കണ്ണൂരിനൊരു ഹരിത കവചം: സിപിഐഎമ്മിന്‍റെ നേതൃത്വത്തിൽ ഒരു ലക്ഷം ഫല വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു

കണ്ണൂരിനൊരു ഹരിത കവചം പദ്ധതിയുടെ ഭാഗമായി സി പി ഐ എം നേതൃത്വത്തിൽ ജില്ലയിൽ ഒരു ലക്ഷം ഫല വൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചു. അൻപതിനായിരം വീടുകളിൽ മാവ്,പ്ലാവ് തൈകൾ നട്ട് അതിന്റെ സംരക്ഷണമാണ് സി പി ഐ എം പ്രവർത്തകർ ഏറ്റെടുത്തിരിക്കുന്നത്.

പ്ലാസ്റ്റിക് മാലിന്യ നിർമാർജനം,പുഴ സംരക്ഷണം തുടങ്ങി കഴിഞ്ഞ രണ്ടു മാസങ്ങളിലായി തുടരുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് വൃക്ഷ തൈകൾ നട്ടത്.

എല്ലാ വിഭാഗം ജനങ്ങളെയും സഹകരണം ഉറപ്പു വരുത്തി ബഹുജന പിന്തുണയോടെയാണ് കണ്ണൂർ ജില്ലയിൽ സി പി ഐ എം കണ്ണൂരിനൊരു ഹരിത കവചം പദ്ധതി നടപ്പാക്കുന്നത്.

ഇതിന്റെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തിൽ ജില്ലയിൽ ഒരു ലക്ഷം ഫല വൃക്ഷ തൈകൾ നട്ടു. കേന്ദ്ര കമ്മിറ്റി അംഗങ്ങൾ മുതൽ ബ്രാഞ്ച് അംഗങ്ങൾ വരെയുള്ളവർ സ്വന്തം വീടുകളിലും പൊതു ഇടങ്ങളിലും വൃക്ഷത്തെ നട്ടു പിടിപ്പിച്ചു.

സി പി ഐ എം നേതാക്കളെ കൂടാതെ ജനപ്രതിനിധികളും പരിസ്ഥിതി പ്രവർത്തകരും സാംസ്‌കാരിക പ്രവർത്തകരും പരിസ്ഥിതി സംരക്ഷണ യജ്ഞത്തിൽ പങ്കാളികളായി. ആവശ്യമായ പ്ലാവ് മാവ് തൈകൾ പ്രത്യേക നഴ്സറികൾ ഉണ്ടാക്കി പാർട്ടി പ്രവർത്തകർ തന്നെയാണ് മുളപ്പിച്ചെടുത്തത്.

കൂത്തുപറമ്പിൽ ജില്ലാ സെക്രട്ടറി പി ജയരാജൻ, മയ്യിലിൽ കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ടീച്ചർ,ബക്കളത് കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി കൃഷ്ണൻ പേരാവൂരിലും കെ കെ രാഗേഷ് അഞ്ചരക്കണ്ടിയിലും വി ശിവദാസൻ കണ്ണൂരിലും പങ്കെടുത്തു.

മറ്റു ഏരിയ കേന്ദ്രങ്ങളിൽ ജില്ലാ സെക്രെറ്ററിയേറ്റ് അംഗങ്ങളും നേതൃത്വം നൽകി.നട്ടു പിടിപ്പിച്ച വൃക്ഷ തൈകളുടെ സംരക്ഷണം ഉറപ്പു വരുത്താൻ നിരീക്ഷണ സംവിധാനവും ഒരുക്കും.

കണ്ണൂരിനൊരു ഹരിത കവചം പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക്ക് മാലിന്യ നിർമാർജനം,പുഴ കണ്ടൽ സംരക്ഷണം കാവ് സംരക്ഷണം തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് സി പി ഐ എം ഏറ്റെടുത്തിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here