108 ആംബുലന്‍സ് അഴിമതി കേസില്‍ മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണയെ പ്രതിയാക്കി സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍ ഈ കേസില്‍ ആരോപണവിധേയരായ രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്, പിസിസി അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ സച്ചിന്‍ പൈലറ്റ്, മുന്‍ ധനമന്ത്രി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി എന്നിവരെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും അന്വേഷണം തുടരുമെന്ന് സിബിഐ അറിയിച്ചിട്ടുണ്ട്.

രാജസ്ഥാനിലെ 108 ആംബുലന്‍സ് പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണയ്‌ക്കെതിരെ വഞ്ചന, ക്രിമിനല്‍ ഗുഢാലോചന, വ്യാജ രേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് സിബിഐ ചുമത്തിയിരിക്കുന്നത്. 2010ല്‍ അശോക് ഗെലോട് സര്‍ക്കാര്‍ രാജസ്ഥാന്‍ ഭരിക്കുന്ന കാലത്ത് രവി കൃഷ്ണ മോധാവിയായ കമ്പനിക്ക് 108 ആംബുലന്‍സ് കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ടാണ് അഴിമതി നടന്നത്.

സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് 23 കോടി രൂപ കമ്പനി അനധികൃതമായി കൈക്കലാക്കിയെന്നാണ് കേസ്. എന്നാല്‍ രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മുന്‍ കേന്ദ്രമന്ത്രി സച്ചിന്‍ പൈലറ്റ്, മുന്‍ ധനമന്ത്രി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി, മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണ എന്നിവരെ പ്രതിയാക്കി രാജസ്ഥാന്‍ പൊലീസ് പ്രഥമവിവര റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

തുടര്‍ന്ന് രാജസ്ഥാന്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥനപ്രകാരം സിബിഐ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. ഇപ്പോള്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ആരോപണവിധേയരായ സച്ചിന്‍ പൈലറ്റ്, കാര്‍ത്തി, അശോക് ഗെലോട്ട്, എന്നിവരുടെ പേരുകളില്ല. അതേസമയം അന്വേഷണം തുടരുകയാണെന്നും ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ പിന്നീട് പ്രതി ചേര്‍ക്കാനിടയുണ്ടെന്നും സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേസന്വേഷണത്തിനു മുന്നോടിയായി രവി കൃഷ്ണ, സ്വേത മന്‍ഗല്‍ എന്നീ രണ്ടു ഡയറക്ടര്‍മാരുടെ 11.57 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്‌മെന്റ് ജപ്തി ചെയ്തിരുന്നു. ജയ്പൂര്‍ കോടതിയിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്