ടെറസിന് മുകളില്‍ പേടിപ്പിക്കുന്ന പാവയെന്ന് ബാലന്‍; ഒടുവില്‍ കണ്ടെത്തിയത് നാല് വയസുകാരന്‍റെ ജീര്‍ണിച്ച ജഡം

ടെറസിന് മുകളിലെ പെട്ടിക്കുള്ളില്‍ പേടിപ്പിക്കുന്ന പാവയുണ്ടെന്ന എട്ട് വയസുകാരന്‍റെ പറച്ചില്‍, ചെക്കന്‍റെ കളിതമാശ മാത്രമായെടുത്ത വീട്ടുകാര്‍ ഒടുവില്‍ ചെന്നെത്തിയത് ദുരന്ത മുഖത്ത്.

പേടിപ്പിക്കുന്ന പാവയെക്കുറിച്ച് ആവര്‍ത്തിച്ച് പറഞ്ഞതോടെ ശല്യമൊ‍ഴിവാക്കുന്നതിനായി പാവയുടെ ഫോട്ടോയെടുത്തുകൊണ്ടുവരാന്‍ ബാലനോടാവശ്യപ്പെട്ട വീട്ടുകാര്‍ ഞെട്ടി.

18 മാസം മുമ്പ് കാണാതായ മകന്‍റെ മൃതദേഹമായിരുന്നു പേടിപ്പിക്കുന്ന പാവയുടെ രൂപത്തില്‍ വീടിന് മുകളില്‍ കിടന്നിരുന്നത്.

യു പിയിലെ ഗാസിയാബാദില്‍ ഒന്നര വര്‍ഷം മുമ്പ് കാണാതായ മുഹമ്മദ് സെയ്ദെന്ന നാലുവയസുകാരന്‍റെ മൃതദേഹമാണ് വീടിന് മുകളിലെ മരപ്പെട്ടിയില്‍ നിന്ന് ക‍ഴിഞ്ഞ ദിവസം കണ്ടെടുത്തത്. 2016 ഡിസംബര്‍ ഒന്നിന് വീടിന് പുറത്ത് സ്കൂള്‍ യൂണിഫോമില്‍ കളിക്കിടയിലാണ് സെയ്ദിനെ കാണാതാവുന്നത്.

സെയ്ദിനെ വിട്ടുകിട്ടണമെങ്കില്‍ എട്ട് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ബാര്‍ബര്‍ ഷോപ്പ് ഉടമയായ പിതാവ് നാസര്‍ മുഹമ്മദിന് പലതവണ ഫോണ്‍ കോളുകള്‍ ലഭിച്ചിരുന്നു.

മുഹമ്മദിന്‍റെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയവരെന്ന പേരില്‍ ഇര്‍ഫാന്‍, അഫ്താബ് എന്നീ രണ്ട് പേരെ അറസ്റ്റ്ചെയ്തെങ്കിലും സെയ്ദിനെ കണ്ടെത്താനായിരുന്നില്ല.

മാസങ്ങള്‍ പിന്നിട്ടതോടെ പൊലീസ് അന്വേഷണം നിലച്ചു, മുഹമ്മദും കുടുംബവുമാകട്ടെ പുതിയ സാഹചര്യങ്ങളുമായിപൊരുത്തപ്പെടുകയും ചെയ്തു.

സെയ്ദ് എവിടെയാണെങ്കിലും അല്ലലില്ലാതെ ജീവിച്ചാല്‍ മതിയെന്ന പ്രാര്‍ത്ഥനയിലായിരുന്നു കുടുംബാഗങ്ങള്‍. അവരുടെ ഈ പ്രര്‍ത്ഥന തകര്‍ത്തുകൊണ്ടാണ് ടെറസിന് മുകളിലെ പെട്ടിയില്‍ നിന്ന് ജീര്‍ണിച്ച മൃതശരീരം കണ്ടെത്തുന്നത്.

സെയ്ദിന്‍റെ മൂത്ത സഹോദരന്‍ എട്ടു വയസുള്ള ജുനൈദാണ് പെട്ടിക്കുള്ളില്‍ മൃതശരീരം കിടക്കുന്നത് ആദ്യം കാണുന്നത്. അയല്‍വാസിയായ മുഹമ്മദ് മൊമീനിന്‍റേതാണ് പെട്ടി. രണ്ടടി നീളവും വീതിയുമുള്ള പെട്ടിക്കുള്ളില്‍ ചുരുണ്ടി കൂടിയ നിലയിലായിരുന്നു സെയ്ദിന്‍റെ മൃതദേഹം.

സെയ്ദിനെ കാണാതാവുന്നതിനും ഒരു മാസം മുമ്പ് തനിക്ക് ഒരു ബന്ധു തന്നതാണ് പെട്ടിയെന്നാണ് അയല്‍വാസി മൊമീന്‍റെ അവകാശവാദം. മകളുടെ വിവാഹ ശേഷം പുറന്തള്ളിയ വസ്തുക്കള്‍ക്കൊപ്പമായിരുന്നു ഈ പെട്ടിയെന്നും പൂട്ടിയ നിലയില്‍ കിട്ടിയ പെട്ടി ഇതുവരെ തുറന്നിട്ടില്ലെന്നും മൊമീന്‍ പറയുന്നു.

താനും മുഹമ്മദും തമ്മില്‍ വളരെ നല്ല ബന്ധമാണുള്ളതെന്നും മൊമീന്‍ പറയുന്നു. മൃതദേഹത്തിന്‍റെ പോസ്റ്റ്മോര്‍ട്ടവും ഡിഎന്‍എ പരിശോധനയും നടത്തുമെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News