നോമ്പ് തുറക്കാന്‍ ഫുട്ബോള്‍ ടീമിന്‍റെ പുതുവ‍ഴി; സഹതാരങ്ങള്‍ക്ക് നോമ്പ് തുറക്കാന്‍ ഗോളിയുടെ ത്യാഗം

നാല് വര്‍ഷത്തിലൊരിക്കലെത്തുന്ന ലോകകപ്പും അതിന് മുന്നോടിയായുള്ള സന്നാഹ മത്സരവുമാണെങ്കിലെന്ത്. നോമ്പുതുറ ഇസ്ലാം മതവിശ്വാസിക്ക് മുടക്കാനാവില്ല. അത് രാജ്യാന്തര ഫുട്ബോള്‍ താരമാണെങ്കില്‍പ്പോലും. സൗഹൃദ മത്സരത്തിനിടയില്‍ നോമ്പ് തുറക്കാന്‍ വേറിട്ട വ‍ഴി കണ്ടെത്തിയത് ടുണീഷ്യന്‍ ഫുട്ബോള്‍ ടീമാണ്.

മെയ് 28ന് പോര്‍ച്ചുഗലിനെതിരായ ലോകകപ്പ് സൗഹൃദ മത്സരത്തിനിടെ നോമ്പ് തുറക്കാന്‍ ടുണീഷ്യന്‍ ടീമിന് വ‍ഴിയൊരുക്കിയത് ഗോള്‍ കീപ്പര്‍ മൊസ് ഹസന്‍റെ പരുക്കാണ്. കളിയുടെ 58ാം മിനിട്ടില്‍ മൗസ് ഹസന്‍ പരുക്ക് അഭിനയിച്ച് വീണതോടെ സഹതാരങ്ങള്‍ നോമ്പ് തുറക്കാനായി സൈഡ് ലൈനിലേക്കോടിയെത്തി.

സപ്പോര്‍ട്ടിങ്ങ് സ്റ്റാഫ് ഈന്തപ്പ‍ഴവും വെള്ളവും നല്‍കി താരങ്ങള്‍ക്ക് നോമ്പ്തുറയുമൊരുക്കി. ഒന്നിനെതിരെ രണ്ട് ഗോളിന് ടുണീഷ്യന്‍ ടീം പൊര്‍ച്ചുഗലിനോട് പൊരുതി നില്‍ക്കുന്ന സമയത്തായിരുന്നു ഗോളിയുടെ ഫൗള്‍ പരുക്ക്. ആറ് മിനിട്ടിനു നീണ്ട പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം ഹസന്‍ എ‍ഴുന്നേറ്റതോടെ മത്സരം പുന:രാരംഭിച്ചു. ഒരു ഗോള്‍ തിരിച്ചടിച്ച ടുണീഷ്യ പോര്‍ച്ചുഗലിനെ സമനിലയില്‍ തളയ്ക്കുകയും ചെയ്തു.

ചരിത്രം ആവര്‍ത്തിക്കാറില്ലെന്നാണ് പൊതുവായ വിശ്വാസം. പക്ഷേ ജനീവയില്‍ നാല് ദിവസങ്ങള്‍ക്ക് ശേഷം ഈ ചരിത്രം വീണ്ടും വന്നെത്തി. തുര്‍ക്കിക്കെതിരായ മത്സരത്തിന്‍റെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഗോളി മൗസ് ഹസന്‍ പരുക്കേറ്റ് വീണു.

ടുണീഷ്യന്‍ താരങ്ങള്‍ ഹസനെ നോക്കാതെ സൈഡ് ബെഞ്ചില്‍ ടീം ഒഫിഷ്യല്‍സിനടുത്തേക്ക് പാഞ്ഞു. പതിവുപോലെ ഡേറ്റ്സും വെള്ളവും ക‍ഴിച്ച് നോമ്പ് തുറന്നു. ആദ്യ മത്സരത്തിലേതുപൊലെ ഒരു ഗോളിന് പിന്നിട്ട നിന്നിരുന്ന ടുണീഷ്യ ഗോളിയുടെ പരുക്കിന് ശേഷം ഉയിര്‍ത്തെ‍ഴുന്നേറ്റു. മത്സരം 2-2 ന് സമനിലയില്‍ പിരിഞ്ഞു.

വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ടുണീഷ്യയ്ക്ക് ലോകകപ്പില്‍ ഈ പരുക്ക് തന്ത്രം ആവര്‍ത്തിക്കേണ്ടി വരില്ല. പെരുന്നാളിന് ശേഷം ഈ മാസം 18ന് ഇംഗ്ലണ്ടിനെതിരരെയാണ് ടുണീഷ്യയുടെ ആദ്യ ലോകകപ്പ് മത്സരം. 12 വര്‍ഷത്തിന് ശേഷമാണ് ടുണീഷ്യ ലോക ഫുട്ബോള്‍ മത്സരത്തിനെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News