പുതുവൈപ്പിലെ എൽപിജി ടെർമിനൽ നിർമ്മാണം: പ്രശ്നങ്ങൾ പരിഹരിക്കാൻ ജില്ലാ കളക്ടര്‍ സമരസമിതി നേതാക്കളുമായും ചര്‍ച്ച നടത്തി

കൊച്ചി: പുതുവൈപ്പിലെ എൽപിജി ടെർമിനൽ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ജില്ലാ കളക്ടര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായും സമരസമിതി നേതാക്കളുമായും പ്രാരംഭ ചര്‍ച്ച നടത്തി.
സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ നിർദ്ദേശങ്ങൾ നിർമ്മാണത്തിനു മുന്നോടിയായി യോഗത്തിൽ അവതരിപ്പിച്ചു. എന്നാൽ പ്ലാൻറ് നിർമ്മാണം വേണ്ടെന്ന നിലപാടിലാണ് സമരസമിതി
പുതുവൈപ്പിലെ എൽപിജി ടെർമിനലിന്‍റെ പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര സമിതി നേരത്തെ നൽകിയ ഹർജി ഹരിത ട്രൈബ്യൂണൽ തള്ളിയിരുന്നു. എന്നാൽ സമരം അവസാനിപ്പിക്കാൻ നാട്ടുകാർ തയ്യാറാകാത്തതിനെ ത്തുടർന്ന് പ്രശ്നം പഠിക്കാൻ സർക്കാർ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുകയായിരുന്നു.
ഈ സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായും സമരസമിതി നേതാക്കളുമായും ഐഒസി അധികൃതരുമായും പ്രാരംഭ ചര്‍ച്ച നടത്തിയത്.
നിർമ്മാണത്തിനു മുന്നോടിയായി പ്രദേശത്ത് പുലിമുട്ട് നിർമ്മാണം അടക്കം ആറ് കാര്യങ്ങളാണ് ഐഒസിയോട് സമിതി നിര്‍ദേശിച്ചിരിക്കുന്നത്. കടലിന് 50 മീറ്റര്‍ ഉള്ളിലേക്ക് 100 മീറ്റര്‍ ഇടവിട്ട് എഴു പുലിമുട്ടുകള്‍ നിര്‍മ്മിക്കണം. പ്രദേശത്തെ വെള്ളക്കെട്ട് തടയാന്‍ ഡ്രെയ്നേജ് സൗകര്യം ഐഒസി ഒരുക്കി നല്‍കണം.
പുതുവൈപ്പ് പ്രദേശത്ത് ശുദ്ധജലവിതരണം, ശുചീകരണനടപടികള്‍, റോഡുകള്‍, ആരോഗ്യകേന്ദ്രങ്ങള്‍, വിദ്യാഭ്യാസ സൗകര്യങ്ങള്‍ എന്നിവ ഒരുക്കണം. കൊച്ചിന്‍ പോര്‍ട് ട്രസ്ടിന്റെ സഹായത്തോടെ പ്രദേശത്ത് കസൂരിന, കണ്ടല്‍ വനങ്ങള്‍ എന്നിവ വെച്ചുപിടിപ്പിക്കണം മത്സ്യതൊഴിലാളികള്‍ക്ക് കടലിലേക്കുള്ള  പ്രവേശനസൗകര്യം തടയാന്‍ പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളാണ് ജില്ലാ കളക്ടര്‍ ചര്‍ച്ച ചെയ്തത്.
എന്നാൽ സമരസമിതി ഇപ്പോ‍ഴും പ്ലാൻറ് നിർമ്മാണം വേണ്ടെന്ന നിലപാടിലാണ്.  ഈ സാഹചര്യത്തില്‍ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ തുടര്‍ചര്‍ച്ചകള്‍ ഉണ്ടാവുമെന്ന് കളക്ടര്‍ അറിയിച്ചു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News