നൂറ്റാണ്ടുകളുടെ ചരിത്രം പറയാനുണ്ട് പാലക്കാട്ടെ ഈ ഡയറാ തെരുവിന്

നൂറ്റാണ്ടുകളുടെ ചരിത്രം പറയാനുണ്ട് പാലക്കാട്ടെ ഡയറാ തെരുവിന്. പടയോട്ട കാലത്ത് ശ്രീരംഗ പട്ടണത്ത് നിന്നെത്തിയവരാണ് ഡയറ തെരുവിലുള്ളവര്‍. ഇവിടെയാണ് കേരളത്തിലെ ഏക ഉര്‍ദു പള്ളിയായ ഹനഫി ഉറുദു ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്നത്. വെളളിയാ‍ഴ്ചകളില്‍ നടത്തുന്ന ഉറുദു പ്രഭാഷണങ്ങള്‍ മുതല്‍ വിശുദ്ധ റമദാനിലെ വ്രതാനുഷ്ഠാനങ്ങളില്‍ വരെ വേറിട്ട ജീവിത രീതി നയിക്കുന്നവരാണ് ഡയറാ തെരുവിലുള്ളവര്‍.

പാലക്കാട് നഗരത്തില്‍ നിന്നും അധികം അകലെയല്ല ഈ തെരുവും ഉറുദു പള്ളിയും. മൈസൂര്‍ രാജാവായിരുന്ന ഹൈദരലിയുടെ സേനയിലെ പടയാളികളായി ശ്രീരംഗ പട്ടണത്ത് നിന്നും പാലക്കാടെത്തിയവരുടെ പിന്‍മുറക്കാരാണ് തെരുവില്‍ താമസിക്കുന്നത്.

ടിപ്പുസുല്‍ത്താന്‍റെ കാലശേഷം പാലക്കാട് രാജാവ് വലിയരാജശേഖരവര്‍മ്മ പടയാളികള്‍ക്ക് താമസത്തിനായി ഈ തെരുവ് വിട്ടുനല്‍കുകയും പള്ളി സ്ഥാപിച്ച് നല്‍കുകയും ചെയ്യുകയായിരുന്നു. മതസൗഹാര്‍ദ്ധത്തിന്‍റെ പെരുമ ഉയര്‍ത്തിപ്പിടിച്ച് മൂന്ന് നൂറ്റാണ്ടുകളുടെ പാരന്പര്യവും പെരുമയുമായാണ് ഉറുദു പള്ളി തെരുവിലിങ്ങനെ തലയുയര്‍ത്തി നില്‍ക്കുന്നത്.

ഇപ്പോ‍ഴും തെരുവിലുള്ളവര്‍ പരസ്പരം ആശയവിനിമയത്തിനായി ഉറുദു ഭാഷയാണ് ഉപയോഗിക്കുന്നത്. വെള്ളിയാ‍ഴ്ചകളില്‍ പള്ളിയിലെ ജുമുഅ നമസ്ക്കാരത്തിനു ശേഷമുള്ള പ്രഭാഷണങ്ങളിലും പ്രത്യേക പ്രാര്‍ത്ഥനകളുമെല്ലാം ഉറുദു ഭാഷയിലാണ്. സംസ്ഥാനത്തെ മറ്റ് ഹനഫി പള്ളികളില്‍ നിന്ന് ഡയറാ തെരുവിലെ ഉറുദു പള്ളിയെ വേറിട്ട് നിര്‍ത്തുന്നതും ഇതാണ്.

റമദാന്‍ വ്രതനാളുകളില്‍ എല്ലാവരും പള്ളികളില്‍ ഒരുമിച്ചെത്തിയാണ് പ്രാര്‍ത്ഥനയും നോന്പു തുറകളുമെല്ലാം നടത്തുന്നത്. ബിരിയാണി മസാലയോടൊപ്പം നെയ്യ് ചേർത്ത് തയ്യാറാക്കുന്ന പ്രത്യേകതകളേറെയുള്ള മസാലക്കഞ്ഞിയാണ് നോന്പുതുറയിലെ പ്രധാന വിഭവം. നോന്പുതുറകളില്‍ ഇതരമതസ്ഥരടക്കം പങ്കെടുക്കാറുണ്ട്. നൂറ്റാണ്ടുകള്‍ക്കിപ്പുറവും കൂട്ടായ്മയും പാരന്പര്യ ജീവിത രീതിയുമെല്ലാം പിന്തുടര്‍ന്ന് മതസൗഹാര്‍ദ്ധ സന്ദേശമുയര്‍ത്തിപ്പിടിക്കുന്നവരാണ് ഡയറാ തെരുവുകാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News