അടുത്ത വര്‍ഷം മുതല്‍ ബാഗിന്റെ ഭാഗം കുറഞ്ഞേക്കും; കുട്ടികളുടെ മുതുവേദന മാറ്റാന്‍ എന്‍സിഇആര്‍ടി

സ്‌ക്കൂള്‍ തുറന്ന് ഒരാഴ്ച്ചയേ ആയുളളൂ.തിരുവനന്തപുരത്തെ 7ാംക്ലാസ് വിദ്യാര്‍ത്ഥിയായ അനീഷ് മോന് നാല് ദിവസം മാത്രമേ സ്‌കൂളില്‍ പോകാനായുളളൂ.

തീവ്രമായ പുറം വേദന മൂലം അനീഷ് മോന്‍ ഇപ്പോള്‍ വിശ്രമത്തിലാണ്.പുറം വേദനയ്ക്ക് ചികിത്സ തേടിയപ്പോള്‍ ഡോക്ടര്‍ ചോദിച്ചത് ഒരൊറ്റ ചോദ്യം മാത്രം. സ്‌ക്കൂള്‍ ബാഗിന് എത്ര കിലോഭാരം ഉണ്ട്? ഉത്തരം കേട്ടപ്പോള്‍ ഡോട്കര്‍ ഞെട്ടിപ്പോയി. ഭാരം 15 കിലോ.

അനീഷ് മോന്റെ ഭാരം 22 കിലോ ആണ്. 22 കിലോയുളള അനീഷ്‌മോന്‍ 15 കിലോ ഭാരമാണ് സ്‌കൂള്‍ ഉളള എല്ലാദിവസവും ചുമക്കുന്നത്. വീട്ടില്‍ നിന്ന് സ്‌ക്കൂള്‍ ബസ്സിലേക്കും സ്‌ക്കൂള്‍ബസ്സില്‍ നിന്ന് സ്‌ക്കൂളിലേയ്ക്കും വൈകിട്ട് സ്‌ക്കൂളില്‍ നിന്ന് സ്‌ക്കൂള്‍ ബസ്സിലേയ്ക്കും സ്‌ക്കൂള്‍ ബസ്സില്‍ നിന്ന് ട്യൂഷന്‍ ക്‌ളാസിലേയ്ക്കും ട്യൂഷന്‍ ക്ലാസില്‍ നിന്ന് വീട്ടിലേയ്ക്കുമെല്ലാമായി അനീഷ് മോന്‍ ഒരു ദിവസം 15 കിലോഭാരം ചുമക്കുന്നത് ഒരു മണിക്കൂര്‍ നേരത്തോളമാണ്.

ചില ദിവസങ്ങളില്‍ ബസ്സില്‍ ഇരിക്കാന്‍ സീറ്റ് കിട്ടാറില്ല. കുട്ടികളെ കുത്തിനിറച്ചാണ് ബസ് പോകാറുളളത്. ആ ദിവസങ്ങളില്‍ പുറത്ത് ഭാരം തൂക്കി ബസ്സില്‍ നിന്നാണ്
യാത്ര ചെയ്യാറുളളത്. പിന്നെ എങ്ങനെ പുറം വേദന വരാതിരിക്കും?


എതുകൊണ്ടാണ് ബാഗിന് ഇത്രഭാരം?

അനീഷിന്റെ അമ്മയുടെ മറുപടി ഇങ്ങനെ
‘ എല്ലാ ദിവസവും എട്ട് ടെക്സ്റ്റ്  ബുക്കുകള്‍ സ്‌ക്കൂളിലേയ്ക്ക് കൊണ്ടുപോകും. പത്ത് നോട്ട് ബുക്കുകളും. സ്‌ക്കൂളില്‍ നിന്ന് നേരിട്ട്  ട്യൂഷന്‍  ക്‌ളാസിലേയ്ക്കാണ് പോകുന്നത്.

അതുകൊണ്ടുതന്നെ ട്യൂഷന്‍  ബുക്കുകളും ഒപ്പം കൊണ്ടുപോകണം പിന്നെ ഉച്ച ഭക്ഷണം,പതിനൊന്ന് മണിക്കും നാല് മണിക്കും നല്കാനുളള ലഘു ഭക്ഷണം ,കുട ,മഴ വന്നാല്‍ നനയാതിരിക്കാനുളള റെയിന്‍ കോട്ട് എന്നിവയെല്ലാം ബാഗിലുണ്ട്’

ഇത്രയെല്ലാം പുസ്‌തകങ്ങള്‍ സ്‌ക്കൂളിലേയ്ക്ക് കൊണ്ടുപോകേണ്ട ആവശ്യം ഉണ്ടോ? എല്ലാവരും കുറ്റപ്പെടുത്തുക സ്‌ക്കൂളിനേയും അധ്യാപകരേയും ആയിരിക്കും. എന്നാല്‍ അനീഷ് മോന്റെ ടീച്ചര്‍ക്ക് പറയാനുളളത് മറ്റു ചിലതാണ്.
ട്യൂഷന്‍ പുസ്തകങ്ങള്‍ കൂടി ചുമക്കുന്നതാണ് യഥാര്‍ത്ഥ പ്രശ്‌നം. ഇതിന് സ്‌ക്കൂള്‍ ഉത്തരവാദിയല്ല.പൊതുവെ പുസ്തകങ്ങള്‍ക്ക് ഭാരം കൂടുതലാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനം എടുക്കണം’

അനീഷ് മോന്‍ ഒറ്റപ്പെട്ട ഒരാള്‍ അല്ല. പുറം വേദനയ്ക്ക് ചികിത്സ തേടിയെത്തുന്ന കുട്ടികള്‍ നിരവധിയാണെന്ന് അനീഷ്‌മോനെ ചികിത്സിക്കുന്ന ഡോ.സി കെ ദിനേശന്‍ പറയുന്നു.
‘ ശരീര വളര്‍ച്ചയുടെ നിര്‍ണ്ണായ ഘട്ടത്തില്‍ ഉണ്ടാകുന്ന പുറം വേദന കുട്ടികളില്‍ അപകടകരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്. ഒരു വര്‍ഷം ശരാശരി നൂറോളം കുട്ടികള്‍ ചികിത്സ   തേടി എന്റെ അടുത്ത് എത്താറുണ്ട്.

