പാ രഞ്ജിത്തിന്‍റെ കാല, രജനിയുടേയും; കണ്ടിരിക്കേണ്ട രാഷ്ട്രീയ ചിത്രം

കാല, പാരഞ്ജിത്തിന്‍റെ രാഷ്ട്രീയ ചിത്രമാണെന്ന് പറഞ്ഞാൽ അതിശയിക്കേണ്ടതില്ല.രജനീകാന്തിന്‍റെ ശബ്ദവും രൂപവുമാണ് പാ രഞ്ജിത്തിന്‍റെ രാഷ്ട്രീയത്തിന്‍റെ പ്രതിഫലനം.

ധാരവിയുടെ അധോലോക നായകൻ കാലാ കരികാലന്‍റെ കഥയല്ല കാല. ചേരികളിൽ താമസിക്കുന്ന ആയിരങ്ങളുടെ കഥയാണ് കാല. ഉപജിവനത്തിനായി തമി‍ഴ്നാട് വിട്ട് ലോകത്തെ മൂന്നാമത്തെ ചേരി ധാരാവിയിലെത്തിയവരാണ് ഇവർ. ദളിത് രാഷ്ട്രീയമടക്കം സമകാലിക ഇന്ത്യൻ രാഷ്ട്രീയ യാഥാർത്ഥ്യങ്ങളെ ഉൾക്കൊളളുന്ന കഥയും തിരക്കഥയുമടങ്ങുന്നതാണ് ചിത്രം.

കബാലിയിലെ വിമർശനങ്ങളെ പാ രഞ്ജിത്ത് ഉൾക്കൊണ്ടുവെന്ന് വേണം കരുതാൻ. കാലായിൽ രജനീകാന്ത് എന്ന സൂപ്പർ താരത്തിനിണങ്ങും വിധമാണ് ചിത്രീകരണം. മറ്റൊരു രജനി ചിത്രത്തിനും ഇല്ലാത്തവണ്ണം രജനിയിലെ താരത്തെ മണ്ണിൽ ചവിട്ടി നിർത്താൻ സംവിധായകനായിട്ടുണ്ട്.

കാല ഉന്നയിക്കുന്ന രാഷ്ട്രീയം എങ്ങിനെ പ്രേക്ഷകരിലെത്തിക്കണമെന്നതിൽ സംവിധായകന് സംശയമില്ല. ഉദാഹരണത്തിന്,ഹരി ദാദ(നാന പടേക്കർ) രജനികാന്തിനെ കാണാനെത്തുമ്പോൾ ഹരി ദാദയ്ക്ക് കാലയുടെ ഭാര്യ സെൽവി ഒരു ഗ്ലാസ് വെളളം നൽകുന്നു. എന്നാൽ ഹരി ദാദ അത് സ്വീകരിക്കുന്നില്ല.

താ‍ഴ്ന്ന ജാതിക്കാരിൽ നിന്ന് വെളളമോ ഭക്ഷണമോ സ്വീകരിക്കരുതെന്ന സവർണ മനോഭാവം വരച്ചു കാട്ടുകയാണ് സംവിധായകൻ ഇവിടെ. അത് പ്രേക്ഷകൻ കാണാതെയും മനസിലാക്കാതേയും പോകരുതെന്നും സംവിധായകന് നിർബന്ധമുണ്ട്.

കാലായുടെ കുടുംബാംഗങ്ങളുടെ അടക്കം പറച്ചലിലൂടെ സംവിധായകൻ ഓരോ പ്രേക്ഷകനോടും ഇക്കാര്യം സംവദിക്കുന്നുണ്ട്. സിനിമയിലെ രാവണ പ്രസ്താവനകൾക്കുമുണ്ട് കൃത്യമായ രാഷ്ട്രീയം.

