
ലോകകപ്പിന്‍റെ വീറും വാശിയും വാനോളം ഉയര്‍ത്തി കൊച്ചിയില്‍ ഒരു ഫാന്‍ പാര്‍ക്ക്.
കളമശേരി ഗ്ലാസ് കോളനിയാണ് അക്ഷരാര്‍ത്ഥത്തില്‍ ഫ്ളക്സ് ബോര്‍ഡുകളും ചുവരെഴുത്തുകളുമായി ലോകകപ്പ് വേദിയായ മോസ്കോ നഗരമായി മാറിയത്.
പ്രതീക്ഷ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്‍റെ നേതൃത്വത്തില്‍ ഫുട്ബോള്‍ മാമാങ്കം കാണാന്‍ വന്‍ സജ്ജീകരണമാണ് ഒരുക്കിയിരിക്കുന്നത്.
ലോക കാല്‍പ്പന്തുകളിയുടെ ആരവങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കളമശേരി ഗ്ലാസ് കോളനിയിലെ ആരാധകകൂട്ടം തിരക്കോട് തിരക്കിലാണ്.
തങ്ങളുടെ ഇഷ്ട ടീമിന്‍റെ ഫ്ലളക്സുകളും ചുവരെഴുത്തുകളുമായി ഇവര്‍ കളം നിറഞ്ഞു കഴിഞ്ഞു. റഷ്യന്‍ ലോകകപ്പ് ഇത്തവണ ആര് നേടും എന്നുളളതാണ് തര്‍ക്ക വിഷയം.
എന്തായാലും അര്‍ജന്‍റീനയും ബ്രസീലും ഇംഗ്ലണ്ടുമെല്ലാം ചേരി തിരിഞ്ഞ് പോര് തുടങ്ങിക്കഴിഞ്ഞു.
പ്രതീക്ഷ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്‍റെ നേതൃത്വത്തില്‍ ലോകകപ്പ് കാണാനായി ബിഗ് സ്ക്രീനുകള്‍ തന്നെ ഒരുക്കിയിട്ടുണ്ട്. സ്വന്തം ടീമിന്‍റെ കളി നടക്കുന്ന ദിവസം ഫാന്‍സിന്‍റെ വക കപ്പയും മീനും ബിരിയാണിയും വേറെയും.
ഫ്ളക്സ് ബോര്‍ഡുകളും ചുവരെഴുത്തുമായി ഒരു ഫാന്‍ പാര്‍ക്ക് തന്നെ ഇവര്‍ ഒരുക്കികഴിഞ്ഞു. കോരിച്ചൊരിയുന്ന മഴയത്തും ജേഴ്സിയണിഞ്ഞ് കൊച്ചുകുട്ടികളുടെ വക ഫുട്ബോള്‍ കളി വേറെയും. ഇവരോട് സ്വന്തം ടീം ആരെന്ന് ചോദിച്ചാല്‍ പിന്നെ അടിയായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here