

ജനങ്ങളുടെ എല്ലാവിധ ആശങ്കകളും ചര്‍ച്ചയിലൂടെ പരിഹരിച്ചാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പദ്ധതിക്കായി ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരവും ആവശ്യമായ പുനരധിവാസവും സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നുണ്ട്.

ഈ സാഹചര്യത്തില്‍, അന്ന് എഴുതിയ പോസ്റ്റില്‍ സുരേന്ദ്രന്‍ ഇന്നും ഉറച്ചു നില്‍ക്കുകയാണെങ്കില്‍ പിണറായി നിശ്ചയദാര്‍ഢ്യമുള്ള നേതാവാണെന്ന് സമ്മതിക്കണമെന്നാണ് സോഷ്യല്‍മീഡിയയുടെ ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News