ഫുട്‌ബോള്‍: ഒരേ സമയം യുദ്ധവും സമാധാനവും

‘In football everything is complicated by the presence of the opposite team.’ JeanPaul Satrre

ഫുട്‌ബോള്‍ മറ്റെന്തല്ല എന്നായിരിക്കും ഫുട്‌ബോളിനെ കുറിച്ച് ഒരു ശരാശരി കളിപ്രേമിയുടെ മറുപടി. അത്രമേല്‍ അവര്‍ക്കതെല്ലാമാണ്. ഊഹങ്ങള്‍ക്ക് നടുവിലൂടെ തീപിടിച്ചു പായുന്ന തുകല്‍ പന്ത് ഒരു ജനതയുടെ ഇതഃപര്യന്തമായ ജീവചരിത്രത്തിന്റെ ഉയിരുമുയിര്‍പ്പും പേറുന്നുണ്ട്.

സമാനമായ അര്‍ത്ഥത്തില്‍ മൈതാനത്ത് രണ്ടു രാജ്യങ്ങള്‍ തമ്മില്‍ കളിക്കുമ്പോള്‍ രണ്ടു ജനതയുടെ ആത്മാഭിമാനമാണ് ഏറ്റുമുട്ടുന്നത്. ആയതിനാല്‍ ഫുട്‌ബോള്‍ ഒരേ സമയം യുദ്ധവും സമാധാനവുമാണ് നമുക്ക്.

കളി യുദ്ധത്തിനും മീതെ ആളിക്കത്തുന്ന കാലത്താണ് സോക്കര്‍ വാര്‍ അരങ്ങേറുന്നത്. 1970ലെ മെക്‌സിക്കോ ലോകകപ്പിന്റെ ലാറ്റിനമേരിക്കന്‍ യോഗ്യത റൗണ്ട് കളിച്ച ഹോണ്ടുറാസും എല്‍ സാല്‍വഡോറും തമ്മില്‍ 1969 ജൂലായ് 14നു ആരംഭിച്ച യുദ്ധം ഏകദേശം 6 ദിവസത്തോളം 100മണിക്കൂര്‍ നീണ്ടു നിന്നു.

ആദ്യത്തെ രണ്ടു മത്സരങ്ങള്‍ കളിച്ചപ്പോള്‍ പരമ ദരിദ്ര രാജ്യങ്ങള്‍ യുദ്ധത്തിലേക്ക് തിരിയുന്ന കാഴ്ച കണ്ടു ലോകം ഞെട്ടി. 6000ത്തോളം പേര്‍ കൊല്ലപ്പെടുകയും അതിന്റെ ഇരട്ടിയോളം ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

നിരവധി വാഹനങ്ങളും കടകമ്പോളങ്ങളും വീടുകളും തകര്‍ക്കപ്പെട്ടു. പൊതുവെ ദരിദ്രരായ ജനങ്ങള്‍ അഭയാര്‍ഥികളായി പലായനം ചെയ്യപ്പെട്ടു. നഷ്ടം മാത്രമായിരുന്നു യുദ്ധത്തിന്റെ ഫലം. ഇരു രാഷ്ട്രങ്ങള്‍ക്കും വിജയം അവകാശപ്പെടാനായില്ല.

1970ലെ ലോകകപ്പിന്റെ യോഗ്യതാ മത്സരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ഇരു ടീമുകളും. ആദ്യത്തെ കളി 1969ജൂണ്‍ 8നു ഹോണ്ടുറാസിന്റെ തലസ്ഥാനമായിരുന്ന തെഗുല്‍ചികള്‍പ്പയില്‍ വെച്ചു നടന്നു. മത്സരത്തിന്റെ തലേ ദിവസം സാല്‍വദോര്‍ ടീം താമസിച്ച ഹോട്ടലിനെ അക്ഷരാര്‍ത്ഥത്തില്‍ ഹോണ്ടുറസിന്റെ ആരാധകര്‍ വളയുകയായിരുന്നു.

