മാലിന്യപ്രശ്‌നം: കോഴിക്കോട് ശോഭാ ഗ്രൂപ്പ് ലേബര്‍ ക്യാമ്പിന്റെ പ്രവര്‍ത്തനത്തില്‍ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് തേടി; ക്യാമ്പ് അടച്ചുപൂട്ടണമെന്ന് പെരുമണ്ണ ഗ്രാമപഞ്ചായത്ത് സര്‍വ്വകക്ഷി യോഗം

മാലിന്യപ്രശ്‌നം സൃഷ്ടിക്കുന്ന കോഴിക്കോട് കുറ്റിക്കാട്ടൂരിലെ ശോഭാ ഗ്രൂപ്പ് ലേബര്‍ ക്യാമ്പിന്റെ പ്രവര്‍ത്തനത്തില്‍ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് തേടി. ഇതര സംസ്ഥാന തൊഴിലാളി ക്യമ്പുകളില്‍ ശുചിത്വം ഉറപ്പുവരുത്തണമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍ദ്ദേശിച്ചു.

ക്യാമ്പ് അടച്ചുപൂട്ടണമെന്ന് പെരുമണ്ണ ഗ്രാമപഞ്ചായത്ത് സര്‍വ്വകക്ഷി യോഗം. ശോഭ ഗ്രൂപ്പിന് അനുകൂലമായ ഹൈക്കോടതി ഉത്തരവ് നീക്കാന്‍ കോടതിയെ സമീപിക്കാനും തീരുമാനം.

ശോഭാ ഗ്രൂപ്പിന്റെ കുറ്റിക്കാട്ടൂര്‍ പുത്തലത്ത്താഴം ലേബര്‍ ക്യാമ്പിനെതിരെ ജനകീയ പ്രതിഷേധം ശക്തമായതോടെയാണ് പെരുമണ്ണ ഗ്രാമപഞ്ചായത്ത് സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ത്തത്.

പഞ്ചായത്ത് നോട്ടീസ് നല്‍കിയിട്ടും വൃത്തിഹീനമായ ക്യാമ്പ് അടച്ചുപൂട്ടാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. 300 നടുത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പില്‍ നിന്ന് കക്കൂസ് മാലിന്യമടക്കം സമീപത്തെ പാടത്തേക്കും പുഴയിലേക്കും പുറം തളളുന്നതായാണ് നാട്ടുകാരുടെ പരാതി.

പഞ്ചായത്ത് നോട്ടീസിനെതിരെ ഹൈക്കോടതിയുടെ താല്‍ക്കാലിക ഉത്തരവ് നേടിയെടുത്ത ശോഭാ ഗ്രൂപ്പ് ക്യാമ്പ് അടച്ചുപൂട്ടില്ലെന്ന നിലപാടിലാണ്.  എന്നാല്‍ സര്‍വ്വകക്ഷിയോഗ തീരുമാനമനുസരിച്ച് ഹൈക്കോടതിയെ സമീപിക്കുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ വി ബാലന്‍നായര്‍ പറഞ്ഞു.

നാട്ടുകാരുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കലക്ടര്‍ യു. വി ജോസ് എന്നിവര്‍ ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ചു. ക്യാമ്പിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ഉടന്‍ നല്‍കാന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, റവന്യു വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവരോട് കലക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു മുറിയില്‍ എട്ട് പേരാണ് താമസിക്കുന്നത്.

നിലവില്‍ 300 പേര്‍ക്ക് 1000 ലിറ്ററിന്റെ രണ്ട് സെപ്റ്റിക് ടാങ്കുകളാണുള്ളതെന്നും സന്ദര്‍ശനത്തില്‍ നിന്ന് ബാധ്യമായി. അതേസമയം ഇതര സംസ്ഥാന തൊഴിലാളികളുടെ ലേബര്‍ ക്യാമ്പുകളില്‍ ശുചിത്വം ഉറപ്പു വരുത്തുമെന്ന് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News