ഒന്നുകില്‍ കിരീടം; അല്ലെങ്കില്‍ വിരാമം; ഇത് മെസിയുടെ ശപഥം

അര്‍ജന്‍റീനയുടെയും ബാ‍ഴ്സലോണയുടെയും സൂപ്പര്‍ താരം ലയണല്‍ മെസി റഷ്യന്‍ ലോകകപ്പോടെ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിക്കുമെന്ന് സൂചന. ലോകകപ്പിന് ശേഷം വീണ്ടും ദേശീയ ജേഴ്‌സിയണിയുന്നത് സംശയമാണെന്ന് മെസി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

ലോകകപ്പിലെ പ്രകടനം അനുസരിച്ചായിരിക്കും അര്‍ജന്‍റീന നായകന്‍റെ രാജ്യാന്തര ഫുട്‌ബോള്‍ ഭാവി. കപ്പ് നേടിയില്ലെങ്കില്‍ മുന്‍ ചരിത്രം ആവര്‍ത്തിക്കില്ല, വിരമിക്കുമെന്ന് ഉറപ്പാണെന്ന് മെസി പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

31 വയസുള്ള മെസിക്ക് അടുത്ത ലോകകപ്പ് വരെ കളിക്കത്തില്‍ സജീവമാകാന്‍ ക‍ഴിയുമോ എന്നതും കണക്കിലെടുത്താണ് ഈ തീരുമാനമെന്നും സൂചനയുണ്ട്.

അര്‍ജന്‍റീനയ്ക്കൊപ്പം ആദ്യ കിരീടമെന്ന മെസിയുടെ കാത്തിരിപ്പിന് 11 വര്‍ഷത്തെ പ‍ഴക്കമുണ്ട്. ഫുട്ബോള്‍ മിശിഹയെന്ന് വിളിപ്പേരുണ്ടെങ്കിലും മെസിക്ക് അര്‍ജന്‍റീന കുപ്പായത്തില്‍ ഇതുവരെ പ്രധാന കിരീടങ്ങളൊന്നും നേടാനായിട്ടില്ല. ലോകകപ്പിലും കോപയിലും ഉള്‍പ്പെടെ നാലു ഫൈനലുകളില്‍ തോറ്റു.

ഇതില്‍ ബ്രസീല്‍ ലോകകപ്പിലും കഴിഞ്ഞ രണ്ടു കോപയിലും മെസിയായിരുന്നു അര്‍ജന്‍റീനയെ നയിച്ചിരുന്നത്. ലോകകപ്പില്‍ ജര്‍മനിയോട് തോറ്റെങ്കിലും മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ മെസിക്കായിരുന്നു.

കോപ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്‍റ് ഫൈലനിലാകട്ടെ ചിലിയോട് പെനല്‍റ്റി ഷൂട്ടൗട്ടില്‍ 4-2 നായിരുന്നു അര്‍ജന്‍റീയുടെ തോല്‍വി. ഷൂട്ടൗട്ടില്‍ മെസി കിക്ക് പാ‍ഴാക്കുകയും ചെയ്തിരുന്നു. ഈ തോല്‍വികളോടെ രാജ്യത്തിന് വേണ്ടി കിരീടം നേടാനാകാത്ത രാജകുമാരനായി മെസി മാറിയിരുന്നു.

ഇതോടെ ലാലിഗ, ചാമ്പ്യന്‍സ് ലീഗ്, ഫിഫ ക്ലബ് ലോകകപ്പ് തുടങ്ങി നിരവധി ട്രോഫികള്‍ ബാ‍ഴ്സലോണയ്ക്കായി കളിച്ചെടുക്കുന്ന മെസി, സ്വന്തം രാജ്യത്തിന് വേണ്ടി പൂര്‍ണ മനസോടെ കളിക്കുന്നില്ലെന്ന ആരാധകരുടെയും മാധ്യമങ്ങളുടെയും വിമര്‍ശനം കടുത്തു.

