കത്വ പീഡനം: ഹിന്ദുമതവിശ്വാസികളുടെ പ്രായശ്ചിത്ത ശയന പ്രദക്ഷിണം ഏഴിന്; പങ്കെടുക്കുന്നത് കെപി രാമനുണ്ണി ഉള്‍പ്പെടെ നിരവധി പ്രമുഖര്‍

കണ്ണൂര്‍: ജമ്മു കശ്മീരിലെ കത്വയില്‍ ക്ഷേത്രത്തിനകത്ത് എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിനെതിരെ ഹിന്ദുമത വിശ്വാസികളുടെ പ്രായശ്ചിത്ത ശയന പ്രദക്ഷിണം.

മത വിശ്വാസവും ആരാധനാനാലയങ്ങളും ദുരുപയോഗം ചെയ്യുന്നതിനെതിരെ കണ്ണൂര്‍ കടലായി ക്ഷേത്രത്തില്‍ ഈ മാസം ഏഴിനാണ് പ്രായശ്ചിത ശയന പ്രദക്ഷിണം. കേരള സംസ്‌കൃത സംഘത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന കൂട്ടായ്മയില്‍ എഴുത്തുകാരന്‍ കെപി രാമനുണ്ണി ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുക്കും.

മതവിശ്വാസവും ആരാധനാലയങ്ങളും വര്‍ഗ്ഗീയ ശക്തികള്‍ കാലുഷ്യവും ശത്രുതയും വളര്‍ത്താന്‍ ഉപയോഗിക്കുന്നതിനെതിരെയാണ് ഹിന്ദു മത വിശ്വാസികള്‍ ആത്മീയ പാതയിലൂടെ തന്നെ പ്രതിരോധം തീര്‍ക്കാന്‍ ഒരുങ്ങുന്നത്. സര്‍വ്വ ധര്‍മ്മ സമഭാവനയെന്ന ഹൈന്ദവ ആദര്‍ശം ഉയര്‍ത്തിപ്പിടിച്ചാണ് കണ്ണൂര്‍ ചിറക്കല്‍ കടലായി ശ്രീകൃഷണ ക്ഷേത്രത്തില്‍ ഈ മാസം ഏഴിന് പ്രായശ്ചിത്തശയന പ്രദക്ഷിണം നടത്തുന്നത്.

കത്വ ബലാത്സംഗ കൊല കൊടിയ വേദനയായി ഹിന്ദുക്കള്‍ ഏറ്റെടുക്കണമെന്നും അതിനു പ്രായശ്ചിത്തമായി ശയന പ്രദക്ഷിണത്തില്‍ പങ്കെടുക്കണ്മെന്നും കേരള സംസ്‌കൃത സംഘം കണ്ണൂര്‍ ജില്ലാ ഘടകം അഭ്യര്‍ത്ഥിച്ചു.

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് കെപി രാമനുണ്ണി ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ അന്നേ ദിവസം കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ എത്തും.

ആത്മീയതയ്ക്ക് ഉള്ളില്‍ നിന്ന് കൊണ്ട് ആത്മീയതയെ ചൂഷണം ചെയ്യുന്നതിന് എതിരായ ഉദ്യമാമാണ് ഇതെന്ന് ശിവഗിരി മഠത്തിലെ സ്വാമി ധര്‍മ ചൈതന്യ പറഞ്ഞു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഹിന്ദുമത വിശ്വാസികളും കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരും എഴുത്തുകാരും പ്രായശ്ചിത ശയന പ്രദക്ഷിണത്തില്‍ പങ്കെടുക്കാന്‍ എത്തുമെന്നാണ് പ്രതീക്ഷയെന്നും കേരള സംസ്‌കൃത സംഘം ഭാരവാഹികള്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here