രാജ്യസഭാ സീറ്റ് തര്‍ക്കം; രാഹുല്‍ ഗാന്ധി വിശദീകരണം തേടി

ദില്ലി: രാജ്യസഭാ സീറ്റിനെ തുടര്‍ന്ന് കേരളത്തിലെ കോണ്‍ഗ്രസിലുണ്ടായ തര്‍ക്കത്തില്‍ രാഹുല്‍ ഗാന്ധി വിശദീകരണം തേടി. സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകള്‍ വാസ്‌നിക്കിനോടാണ് വിശദീകരണം തേടിയത്.

പുതിയ കെപിസിസി അധ്യക്ഷനെ നിശ്ചയിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുന്ന രാഹുല്‍ഗാന്ധിയ്ക്ക് മുമ്പില്‍ അപ്രതീക്ഷിതമായാണ് രാജ്യസഭാ സീറ്റ് വിവാദമെത്തിയത്.

കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയ തീരുമാനം ഹൈക്കമാന്‍ഡിനേയും പ്രതികൂട്ടിലാക്കിയതോടെ രാഹുല്‍ഗാന്ധി വിശദീകരണം തേടി. രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, എം.എം.ഹസന്‍ എന്നിവരോടൊപ്പം രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാനുള്ള നിര്‍ണ്ണായക തീരുമാനം എടുത്ത മുകള്‍ വാസ്‌നിക്കിനോടാണ് റിപ്പോര്‍ട്ട് തേടിയത്.

യുവ എം.എല്‍.എമാരും, വി.എം സുധീരനെ പോലുള്ള മുതിര്‍ന്ന് നേതാക്കളും കഴിഞ്ഞ രണ്ട് ദിവസമായി നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ കൂടിയാണിത്.

നയപരമായ തീരുമാനം എടുക്കാന്‍ ഹൈക്കമാന്റ് കേരളത്തില്‍ രാഷ്ട്രിയകാര്യ സമിതിയെ നിശ്ചയിട്ടുണ്ട്. ഇവരെ പോലും രാജ്യസഭാ സീറ്റ് കാര്യം അറിയിച്ചില്ലെന്ന് കെ.വി തോമസിനെ പോലുള്ള നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. ഇതും രാഹുല്‍ഗാന്ധി അന്വേഷിക്കുന്നു.

പ്രശ്‌നം രൂക്ഷമാകാതിരിക്കാന്‍ ഡിസിസി പ്രസിഡന്റുമാരടക്കമുള്ളവരെ ദില്ലിയ്ക്ക് വിളിച്ച് വരുത്താനും ഹൈക്കമാന്റ് ആലോചിക്കുന്നു.

രാജ്യസഭാ സീറ്റ് തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ ഗ്രൂപ്പ് തര്‍ക്കവും കേരളത്തില്‍ രൂക്ഷമായിട്ടുണ്ട്. ഇത് പുതിയ കെപിസിസി പ്രസിഡന്റിനായുള്ള ഹൈക്കമാന്റിന്റെ നീക്കങ്ങളെ അവതാളത്തിലാക്കി.

ഒരാഴ്ച്ചക്കുള്ളില്‍ പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കാനാണ് ഹൈക്കമാന്റ് നേരത്തെ തീരുമാനിച്ചിരുന്നത്. നിലവിലെ സാഹചര്യത്തില്‍ അത് നീണ്ട് പോകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News