ആര്യ-ദ്രാവിഡ വർണ വ്യത്യാസം കൃത്യമായി കുറിച്ചിടുകയാണിവിടെ. കാലായെ രാവണനോട് ഉപമിക്കുമ്പോൾ ഇതിഹാസങ്ങൾക്ക് ഒരു വ്യഖ്യാനം നൽകുകയാണ് സംവിധായകൻ. പത്ത് തലയുളള ‘രാവണ’ന് രാമായണ കഥനത്തിന്‍റെ പശ്ചാത്തലത്തിൽ നടക്കുന്ന യുദ്ധത്തിൽ ഓരോ തലയായി നഷ്ടമാകുന്നു, അതിൽ കാലായുടെ രക്ത ബന്ധമുളളളവരുണ്ട്,കാലായുടെ അനുയായികളുണ്ട്.എന്നാൽ ആത്യന്തികമായ വിജയം ഇവിടെ രാമനല്ല രാവണനാണ്.

രാമായണത്തിൽ മാത്രം ഒതുങ്ങുന്നതല്ല സിനിമയിലെ ‘ദൈവസാന്നിദ്ധ്യം’. കറുപ്പ് ദൈവങ്ങളാണ് തങ്ങളുടേതെന്ന് സംവിധായകൻ വ്യക്തമാക്കുന്നുണ്ട്.മാംസം ഭക്ഷിക്കുന്ന, ചാരായം കുടിക്കുന്ന ദൈവം.

കാല തന്‍റെ സമരം തുടങ്ങുന്നത് സ്ഫോടനത്തിൽ തകർന്ന ഒരു ക്ഷേത്രത്തിന്‍റെ മുമ്പിൽ നിന്നാണ്. കാലായുടെ വാക്കുകളുടെ പശ്ചാത്തലത്തിൽ ഒരു ഗണപതി പ്രതിമ കടലിലേക്ക് മുങ്ങിപ്പോകുന്നതും കാണാം. കാലായുടെ മകന്‍റെ പേര് ലെനിൻ എന്നായതും യാദൃശ്ചികമല്ല. ഏതു നാട്ടിലായാലും തങ്ങൾ ദ്രാവിഡ – തമി‍ഴ് സ്വത്വം കൈവിടില്ലെന്ന് കാലായുടെ ഭാര്യ സെൽവി സംസാരിക്കുന്ന ശൈലി വ്യക്തമാക്കുന്നുണ്ട്.

ഇങ്ങിനെ രാഷ്ട്രീയം പറയുന്ന ഒരു കൊമേ‍ഴ്സ്യൽ ഹിറ്റ് സാധ്യമാണോ എന്ന ചോദ്യത്തിന് ഉത്തരമാണ് കാല. സംഭാഷണങ്ങളിലും ഷോട്ടുകളിലും രാഷ്ട്രീയം പറയുന്ന ചിത്രം. ഉദാഹരണത്തിന് ഒരു സംഭാഷണത്തിൽ കാല പറയുന്നുണ്ട്,”കറുപ്പാണ് തെ‍ാ‍ഴിലിന്‍റെ നിറം”എന്ന്.

അ‍ഴിമതി നടത്താനും ജനങ്ങളെ ചൂഷണം ചെയ്യാനുമാണെങ്കിൽ സർക്കാരെന്തിനെന്നും കാല ചോദിക്കുന്നുണ്ട്.ഒരു കൂടിക്കാ‍ഴ്ചയിൽ തന്‍റെ മുമ്പിലിരിക്കുന്ന ‘പ്രമുഖ’ വ്യക്തി ആരെന്ന് കാല ആവർത്തിച്ച് ചോദിക്കുന്നുണ്ട്.അപ്പോ‍ഴൊക്കെ തിയ്യേറ്ററുകളിൽ ചൂളംവിളികൾ ഉയരും.

