നടി ആക്രമിക്കപ്പെട്ട കേസ്; പ്രതിയായ ദിലീപിനെ പിന്തുണച്ച് ഡബ്യൂസിസിയെ തള്ളി അനുശ്രീ

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന്‍ ദിലീപിനെ പിന്തുണച്ചും വനിതാ താര സംഘടനയെ വിമര്‍ശിച്ചും നടി അനുശ്രീ രംഗത്ത്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അനുശ്രീ ദിലീപിനെ പിന്തുണച്ച് പരാമര്‍ശം നടത്തിയത്.

അനുശ്രീ പറഞ്ഞത് ഇങ്ങനെ:

”വനിതാ കൂട്ടായ്മ തുടങ്ങിയപ്പോള്‍ അവര്‍ മുന്നോട്ട് വച്ച ആശയത്തില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നതായി തോന്നിയിട്ടില്ല.”

”അവര്‍ ദിലീപേട്ടനെതിരെ ഒരുപാട് ആരോപണങ്ങള്‍ ഉന്നയിച്ചു. ഉറപ്പില്ലാത്തതും ഒരു തെളിവില്ലാത്തതുമായ കാര്യത്തിന് ഉന്നയിച്ച ആ ആരോപണങ്ങള്‍ ദിലീപേട്ടന്‍ നിരപരാധിയെന്ന് തെളിയുമ്പോള്‍ പിന്‍വലിക്കാന്‍ പറ്റുമോ? കൂട്ടായ്മകള്‍ ഉണ്ടാവട്ടെ, വിഷയങ്ങള്‍ ചര്‍ച്ചയാവട്ടെ, പക്ഷേ അതെല്ലാം പൊതുവേദികളില്‍ വന്ന് പറയേണ്ട ആവശ്യമുണ്ടെന്ന് കരുതുന്നില്ല.”

”ദിലീപിന്റെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും അവരുടെ ആരോപണം ദിലീപേട്ടനെ ഉദ്ദേശിച്ച് തന്നെയായിരുന്നു. വനിതാ കൂട്ടായ്മ ആ ഒരു ഇളക്കത്തിന് ഉണ്ടാക്കിയതാണ്. കൂട്ടായ്മ പരാജയമായി എന്ന് പറയില്ല. പക്ഷേ അവര്‍ പറഞ്ഞ കാര്യങ്ങളില്‍ അവര്‍ ഉറച്ച് നില്‍ക്കുന്നില്ല.”

”ഇപ്പോള്‍ കൂട്ടായ്മ എന്താണ് ചെയ്യുന്നത്. അന്വേഷണത്തിന് പിന്നാലെ പോകുന്നുണ്ടോ? എല്ലാം കെട്ടടങ്ങീല്ലേ?”

”ഉറപ്പുള്ളതും പിന്നീട് മാറ്റിപ്പറയില്ലെന്ന് വിശ്വാസമുള്ളതുമായ കാര്യങ്ങളാണ് പൊതുവേദികളില്‍ പറയണ്ടത്. സിനിമയിലെ പ്രശ്‌നങ്ങള്‍ സിനിമയ്ക്ക് അകത്ത് തന്നെ തീരണം. അല്ലാതെ പൊതുവേദികളിലേക്ക് അത് കൊണ്ടു വരരുത്.”- അനുശ്രീ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here