ഷൈനിക്കും കുട്ടികള്‍ക്കും ഇനി അടച്ചുറപ്പുള്ള വീട്ടില്‍ സുഖമായി കിടന്നുറങ്ങാം; വീട് നിര്‍മ്മിച്ച് നല്‍കിയത് സിപിഐഎം; പാര്‍ട്ടി ചെയ്ത സഹായം വെറും വാക്കുകളില്‍ ഒതുക്കാനാവില്ലെന്ന് സന്തോഷ കണ്ണീരോടെ ഷൈനി

കൊച്ചി: ഏത് കോരിച്ചൊരിയുന്ന മഴയത്തും ഇനി മുതല്‍ ഷൈനിക്കും കുട്ടികള്‍ക്കും അടച്ചുറപ്പുളള വീട്ടില്‍ സുഖമായി കിടന്നുറങ്ങാം.

ഷീറ്റ് മറച്ചുണ്ടാക്കിയ ചായ്പില്‍ മൂന്ന് മക്കളുമായി കഴിഞ്ഞിരുന്ന ഇടപ്പളളി സ്വദേശിനി ഷൈനിക്ക് സിപിഐഎം കളമശേരി ഏരിയ കമ്മിറ്റിയാണ് മനോഹരമായ വീട് നിര്‍മ്മിച്ച് നല്‍കിയത്. സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം കെ രാധാകൃഷ്ണന്‍ വീടിന്റെ താക്കോല്‍ കൈമാറി.

അഞ്ച് വര്‍ഷം മുന്‍പ് ട്രെയിനപകടത്തില്‍ ഭര്‍ത്താവ് നഷ്ടപ്പെട്ട ഷൈനിക്ക് മൂന്ന് മക്കളെ വളര്‍ത്താനുളള നെട്ടോട്ടത്തിനിടയില്‍ സ്വന്തമായി വീടെന്നത് വിദൂര സ്വപ്നം മാത്രമായിരുന്നു.

ബന്ധുവീടിനോട് ചേര്‍ന്ന് ഷീറ്റ് മറച്ചുണ്ടാക്കിയ ചായ്പിലായിരുന്നു ഇടപ്പളളി പീച്ചിങ്ങാപ്പറമ്പില്‍ ഷൈനിനും മക്കളും താമസിച്ചിരുന്നത്. കളമശേരി സിപിഐഎം ഏരിയ കമ്മിറ്റിയാണ് ഇവര്‍ക്ക് സുരക്ഷിതഭവനമൊരുക്കി മാതൃകയായത്. മൂന്ന് സെന്റ് സ്ഥലത്ത് 600 സ്‌ക്വയര്‍ ഫീറ്റില്‍ മനോഹരമായ വീടാണ് നിര്‍മ്മിച്ച് നല്‍കിയത്.

സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം കെ രാധാകൃഷ്ണന്‍ ഷൈനിക്ക് വീടിന്റെ താക്കോല്‍ സമ്മാനിച്ചു. പാര്‍ട്ടി ചെയ്ത സഹായം വെറും വാക്കുകളില്‍ ഒതുക്കാനാവില്ലെന്ന് ഷൈനി.

കളമശേരി ഏരിയ കമ്മിറ്റി നിര്‍മ്മിച്ച് നല്‍കുന്ന മൂന്നാമത്തെ വീടാണിത്. വീടിനായി പണവും സാമഗ്രികളും തന്നവര്‍ക്ക് ഏരിയ സെക്രട്ടറി വി എ സക്കീര്‍ ഹുസൈന്‍ നന്ദിയറിയിച്ചു.

പറവൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹാസ്യകലാകാരനായ സൈനന് നിര്‍മ്മിച്ച വീടും ജില്ലാ സെക്രട്ടറി പി രാജീവ് കൈമാറി.

22-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി എറണാകുളം ജില്ലാ കമ്മിറ്റി ആരംഭിച്ച കനിവ് ഭവന പദ്ധതിയുടെ രണ്ടാംഘട്ടത്തിലാണ് രണ്ട് വീടുകള്‍ കൈമാറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here