നന്മയും തിന്മയും തമ്മിലുളള ഏറ്റുമുട്ടലാണ് രജനി ചിത്രങ്ങൾ.ഇതിനിടയിലുളള നൂൽപ്പാലത്തിലൂടെയാണ് കാലായുടെ യാത്ര. ശക്തനായ നായകന് ശക്തനായ വില്ലൻ വേണം.നാനാ പടേക്കർ ആണ് ആ വേഷത്തിൽ. ഒരു റോളിൽ ഹരി ദാദ കാലായെ കാണാൻ ഇരുട്ടിൽ നിന്ന് വെളിച്ചത്തേക്ക് വരുന്നുണ്ട്.

തന്‍റെ വെളള കുർത്ത ഉയർത്തി ക്രമീകരിച്ചാണ് വരവ്.താൻ കാലായുടെ അത്ര കറുപ്പല്ല,തന്‍റേത് വെളള വസ്ത്രമാണ് എന്ന വ്യാഖ്യാനം ആണ് ഹരി ദാദ നൽകുന്നത്.കാലായെ നിലത്തിരുത്തി തന്‍റെ പാദസേവ ചെയ്യാൻ ഹരി ദാദ കസേരയിലിരിക്കുമ്പോ‍ഴും ആ വർണ-വർഗ വ്യത്യാസം ഹരി ദാദ ‍ഉയർത്തിപ്പിടിക്കുന്നുണ്ട്.

സ്ത്രീ ശാക്തീകരണത്തിന്‍റെ ഊന്നലുകളും ചിത്രത്തിലുണ്ട്. രക്ഷിക്കാൻ ചുമതലയുളള പൊലീസുദ്യോഗസ്ഥർ വിവസ്ത്രയാക്കുമ്പോ‍ഴും തളരുന്നതല്ല കാലായിലെ സ്ത്രീ കഥാപാത്രങ്ങൾ.

അർധ നഗ്നയാണെങ്കിലും തന്‍റെ ശരീരം പൊത്തിപ്പിടിക്കാൻ ശ്രമിക്കാതെ പൊലീസുകാരുടെ തലമണ്ടയടിച്ച് പൊട്ടിക്കുന്ന പുയൽ(അഞ്ജലി പാട്ടിൽ)എന്ന സ്ത്രീയും കാലായിലുണ്ട്. കാലായുടെ ഭാര്യവേഷം ചെയ്ത ഈശ്വരി റാവുവിന്‍റെ പ്രകടനം ചിത്രത്തെ വൈകാരിക തീവ്രമാക്കുന്നുണ്ട്.

പശ്ചാത്തല സംഗീതമാണ് കാലായിൽ എടുത്ത് പറയേണ്ട പ്രത്യേകത.അടിച്ചമർത്തലിനെതിരെയുളള വികാരമായി റാപ്പും കടന്നു വരുന്നുണ്ട് ചിത്രത്തിൽ.

രജനി എന്ന ‘മാസ്’ താരത്തെ കാല വിസ്മൃതനാക്കുന്നില്ല.”ഖുദാ ക ഹുകും,കാലാ കാ കസം”(ദൈവത്തിന്‍റെ ഉത്തരവ്,കാലായുടെ വാഗ്ദാനം) എന്ന സംഭാഷണം അരുണാചലം സിനിമയിലെ “ആണ്ടവൻ സൊൽറേൻ,അരുണാചലം സെയ്റേൻ”(ദൈവം പറയും,അരുണാചലം ചെയ്യും) എന്ന സംഭാഷണത്തെ ഓർമ്മിപ്പിക്കും.നിലക്കാത്ത കൈയ്യടിയാണ് ഫലം.

ഒരിക്കൽ കൂടി പറയട്ടെ കാല പാ രഞ്ജിത്തിന്‍റെ രാഷ്ട്രീയ ചിത്രമാണ്,രജനികാന്തിന്‍റെ മാസ് ചിത്രവും. രജനിയുടെ രാഷ്ട്രീയത്തെ ഈ ചിത്രവുമായി കൂട്ടിവായിക്കാമോ എന്നത് കാലം തെളിയിക്കേണ്ടതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News