അവര്‍ ഹോട്ടലിന്റെ ജനാലകളിലേക്കു കല്ലുകളെറിഞ്ഞു ഇടവിട്ട് പടക്കം പൊട്ടിച്ചു. തകര പാട്ടകള്‍ കൊട്ടി ശബ്ദമുണ്ടാക്കി.കാറുകള്‍ നിര്‍ത്തിയിട് നിര്‍ത്താതെ ഹോണ്‍ മുഴക്കി രാത്രി പുലരും വരെ ഈ ആക്രോശം തുടര്‍ന്നു.

ഉറങ്ങാത്ത സാല്‍വദോര്‍ ടീമിനെ മൈതാനത്ത് എളുപ്പത്തില്‍ കീഴടക്കാം എന്ന ചിന്തയായിരുന്നു ഇതിനു പിന്നില്‍. പിറ്റേന്ന് ഉറക്കച്ഛവടുള്ള സാല്‍വദോറിനെ ഹോണ്ടുറാസ് എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചു.

ഹോണ്ടുറാസിന്റെ റോബര്‍ട്ടോ കാര്‍ഡോണാ കളിയുടെ അവസാന നിമിഷം വിജയഗോള്‍ നേടി. വീട്ടിലിരുന്നു ടെലിവിഷനില്‍ കളികാണുകയായിരുന്ന പതിനെട്ടു വയസുള്ള സാല്‍വദോര്‍ പെണ്‍കുട്ടി അമേലിയ ബോലാനിയോസ് തോല്‍വിയുടെ ആഘാതം സഹിക്കാന്‍ വയ്യാതെ അച്ഛന്റെ തോക്ക് കൊണ്ട് സ്വയം വെടിവെച്ചു ആത്മഹത്യ ചെയ്തു.

സാല്‍വദോര്‍ ജനത മുറിവേറ്റ സിംഹത്തെപ്പോലെ ഉണര്‍ന്നു. രാജ്യവ്യാപമായി ഹോണ്ടുറാസ് വിരുദ്ധ വികാരം ഉയര്‍ന്നു. ‘തന്റെ പിതൃരാജ്യം മുട്ടുകുത്തുന്നത് സഹിക്കാന്‍ ആ പെണ്‍കുട്ടിക്ക് കഴിഞ്ഞില്ല ‘സാല്‍വദോറിലെ എല്‍ നാഷ്യനല്‍ പിറ്റേന്ന് എഴുതി. അമേലിയയുടെ ശവസംസ്‌കാര ചടങ്ങു രാജ്യത്തിന്റെ ഔദ്യോഗിക ബഹുമതികളോടെ നടന്നു.

രാഷ്ട്രത്തലവനും മന്ത്രിമാരും മൃതദേഹത്തിന് പിറകിലായി നടന്നു. ഏറ്റവും മുന്നിലായി ഒരു സൈനികന്‍ രാജ്യത്തിന്റെ പതാക ഏന്തി. തോല്‍വിക്ക് ശേഷം മൃഗീയമായി അപമാനിക്കപ്പെട്ട സാല്‍വദോര്‍ ടീം ശവഘോഷയാത്രയില്‍ അണിനിരന്നു.

ശവസംസ്‌കാരം ദേശീയ ടെലിവിഷന്‍ മുഴുവന്‍ സമയം സംപ്രേക്ഷണം ചെയ്തു. തിരിച്ചടിക്കു വേണ്ടി സാല്‍വദോര്‍ ജനത കാത്തിരുന്നു.

ഒരാഴ്ച കഴിഞ്ഞു എവേ മത്സരത്തിനായി ഹോണ്ടുറാസ് സാല്‍വദോറില്‍ എത്തി. ഇത്തവണ കോപാകുലരായ ജനങ്ങള്‍ ഹോണ്ടുറാസ് ടീം താമസിച്ച ഹോട്ടലിന്റെ ജനലുകള്‍ തകര്‍ത്തു. ചീമുട്ടകളും ചത്ത എലികളെയും ജനലിലൂടെ വലിച്ചെറിഞ്ഞു. ഉറക്കമില്ലാത്ത രാത്രി ആയിരുന്നു ഹോണ്ടുറാസിന്.

സൈന്യത്തിന്റെ യന്ത്രകവചിത വാഹങ്ങളിലായിരിന്നു ഹോണ്ടുറാസ് ടീമിനെ മൈതാനത്ത് എത്തിച്ചത്. വഴിയരികില്‍ അമേലിയയുടെ ചിത്രങ്ങളേന്തിയ ജനങ്ങള്‍ അവരെ കൂവിവിളിച്ചു. സാല്‍വദോറിലെ വിദഗ്ധ സൈനീക സംവിധാനമായ ഗാര്‍ഡിയന്‍ മൈതാനത്തിനു ചുറ്റും യന്ത്ര തോക്കുകളുമായ് നിലയുറപ്പിച്ചു.

ഹോണ്ടുറാസിന്റെ ദേശീയഗാന സമയത്ത് ജനക്കൂട്ടം അലറുകയും ചൂളം വിളിക്കുകയും ഹോണ്ടുറാസിന്റെ ദേശീയ പതാകക്ക് പകരം കീറത്തുണി ഉയര്‍ത്തി. ജനക്കൂട്ടത്തെ ആവേശത്തിലാഴ്ത്തി ഹോണ്ടുറാസിന്റെ പതാക കത്തിച്ചു.

എങ്ങനെയെങ്കിലും അവിടെ നിന്നു സ്വന്തം നാട്ടിലെത്തുക എന്ന വിചാരം മാത്രമേ ഹോണ്ടുറാസ് കളിക്കാര്‍ക്കുണ്ടായിരുന്നുള്ളു. മത്സരം എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് സാല്‍വദോര്‍ വിജയിച്ചു.

പ്രതികാര ദാഹികളായ ജനക്കൂട്ടത്തില്‍ നിന്നു ഒരു കണക്കിന് രക്ഷപെട്ട ഹോണ്ടുറാസ് ടീം മൈതാനത്തു നിന്നും സൈന്യത്തിന്റെ വാഹനത്തില്‍ വിമാനത്താവളത്തില്‍ എത്തിച്ചു. എന്നാല്‍ മത്സരം കാണാനെത്തിയ ഹോണ്ടുറാസ് ആരാധകര്‍ ഭീകരമായി വേട്ടയാടപ്പെട്ടു. രണ്ടുപേര്‍ കൊല്ലപ്പെടുകയും നിരവധി ആളുകള്‍ മൃതപ്രായരാവുകയും ചെയ്തു.

ഒട്ടേറെ വാഹനങ്ങള്‍ കത്തിച്ചാമ്പലായി. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി അടച്ചു. ഹോണ്ടുറാസും സാല്‍വഡോറും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി. ബോംബര്‍ വിമാനങ്ങള്‍ ഇരുരാജ്യത്തും കനത്ത നാശം വിതച്ചു.നൂറു മണിക്കൂര്‍ യുദ്ദം ദരിദ്രരെ കൂടുതല്‍ ദരിദ്രരാക്കി.
യഥാര്‍ത്ഥത്തില്‍ ഫുട്‌ബോള്‍ മത്സരമായിരുന്നില്ല യുദ്ധത്തിന്റെ മൂല കാരണം.

മറ്റെല്ലാ ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളെയും പോലെ അമേരിക്കന്‍ യുണൈറ്റഡ് ഫ്രൂട്ട് കമ്പനിയുടെ നുകത്തിനു കീഴില്‍ അമര്‍ന്നു കിടക്കുകയായിരുന്നു ഹോണ്ടുറാസും സല്‍വാഡോറും.യുദ്ധക്കൊതിയന്മാരും മയക്കുമരുന്ന് മാഫിയകളും അധോലോകവും അവരുടെ ശിങ്കിടികളായ ഭരണകൂടവും ജനങ്ങളെ കൊള്ളയടിച്ചു.

ഭൂമി കുറച്ചു ജന്മിമാരുടെ കൈകളിലായിരുന്നു.ഭൂമിയില്‍ കൃഷിചെയ്തിരുന്ന കര്‍ഷകരുടെയും കുടിയന്മാരുടെയും അവസ്ഥ ഏറെ ദയനീയമായിരുന്നു. ഭൂമി പിടിച്ചെടുത്ത് കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനുള്ള ശേഷി അധോലോകത്തിന്റെ മൂടുതാങ്ങികളായ ഭരണകൂടത്തിനുണ്ടായിരുന്നില്ല.ഹോണ്ടുറാസിലും സാല്‍വദോറിലും ലാറ്റിനമേരിക്കയുടെ പൊതുവികാരം ഇടയ്ക്കിടെ പൊട്ടി പുറപ്പെട്ടു.

