കണ്ണില്ലാത്ത ക്രൂരതക്കെതിരെ ഫുട്ബോളിന്‍റെ പ്രതിഷേധം; ഇസ്രായേലുമായുള്ള സൗഹൃദ മത്സരത്തില്‍ നിന്നും അര്‍ജന്‍റീന പിന്‍മാറി

ഗസ്സയിലെ ഇസ്രായേല്‍ ക്രൂരതക്കെതിരെ ഫുട്ബോള്‍ മൈതാനത്തും പ്രതിഷേധം. ഇസ്രായേലുമായുള്ള ഫുട്ബോള് സൗഹൃദ മല്‍സരത്തില്‍ നിന്ന് അര്‍ജന്‍റീന പിന്മാറി. ഈ മാസം ജൂണ്‍ 9ന് നടക്കാനിരുന്ന മത്സരത്തില്‍ നിന്നാണ് അര്‍ജന്‍റീന പിന്മാറിയത്.

അറബ് പാലസ്തീന്‍ സമ്മര്‍ദ്ദത്തിന്‍റെ ഭാഗമായാണ് ജൂണ്‍ 9ന് ജെറുസലേമിലെ ടെഡി കൊല്ലേക്ക്  സ്റ്റേഡിയത്തില്‍ നടക്കാനിരുന്ന ഇസ്രായേല്‍ -അര്‍ജന്‍റീന മത്സരത്തില്‍ നിന്നും അര്‍ജന്‍ീന പിന്മാറിയത്. ഇന്നലെ വൈകുന്നേരത്തോടെ ഇക്കാര്യം അര്‍ജന്‍റീനന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഗാസയിലെ ഇസ്രായേല്‍ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തില്‍ അര്‍ജന്‍റീനയുടെ തീരുമാനത്തിന് വലിയ സ്വീകര്യതയാണ് ലഭിച്ചിരിക്കുന്നത്.

ഇസ്രായേല്‍ രാഷ്ട്രസ്ഥാപനത്തിന്‍റെ 70ാം വാര്‍ഷികത്തിന്‍റെ ഭാഗമായാണ് മത്സരം തീരുമാനിച്ചത്. സൗഹൃദമത്സരം പ്രഖ്യാപിക്കപ്പെട്ടതുമുതല്‍ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധവുമായി പാലസ്തീന്‍ രംഗത്തെത്തിയിരുന്നു. പാലസ്തീന്‍ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ജിബ്രില്‍ രജൂബ് മെസിയെ ഫോണില്‍ വിളിച്ച് പ്രതിഷേധം വ്യക്തമാക്കിയിരുന്നു.

മത്സരത്തില്‍ നിന്നും പിന്മാറിയില്ലെങ്കില്‍ കടുത്ത പ്രതിഷേധമുണ്ടാകുമെന്ന് രജബ് അറിയിച്ചതിന് പിന്നാലെയാണ് അറബ് പാലസ്തീന്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വ‍‍‍ഴങ്ങി അര്‍ജന്‍റീനയുടെ തീരുമാനം. നേരത്തെ ഹൈഫയില്‍ തീരുമാനിച്ച മത്സരമാണ് ജെറുസലേമിലേക്ക് മാറ്റിയത്. ജെറുസലേം ഇസ്രയേല്‍ തലസ്ഥാനമായി അമേരിക്ക പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മത്സരം ജെറുസലേമിലേക്ക് മാറ്റിയതെന്നതും പ്രതിഷേധങ്ങളുടെ തീവ്രത വര്‍ദ്ധിപ്പിച്ചു.

അര്‍ജന്‍റീനയുടെ തീരുമാനം ശരിയായ തീരുമാനമെന്നായിരുന്നു ടീം അംഗം ഗോണ്‍സാലോ ഹിഗ്വയിന്‍റെ പ്രതികരണം. ടീം കോച്ച് സാംപോളിയും ഇസ്രയേല്‍ സന്ദര്‍ശനത്തിന് എതിരായിരുന്നു. ഇസ്രോയേലിന് ലഭിച്ച റെഡ് കാര്‍ഡാണ് അര്‍ജന്‍റീനയുടെ തീരുമാനമെന്ന് ജിബ്രില്‍ രജബ് പ്രതികരിച്ചു.

അര്‍ജന്‍റീനയുടെ തീരുമാനത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് രമല്ലയിലും വെസ്റ്റ് ബാങ്കിലും ആഹ്ലാദ പ്രകടനങ്ങള്‍ നടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here