ഇത് കണ്ടാല്‍ നിങ്ങള്‍ പറയും; ഹ്രസ്വചിത്രമല്ല സിനിമയാണെന്ന്; വന്‍ ഹിറ്റായി ഈ സസ്പെന്‍സ് ത്രില്ലര്‍

“ആന്‍റഗണിസ്റ്റ്” 20 മിനിറ്റ് ദൈര്‍ഘ്യമുളള ഈ ഷോര്‍ട്ട് ഫിലിം കണ്ടാല്‍ നിങ്ങള്‍ പറയും ഇതൊരു ഹ്രസ്വചിത്രമല്ല, സിനിമയാണെന്ന്. ആദ്യം മുതല്‍ അവസാനം വരെ സസ്പെന്‍സ് ത്രില്ലറായ ഷോര്‍ട്ട് ഫിലിം യു ട്യൂബില്‍ വന്‍ ഹിറ്റായി മാറിക്ക‍ഴിഞ്ഞു.

സിനിമയെ പോലും വെല്ലുന്ന രംഗങ്ങളും ഷോട്ടുകളുമാണ് ആന്‍റഗണിസ്റ്റിനെ വ്യത്യസ്തമാക്കുന്നതും. മലയാള സിനിമയിലെ അണിയറ പ്രവര്‍ത്തകരെ ഉപയോഗിച്ചാണ് നവാഗത സംവിധായകന്‍ അഭിലാഷ് ആര്‍ നായര്‍ തന്‍റെ ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്. ഈ വര്‍ഷത്തെ സംസ്ഥാന അവാർഡ് ജേതാവായ വിജയ് മേനോൻ, തിയറ്റർ ആർട്ടിസ്റ്റായ അനൂപ് നീലകണ്ഠൻ, സാധിക വേണുഗോപാല്‍, ശ്രീജ ദാസ് എന്നിവരാണ് ഹ്രസ്വ ചിത്രത്തിലെ താരങ്ങൾ.

അനൂപ് നീലകണ്ഠനും ചാനൽ ന്യൂസ് റീഡർ ആയിരുന്ന ഹെന്ന മറിയം ഈപ്പനും ചേര്‍ന്നാണ് ഹ്രസ്വചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സുജിത് വാസുദേവിന്‍റെ ശിഷ്യനായ ജിക്കു ജേക്കബ് പീറ്ററാണ് ദ്യശ്യഭാഷ്യം ഒരുക്കിയിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ റിലീസിന് മുമ്പേ തരംഗം സൃഷ്ടിച്ച “ഒരു അഡാർ ലൗ” എന്ന സിനിമയുടെ എഡിറ്റർ ആയ അച്ചു വിജയനാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. കൈരളി ടി വി കാമറാമാന്‍ അഭിലാഷ് മുകുന്ദന്‍റേതാണ് സ്റ്റില്‍സ്. മെമ്മറീസ് എന്ന ഹിറ്റ് ചിത്രത്തിന്‍റെ സംഗീത സംവിധായകനായ സെജോ ജോണിന്‍റേതാണ് പശ്ചാത്തല സംഗീതം.
ഒരു വാഹനാപകടവും അതിനെ തുടര്‍ന്നുണ്ടാകുന്ന അന്വേഷണവുമാണ് ആന്‍റഗണിസ്റ്റിന്‍റെ ഇതിവൃത്തം.

ചുരുങ്ങിയ സമയത്തിനുളളില്‍ പ്രതീക്ഷിക്കാത്ത ക്ലൈമാക്സോടെ ഹ്രസ്വചിത്രം അവസാനിക്കുന്നതോടെയാണ് സംവിധായകനും തിരക്കഥാകൃത്തുമായ അഭിലാഷ് ആര്‍ നായര്‍ കയ്യടി വാങ്ങുന്നതും. ജൂണ്‍ ഒന്നിന് സംവിധായകന്‍ അരുണ്‍ ഗോപിയാണ് യു ട്യൂബില്‍ ആന്‍റഗണിസ്റ്റ് ഔദ്യോഗികമായി റീലീസ് ചെയ്തത്.

നേരത്തേ ഇറങ്ങിയ ഷോര്‍ട്ട് ഫിലിമിന്‍റെ ട്രെയ് ലര്‍ യു ട്യൂബില്‍ വന്‍ഹിറ്റ് നേടിയിരുന്നു. ഇപ്പോള്‍ ഷോര്‍ട്ട് മൂവിയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു ക‍ഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel