ഒരിക്കല്‍ കൂടി മിമിക്രി അവതരിപ്പിക്കാമോ? അവതാരകന്റെ ചോദ്യത്തിന് കിടിലന്‍ മറുപടി നല്‍കി മമ്മൂക്ക; പൊട്ടിച്ചിരിച്ച് നിറഞ്ഞ കയ്യടി നല്‍കി സദസ്

കൊച്ചി: താന്‍ സിനിമയില്‍ വരുന്നതിന് മൂന്ന് വര്‍ഷം മുന്‍പ് കലാഭവനില്‍ മിമിക്രി തുടങ്ങിയിരുന്നെങ്കില്‍ തന്റെ പേരിനൊപ്പം കലാഭവന്‍ എന്നുകൂടെയുണ്ടാകുമായിരുന്നുവെന്ന് മമ്മൂട്ടി.

കലാഭവന്‍ സ്ഥാപകന്‍ ഫാദര്‍ ആബേലിന്റെ പേരിലുള്ള പ്രഥമ കലാഭവന്‍ പുരസ്‌ക്കാരദാന വേദിയിലായിരുന്നു മമ്മൂട്ടിയുടെ കമന്റ്. 1981ന് മൂന്ന് വര്‍ഷം മുന്‍പാണ് കലാഭവന്‍ മിമിക്രി തുടങ്ങിയിരുന്നതെങ്കില്‍ തന്റെ പേരിന് മുന്‍പ് കലാഭവന്‍ എന്നുണ്ടാകുമായിരുന്നുവെന്ന് മമ്മൂട്ടി പറഞ്ഞപ്പോള്‍ സദസ്സില്‍ നിന്ന് നിറഞ്ഞ കയ്യടി.

താന്‍ പണ്ട് പൊന്നാരിമംഗലത്ത് മിമിക്രി അവതരിപ്പിച്ചതിനെക്കുറിച്ച് മമ്മൂട്ടി ഓര്‍ത്തെടുത്തു. തനിക്ക് ശേഷം അതേ വേദിയില്‍ സിദ്ദിഖും ലാലും ചേര്‍ന്ന് മിമിക്രി അവതരിപ്പിച്ചിട്ടുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

അങ്ങനെയെങ്കില്‍ ഈ വേദിയില്‍ വെച്ച് പഴയകാലത്തെ അനുസ്മരിപ്പിക്കും വിധം ഒരു മിമിക്രി അവതരിപ്പിക്കാമോ എന്ന് മെഗാസ്റ്റാറിനോട് അവതാരകന്‍ ചോദിച്ചു. അതിനുള്ള അദ്ദേഹത്തിന്റെ മറുപടി കേട്ട് സദസ്സ് പൊട്ടിച്ചിരിച്ചു.

കഴിവുള്ള മിമിക്രി കലാകാരന്‍മാര്‍ നല്ല രീതിയില്‍ മിമിക്രി അവതരിപ്പിച്ചുവരുന്നുണ്ട്. താനും തരക്കേടില്ലാതെ അഭിനയിച്ചുവരുന്നു. ഇനി രണ്ടും കൂടിചെയ്ത് ഉള്ളതും കൂടി ഇല്ലാതാക്കേണ്ടെന്നായിരുന്നു സദസ്സിനെ ചിരിപ്പിച്ചുകൊണ്ടുള്ള താരാരാജാവിന്റെ മറുപടി.

കേരളത്തിന്റെ കലാരംഗത്ത് മികവുറ്റ കലാകാരന്‍മാരെ വാര്‍ത്തെടുക്കുന്നതില്‍ കലാഭവന്റെ സംഭാവന വലുതാണെന്നും സംവിധായകന്‍ സിദ്ദിഖിന് അവാര്‍ഡ് സമ്മാനിച്ചുകൊണ്ട് മമ്മൂട്ടി പറഞ്ഞു.

സ്വന്തം കുടുംബത്തില്‍ നിന്നുതന്നെ അംഗീകാരം ലഭിക്കുന്നത് ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം ഇരട്ടി മധുരമാണെന്നും മമ്മൂട്ടി കൂട്ടി ചേര്‍ത്തു.

മിമിക്രി മോഹവുമായി നടന്ന കാലത്ത് കലാഭവനില്‍ ചേരുക എന്നത് തന്റെയും ലാലിന്റെയും സ്വപ്നമായിരുന്നെന്നും അന്ന് കിട്ടിയ സന്തോഷം പിന്നീട് ഒരു നേട്ടങ്ങള്‍ക്കും നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നും അവാര്‍ഡ് ഏറ്റുവാങ്ങിക്കൊണ്ട് സിദ്ദിഖ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News