മക്കളെ മിടുക്കരാക്കാനുളള പരക്കം പാച്ചിലിനിടയില്‍ അടിസ്ഥാന ആരോഗ്യ വിഷയങ്ങള്‍ രക്ഷിതാക്കള്‍ മറക്കുന്നതാണ് യഥാര്‍ത്ഥ പ്രശ്‌നം’

കുട്ടികള്‍ അമിത ഭാരമുളള സ്‌ക്കൂള്‍ ബാഗുകള്‍ ചുമക്കുന്നത് തടയാന്‍ നിയമമുണ്ട്. 2006ല്‍ പാര്‍ലമെന്റെ് പാസാക്കിയ ചില്‍ഡ്രന്‍സ് സ്‌ക്കൂള്‍ ബാഗ് ആക്റ്റ് പ്രകാരം, ഒരു കുട്ടിയുടെ ശരീര ഭാരത്തിന്റെ പത്തുശതമാനത്തിലധികം ഭാരം ബാഗിന് പാടില്ല.

നേഴ്‌സറിയില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സ്‌ക്കൂള്‍ ബാഗുകള്‍ പാടില്ല, കുട്ടികള്‍ ബസ് കാത്ത് നില്‍ക്കുമ്പോ‍ഴും അസംബ്‌ളിയില്‍ നില്ക്കുമ്പോ‍ഴും ബാഗ് ചുമക്കരുത്, സ്‌ക്കൂള്‍ ബാഗ് ഒരു ചുമലില്‍ മാത്രമായി തൂക്കിയിടരുത് എന്നിങ്ങനെ നിരവധി വ്യവസ്ഥകള്‍ നിയമം നിഷ്‌കര്‍ഷിക്കുന്നു.

നിയമലംഘനം നടത്തിയാല്‍ സ്‌ക്കൂളുകള്‍ക്ക് മേല്‍ 3 ലക്ഷം രൂപ പിഴ ചുമത്താം.എന്നിട്ടും തിരുത്തിയില്ലെങ്കില്‍ സ്‌ക്കൂളിന്റെ അംഗീകാരം റദ്ദാക്കാം. നിയമം 2006ല്‍ നടപ്പിലായെങ്കിലും ഇതുവരെ രാജ്യത്തെവിടെയും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെയും നടപടിയെടുത്തിട്ടില്ല.

അതേ സമയം അമിത ഭാരം ചുമന്ന് പുറം വേദനിച്ച് പിടയുന്ന കുട്ടികളുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കുന്നു.

സ്‌ക്കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കാന്‍ എന്‍ സി ഇ ആര്‍ ടി

വിഷയം എന്‍ സി ഇ ആര്‍ടിയുടെ സജീവ പരിഗണനയിലുണ്ടെന്നത് ആശ്വാസം നല്കുന്നു. സ്‌ക്കൂള്‍ ബാഗിന്റെ ഭാരം കുറക്കുന്നതുമായി ബന്ധപ്പെട്ട് എന്‍ സി ഇ ആര്‍ ടി പൊതുജനങ്ങളുടെ അഭിപ്രായംആരാണപ്പോള്‍ ലഭിച്ചത് മുപ്പത്തിഏഴായിരത്തോളം പരിഹാര നിര്‍ദ്ദേശങ്ങളായിരുന്നു.

നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് പ്രശ്‌നത്തിന് പരിഹാരം നിര്‍ദ്ദേശിക്കുന്നതിനായി ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രാലയമാണ്.
മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്ക്കര്‍ ഇങ്ങനെയാണ് പ്രതികരിച്ചത്.

‘ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ ഭാരം കുറഞ്ഞ ചെറിയ പുസ്തകങ്ങള്‍ സ്‌ക്കൂളുകളിലെത്തിക്കും’

വിദ്യാര്‍ത്ഥി ഒരു പുസ്‌കം മാത്രം സ്‌ക്കൂളിലേയ്ക്ക് കൊണ്ടുപോകുന്ന വിധത്തിലുളള
സംവിധാനമാണ് എന്‍ സി ഇ ആര്‍ ടി വിഭാവനം ചെയ്യുന്നത്.

ഒരു മാസത്തില്‍ പഠിപ്പിക്കേണ്ട വിവിധവിഷയങ്ങളിലെ അധ്യായങ്ങള്‍ ഒരു പുസ്തകത്തില്‍ ഉള്‍പ്പെടുത്തും.അങ്ങനെ ആകെ പത്ത് പുസ്തകങ്ങള്‍. നോട്ട് ബുക്കുകളുടെ വലുപ്പം കുറയ്ക്കാനുളള നടപടികളും എന്‍ സി ഇ ആര്‍ ടിയുടെ പരിഗണനയിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel