സംഘപരിവാര്‍ സൂത്രം കടമെടുത്ത് കോണ്‍ഗ്രസ്സിന്റെ ഗീബത്സിയന്‍ തന്ത്രം

ചെങ്ങന്നൂരിലെ തോല്‍വിക്ക് പിണറായിയില്‍ വോട്ടുകുറഞ്ഞെന്ന മറുപടി അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ മേക്കിട്ട് കയറുന്നതുപോലെയാണ്.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ചരിത്രവിജയമാണ് നല്‍കിയത്. എല്ലാ പഞ്ചായത്തിലും എല്‍ഡിഎഫിന് ഭൂരിപക്ഷം കിട്ടി.

ഇപ്പോഴത്തെ പ്രതിപക്ഷ നേതാവിന്റെ സ്വന്തം പഞ്ചായത്തായ ചെന്നിത്തലയില്‍ 2353 ഉം അദ്ദേഹം വോട്ട് ചെയ്ത 130ാം നമ്പര്‍ ബൂത്തില്‍ 177വോട്ടിന്റെയും ഭൂരിപക്ഷമാണ് എല്‍ഡിഎഫിന് കിട്ടിയത്.

അമ്പേ തോറ്റ കോണ്‍ഗ്രസ്സിന് മറ്റൊരു ന്യായവും കണ്ടെത്താന്‍ കഴിയാതിരുന്നതിന് മുഖ്യമന്ത്രിയുടെ ബൂത്തില്‍ 2009ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഭൂരിപക്ഷം കിട്ടി എന്ന പച്ചക്കള്ളം നിയമസഭയില്‍ പറയാന്‍ മടിയുണ്ടായില്ല.

മുഖ്യമന്ത്രി എല്ലാ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്യുന്ന ബൂത്ത് പിണറായി ഗ്രാമപഞ്ചായത്തിലെ ഓലയമ്പലത്തുള്ള ആര്‍സി അമല ബേസിക് യു.പി.സ്‌കൂള്‍ തെക്ക് ഭാഗം 136ാം നമ്പര്‍ ബൂത്താണ്.

2016ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 748 വോട്ടിന്റെ ഭൂരിപക്ഷമാണ് ഈ ബൂത്തില്‍ ഉണ്ടായത്. പിണറായി പഞ്ചായത്തില്‍ മൊത്തം 10615 വോട്ടിന്റെ ഭൂരിപക്ഷവും. 2016ലെ ഈ വന്‍ഭൂരിപക്ഷം മാത്രമല്ല, 2009 ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പുകളില്‍ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ട് ചെയ്ത ബൂത്തില്‍ എല്‍ഡിഎഫിന്റെ വോട്ട് ഓഹരി 1200ല്‍ 906 ആണ് (75 ശതമാനം).

ചെന്നിത്തലയിലാവട്ടെ മിക്ക തെരഞ്ഞെടുപ്പുകളിലും യുഡിഎഫിനാണ് ഭൂരിപക്ഷം കിട്ടാറ്. ഇന്നത്തെ പ്രതിപക്ഷ നേതാവ് സാധാരണ ഗതിയില്‍ വോട്ടുചെയ്യുന്ന ഗവ. യു.പി. സ്‌കൂള്‍ തൃപ്പെരുന്തുറയില്‍ എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ 177 വോട്ടിന്റെ ഭൂരിപക്ഷം എല്‍ഡിഎഫിനാണ്.

ഈ തിളക്കമാര്‍ന്ന വിജയത്തെ പച്ചക്കള്ളം കൊണ്ട് മറച്ചുവെക്കാന്‍ കഴിയില്ല. പ്രതിപക്ഷ നേതാവ് നിയമസഭയില്‍ സൂചിപ്പിച്ച പോളിങ്ങ് സ്‌റ്റേഷന്‍ മമ്പറം യു.പി. സ്‌കൂളാണ്. മമ്പറം മാധവനെപ്പോലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥിരമായി വോട്ടുചെയ്യുന്ന പോളിങ്ങ് സ്‌റ്റേഷനാണത്.

അവിടെ ഒരു തെരഞ്ഞെടുപ്പിലും ഇന്നത്തെ മുഖ്യമന്ത്രി വോട്ടുചെയ്തിട്ടില്ല. വസ്തുത ഇതായിരിക്കെ ആടിനെ പട്ടിയാക്കുന്ന പ്രചാരണത്തില്‍ ആരും കുടുങ്ങിപ്പോകരുത്. പ്രതിപക്ഷ നേതാവ് പ്രസംഗിച്ചത് മനസ്സിലാക്കാം. അത് നിയമസഭയിലാണു താനും.

എന്നാലത് സത്യമാണോ എന്ന് പരിശോധിക്കാതെ മാധ്യമങ്ങള്‍ എഴുതിവിട്ടത് ഒരു നുണ ആവര്‍ത്തിച്ചാല്‍ സത്യമാകുമെന്ന ഗീബല്‍സിയന്‍ തന്ത്രമാണോ? ഇവിടെയും അന്തിമമായി ജനങ്ങള്‍ വിലയിരുത്തട്ടെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News