രജനീകാന്ത് ചിത്രം കാല ഇന്‍റര്‍നെറ്റില്‍; ചിത്രം തിയേറ്ററിലെത്തിയത് ഇന്ന്

വിവാദങ്ങള്‍ക്കിടെ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്‍റെ കാല തിയേറ്ററുകളിലെത്തി. ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തെ ആരാധകര്‍ ആവേശത്തോടെയാണ് വരവേറ്റത്. അതേ സമയം റിലീസ് ദിവസം തന്നെ ചിത്രത്തിന്‍റെ വ്യാജപതിപ്പ് ഇന്‍റര്‍നെറ്റിലെത്തി. കാവേരി പ്രശ്നത്തില്‍ പ്രതിഷേധത്തെ തുുടര്‍ന്ന് കര്‍ണ്ണാകടയില്‍ ചിത്രത്തിന്‍റെ പ്രദര്‍ശനം മുടങ്ങി.

രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച സാഹചര്യത്തില്‍ രജനീകാന്തിന്‍റെ പുതിയ ചിത്രം കാലയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ഏവരും. മണ്ണിന്‍റെയും കുടിവെള്ളത്തിന്‍റെയുമെല്ലാം രാഷ്ട്രീയം പറയുന്ന പാ രഞ്ജിത്ത് ചിത്രത്തെ ആവേശത്തോടെയാണ് രജനി ആരാധകര്‍ വരവേറ്റത്. രാവിലെ സംസ്ഥാനത്തെ തിയേറ്ററുകളിലെല്ലാം ആരാധകര്‍ക്കായി പ്രത്യേക പ്രദര്‍ശനം നടന്നു. ആദ്യ പ്രദര്‍ശനത്തിന് തന്നെ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ തിയേറ്ററുകളിലെത്തി. ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷയാണ് ആരാധകര്‍ പങ്കുവെക്കുന്നത്.

അതേ സമയം ആദ്യദിനം തന്നെ ചിത്രത്തിന്‍റെ വ്യാജപതിപ്പ് ഇന്‍റര്‍നെറ്റിലെത്തി. തമി‍ഴ്റോക്കേ‍ഴ്സ് സൈറ്റില്‍ റെഡ് ഐ എന്ന അക്കൗണ്ടില്‍ നിന്ന് പുലര്‍ച്ചെ 5.28നാണ് ചിത്രം അപ് ലോഡ് ചെയ്തത്. സിംഗപ്പൂരില്‍ നിന്ന് ചിത്രം ഫേസ്ബുക്ക് ലൈവിലൂടെ പ്രദര്‍ശിപ്പിച്ച പ്രവീണെന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ക‍ഴിഞ്ഞ ദിവസം സിംഗപ്പൂരില്‍ നിന്ന് ചിത്രത്തിന്‍റെ റിവ്യൂവെത്തിയതും വിവാദമായിരുന്നു. കാവേരി വിഷയത്തില്‍ രജനീകാന്ത് തമി‍ഴ്നാട് അനുകൂല നിലപാടുത്തതിനാല്‍ ചിത്രത്തിനെതിരെ കര്‍ണ്ണാടകയില്‍ ശക്തമായ പ്രതിഷേധമാണുയര്‍ന്നത്.

കന്നഡ സംഘടനകള്‍ തിയേറ്ററുകള്‍ ഉപരോധിച്ചതിനാല്‍ പല സ്ഥലങ്ങളിലും പ്രദര്‍ശനം മുടങ്ങി. ചില സ്ഥലങ്ങളില്‍ പ്രദര്‍ശനം പാതി വ‍ഴിയില്‍ ഉപേക്ഷിച്ചു. പ്രതിഷേധത്തിന്‍റെ സാഹചര്യത്തില്‍ കര്‍ണ്ണാടകയിലും തമി‍ഴ്നാട്ടിലും ശക്തമായ പോലീസ് സുരക്ഷയേര്‍പ്പെടുത്തിയിരുന്നു. നേരത്തെ ചിത്രം റിലീസ് ചെയ്യാനാവില്ലെന്ന നിലപാട് കര്‍ണാടക സര്‍ക്കാരെടുത്തിരുന്നെങ്കിലും റിലീസിങ്ങ് തടയാനാവില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel