നിപ നിയന്ത്രണം കേരളത്തിൻറെ ആരോഗ്യമേഖലയ്ക്ക് പൊൻതൂവല്‍; സഹായകരമായത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി ജീവനക്കാരുടെ നിസ്വാർത്ഥ സേവനം

നിപ നിയന്ത്രണം, കേരളത്തിൻറെ ആരോഗ്യമേഖലയ്ക്ക് പൊൻതൂവലാകുന്നു. സംസ്ഥാന സർക്കാരിൻറെ മാതൃകാ ഇടപെടലിന് കൂട്ടായത് ഡോക്ടർമാരും നഴ്സുമാരുടക്കുന്ന കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി ജീവനക്കാരുടെ നിസ്വാർത്ഥ സേവനം.

മരണം ഭീതിവിതച്ച നാളുകൾക്ക് വിട നൽകി കോഴിക്കോട് സാധാരണ നിലയിലേക്ക് തിരിച്ചു വരികയാണ്. വവ്വാലുകളിൽ നിന്ന് മാത്രം എത്തിയെന്ന്, ശാസ്ത്രലോകം സ്ഥിരീകരിച്ച നിപ വൈറസ് ബാധ, ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തുന്നതിനും നിയന്ത്രണ വിധേയമാക്കുന്നതിനും നമ്മുടെ ആരോഗ്യവകുപ്പിന് കഴിഞ്ഞതായി ചെന്നൈ അപ്പോളോ ആശുപത്രിയിലെ ഡോക്ടർ അബ്ദുൾ ഗഫൂർ സാക്ഷ്യപ്പെടുത്തുന്നു.

നിപ സ്ഥിരീകരിച്ചത് മുതൽ കോഴിക്കോട് ക്യാമ്പ് ചെയ്ത് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന സമാനതകളില്ലാത്ത പ്രവർത്തനം. പേരാമ്പ്രയിലെ ജനങ്ങൾ ഒറ്റപ്പെട്ട് പോകുമായിരുന്ന ഘട്ടത്തിൽ, സ്ഥലം എം എൽ എ കൂടിയായ മന്ത്രി ടി പി രാമകൃഷ്ണൻ മുന്നിട്ടിറങ്ങി നടത്തിയ ബോധവത്ക്കരണ പരിപാടികൾ.

ജില്ലയിലെ ആബുലൻസ് സംവിധാനങ്ങളെ രോഗബാധിത കേന്ദ്രങ്ങളിൽ ഒരുക്കി നിർത്തിയ ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻറെ ഇടപെടൽ.

രോഗവ്യാപനം തടയാൻ പൊതുപരിപാടികളടക്കം ഒഴിവാക്കണമെന്ന് നിർദേശിച്ച ജില്ലാ കളക്ടർ യു വി ജോസ്, വിദ്യാലയങ്ങൾക്ക് നൽകിയ അവധി. ഇതിനോടെല്ലാം പൂർണ്ണ മനസ്സോടെ സഹകരിച്ച രാഷ്ടീയ പാർട്ടികളടക്കമുള്ള സംഘടനകൾ.

പരിശുദ്ധ റംസാൻ മാസത്തിൽ സാഹോദര്യത്തിൻറെ ഇഫ്ത്താർ വരെ ഉപേക്ഷിച്ചാണ് കോഴിക്കോടൻ മനസ്സ് നിപയെന്ന മഹാമാരിയെ നേരിട്ടത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാരും നഴ്സ്മാരടങ്ങുന്ന ജീവനക്കാർ ഏറ്റെടുത്ത വലിയ ദൗത്യമാണിവിടെ വിജയം കാണുന്നത്.

നിപ ബാധിതരെ പരിചരിക്കാൻ സുരക്ഷാ കവചമണിഞ്ഞ് രോഗികൾക്കടുത്ത് എത്തിയ ആദ്യ ഘട്ടം മുതൽ നിതാന്ത ജാഗ്രത തുടരുന്നതായി കോഴിക്കോട് മെഡിക്കൽ കോളേജ് സുപ്രണ്ട് കെ ജി സജീത്കുമാർ അറിയിച്ചു.

നിപ കണ്ടെത്തുന്നതിലേക്ക് വഴി തെളിയിച്ച ബേബി മെമ്മോറിയൽ ഡോക്ടർ അനൂപ്.
നമ്മുടെ ആരോഗ്യവകുപ്പിനൊപ്പം ചേർന്ന് പ്രവർത്തിച്ച മണിപ്പാൽ വൈറോളജി റിസർച്ച് മേധാവി
ഡോക്ടർ അരുൺകുമാർ

രോഗം സ്ഥിരീകരിച്ച ഘട്ടം മുതൽ കോഴിക്കോട് തുടരുന്ന കേന്ദ്രസംഘങ്ങൾ. എബോള പ്രോട്ടോക്കോൾ പ്രകാരം മൃതദേഹം സംസ്ക്കരിക്കാൻ സധൈര്യം മുന്നോട്ട് വന്ന ഡോക്ടർ ഗോപകുമാറും സംഘവും.

കോഴിക്കോട് ക്യാമ്പ് ചെയ്ത് പ്രതിരോധ പ്രവർത്തനങ്ങൾക്കടക്കം നേതൃത്വം നൽകി കൊണ്ടിരിക്കുന്ന ആരോഗ്യവകുപ്പ് ഡയറക്ടർ ഡോക്ടർ സരിത, ഡി എം ഒ ജയശ്രീ, പട്ടിക നീളുകയാണ്. മാലാഖയെന്ന പേര് ഹൃദയത്തിൽ കുറിച്ച നഴ്സ് ലിനിയുടെ ജ്വലിക്കുന്ന ഓർമ്മകൾ, നിപക്കൊപ്പം നാം വേദനയോടെ സ്മരിക്കുന്നു.

പറഞ്ഞാൽ തീരാത്തത്രയുണ്ട് നിസ്വാർത്ഥ സേവനങ്ങൾ, നിപ വ്യാപനം തടയാനും ജാഗ്രത തുടരാനുമുള്ള കരുത്ത് കോഴിക്കോട്ടുകാർ നേടി കഴിഞ്ഞു. മാസക് ധരിച്ച് റോഡിലിറങ്ങിയ നാളുകൾക്ക് വിട പറഞ്ഞ് ചെറിയ പെരുന്നാൾ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ജനങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News