കുറ്റകൃത്യങ്ങൾ തടയാൻ പരിഷ്ക്കരണ പദ്ധതികളുമായി പൊലീസ്; പൊതുസ്ഥലങ്ങളിൽ പട്രോളിംഗ് ശക്തമാക്കാന്‍ ഡിജിപിയുടെ നിർദേശം

കുറ്റകൃത്യങ്ങൾ തടയാൻ പരിഷ്ക്കരണവുമായി പോലീസ്. പൊതുസ്ഥലങ്ങളിൽ പട്രോളിംഗ് ശക്തമാക്കാന്‍ ഡിജിപിയുടെ നിർദേശം. ഇതിനായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ എക്‌സിക്യൂട്ടീവ് ഡയറക്ടീവ് സംസ്ഥാന പോലീസ് മേധാവി പുറത്തിറക്കി.

കുറ്റകൃത്യങ്ങള്‍ തടയുന്നതിനും പൊതുജനങ്ങളില്‍ സുരക്ഷിതത്വബോധം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് പൊതുസ്ഥലങ്ങളില്‍ പോലീസിന്റെ ദൃശ്യത വര്‍ദ്ധിപ്പിക്കുന്നത്. കാല്‍ നടയായുള്ള പട്രോളിങ്, മോട്ടോര്‍ സൈക്കിള്‍ പട്രോളിങ്, ജീപ്പ് പട്രോളിങ് തുടങ്ങിയവ കൂടുതല്‍ ഫലപ്രദമാക്കും. ജനങ്ങള്‍ ഒത്തുകൂടുന്ന സ്ഥലങ്ങളില്‍ കൂടുതലായും പകല്‍ സമയങ്ങളില്‍ രണ്ടംഗങ്ങളുള്ള ടീമുകളെ ഉപയോഗിച്ച് ഫുട് പട്രോളിങ് നടത്തും.

നഗര പ്രദേശങ്ങളില്‍ രാത്രികാല ഫുട് പട്രോളിങ് മറ്റ് പട്രോളിങ്ങിനൊപ്പമാവും നടത്തുക. പകലും രാത്രിയും ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും ഒരുപോലെ ജീപ്പ് പട്രോളിങ്ങു കൂടുതല്‍ കാര്യക്ഷമമാക്കും.

ഈ പട്രോള്‍ സംഘങ്ങള്‍ ഓരോ പ്രദേശത്തേയും സവിശേഷതകള്‍ മനസ്സിലാക്കുകയും, സാമുഹ്യ വിരുദ്ധര്‍, സ്ഥിരം കുറ്റവാളികള്‍ തുടങ്ങിയവരുടെ ലിസ്റ്റ് കരുതുകയും ചെയ്യും.

പരമാവധി എട്ട് മണിക്കൂറാണ് ഒരു ജീപ്പ് പട്രോള്‍ സംഘത്തിന്റെ ഡ്യുട്ടി സമയം. ഒരു ഡ്രൈവര്‍ ഒരു ഓഫീസര്‍, രണ്ട് സിവില്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവരടങ്ങുന്നതാണ് ഒരു ജീപ്പ് പെട്രോളിംഗ് സംഘം.

കൂടുതല്‍ സമയം വേണ്ടതുണ്ടെങ്കില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്രമീകരിക്കും. പെട്രോളിങ് വേളകളില്‍ പൊതുജനങ്ങളോടുള്ള പെരുമാറ്റം പോലീസിനെപ്പറ്റി മതിപ്പ് വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ളതാകണമെന്നും നിര്‍ദ്ദേശമുണ്ട്.

ഡിവൈ.എസ്.പി, ജില്ലാ പോലീസ് മേധാവി തലങ്ങളില്‍ ഈ പ്രവര്‍ത്തനം കൃത്യമായി മോണിറ്റര്‍ ചെയ്യണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹൈവേ പട്രോള്‍, കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍, പിങ്ക് പട്രോള്‍ വാഹനങ്ങള്‍ എന്നിവയ്ക്ക് പുറമേയാണ് ഈ പട്രോള്‍ സംഘങ്ങളും പ്രവര്‍ത്തിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News