എല്ലാം ദയാരഹിതമായി അടിച്ചമര്‍ത്തപ്പെട്ടു.സാല്‍വദോറില്‍ നിന്നു തലമുറകളായി ഹോണ്ടുറാസിലേക്ക് കുടിയേറിയ കര്‍ഷകര്‍ അധ്വാനിച്ചു.അവര്‍ക്കു സ്വന്തമായി കൃഷിഭൂമി ഉണ്ടാക്കി.ഹോണ്ടുറാസിലെ കുടിയാന്മാര്‍ സമരം ആരംഭിച്ചപ്പോള്‍ സാല്‍വദോറിലെ കുടിയേറ്റ കര്‍ഷകര്‍ കാരണമാണ് ഭൂമി ലഭിക്കാത്തതെന്നു ഭരണകൂടം അവരെ തെറ്റിദ്ധരിപ്പിച്ചു.

1962ല്‍ ഹോണ്ടുറാസില്‍ land reform act പാസാക്കപ്പെട്ടു.നിയമമനുസരിച്ചു കുടിയേറ്റക്കാരായ സാല്‍വദോര്‍ വംശജര്‍ തങ്ങളുടെ ഭൂമി തദ്ദേശീയരായ ഹോണ്ടുറാസ്‌കാര്‍ക്ക് ഒഴിഞ്ഞു കൊടുക്കണം.1967ല്‍ ഭരണകൂടം ഇത് നടപ്പാക്കി തുടങ്ങി.

ഹോണ്ടുറാസ് വംശജരെ വിവാഹം ചെയ്ത സാല്‍വദോര്‍ വംശജര്‍ ഇതിനെതിരെ രംഗത്തു വന്നു.ആയിരക്കണക്കിന് സാല്‍വദോര്‍ വംശജര്‍ ജോലി നഷ്ടമായി.കുടിയേറ്റ ജനത രാജ്യം വിടേണ്ടി വന്നു.

സാല്‍വദോറില്‍ പ്രദേശികവാദത്തെ തുടര്‍ന്നു കലാപത്തിന്റെ വക്കിലായിരുന്നു. സമരത്തെ ശമിപ്പിക്കാന്‍ ഭരണകൂടം പ്രാദേശിക വാദം ഉയര്‍ത്തികൊണ്ടുവരുന്നതിനിടെയാണ് ഹോണ്ടുറാസ് സാല്‍വദോര്‍ ലോകകപ്പ് യോഗ്യതാ മത്സരം നടന്നത്.ഫുട്‌ബോള്‍ തുറന്ന യുദ്ധത്തിലേക്കെത്തി.

യുദ്ധമുണ്ടാകേണ്ടത് ഇരു രാഷ്ട്രങ്ങളിലേയും ഭരണകൂടത്തിന്റെ ആവശ്യമായിരുന്നു. അഴിമതിയും ജനരോഷവും മായ്ച്ചു കളയാന്‍ യുദ്ധത്തെ മറയാക്കി.മൂന്നാമത്തെ മത്സരം 32നു ജയിച്ചു ലാറ്റിനമേരിക്കയില്‍ നിന്നു എല്‍ സാല്‍വദോര്‍ 1970ലെ ലോകകപ്പ് കളിക്കുകയുണ്ടായി.

അമേരിക്കയുടെ ഇടപെടലോടെ സാല്‍വദോര്‍ ഹോണ്ടുറാസില്‍ നിന്നു സൈന്യത്തെ പിന്‍വലിച്ചു. യുദ്ധത്തിന് വിരാമമായി.യുദ്ധത്തെ തുടര്‍ന്നു 250000 സാല്‍വദോര്‍ ജനത അഭയാര്‍ഥികളായി.

രിസാര്‍ഡ് കാപുചിന്‍സ്‌കി എന്ന വിഖ്യാത പോളിഷ് പത്രറിപ്പോര്‍ട്ടറാണ് സോക്കര്‍ വാര്‍ എന്ന പേരില്‍ നൂറുമണിക്കൂര്‍ യുദ്ദം പുറംലോകത്തെ അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here