അഞ്ചുതവണ ലോകത്തെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മെസിക്ക് ദേശീയ ടീമിനായി ഒന്നുംചെയ്യാന്‍ കഴിയുന്നില്ലെന്ന വിമര്‍ശങ്ങളുയര്‍ന്നു.

തുടര്‍ച്ചയായ മൂന്ന് ഫൈനലുകളില്‍ ടീമിനെ എത്തിച്ചത് കാണാതെ തന്നെ മാത്രം വിമര്‍ശിക്കുന്നതില്‍ മനംനൊന്ത് 27ാം വയസില്‍ മെസി രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

തുടര്‍ച്ചയായി മൂന്ന് ഫൈനലുകളില്‍ തോറ്റതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മെസി നാടകീയമായി വിരമിക്കല്‍ പ്രഖ്യാപിച്ചതെന്ന് ഡീഗോ മറഡോണ അന്ന് തുറന്നടിച്ചിരുന്നു. പക്ഷേ ആരാധകരെ അമ്പരിപ്പിച്ച് ഒരുമാസത്തിനകം തന്നെ മെസി വിരമിക്കല്‍ തീരുമാനം മാറ്റുകയും ചെയ്തു.

2005ല്‍ അര്‍ജന്‍റീനയ്ക്കായി അന്താരാഷ്ട്ര തലത്തില്‍ അരങ്ങേറിയ മെസി 124 മത്സരങ്ങളില്‍ നിന്നായി 64 ഗോളുകള്‍ നേടിയിട്ടുണ്ട്. 18ാം വയസില്‍ ഹംഗറിക്കെതിരെയായിരുന്നു മെസിയുടെ അരങ്ങേറ്റം.

പക്ഷേ, പകരക്കാരനായി ഇറങ്ങി രണ്ടാം മിനിറ്റില്‍തന്നെ ചുവപ്പുകാര്‍ഡ് കണ്ട് തിരിച്ചുകയറി. 2008 ബീജിങ് ഒളിമ്പിക്സില്‍ അര്‍ജന്‍റീന സ്വര്‍ണം നേടിയപ്പോള്‍ മെസി താരമായി ഉയര്‍ന്നു. 2006, 2010 ലോകകപ്പുകളില്‍ കാര്യമായ നേട്ടങ്ങള്‍ മെസിയില്‍നിന്നുണ്ടായില്ല.

ഇത്തവണ റഷ്യന്‍ ലോകകപ്പില്‍ ഈ മാസം 16ന് ഐസ്‌ലൻഡിനെതിരെയാണ് അര്‍ജന്‍റീനയുടെ ആദ്യ മൽസരം. നൈജീരിയ, ക്രൊയോഷ്യ തുടങ്ങിയ കരുത്തരുള്‍പ്പെടുന്ന ഗ്രൂപ്പിലാണ് അർജന്‍റീന. ലോകകപ്പോടെ 11 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയര്‍ തങ്ങളുടെ പ്രിയതാരം അവസാനിപ്പുക്കമോയെന്നുള്ള ആശങ്കയിലാണ് ലോകമെമ്പാടുമുള്ള മെസി ആരാധകര്‍.

ലോകകപ്പ് നേടിയാല്‍ കാല്‍നടയായി 68 കിലോമീറ്റര്‍ സഞ്ചരിച്ച് ഒരു തീര്‍ത്ഥ യാത്ര പോകുമെന്ന് ലിയോ മുമ്പ് പ്രഖ്യാപിച്ചിരുന്നു. ലോകകപ്പും കൈയില്‍ പിടിച്ച് ജന്മനഗരമായ റൊസാരിയോയിലെ സാന്‍ നികോളാസിലേക്ക് തീര്‍ത്ഥയാത്ര പോകുമെന്നാണ് മെസിയുടെ ശപഥം. ഏകദേശം 14 മണിക്കൂറെങ്കിലുമെടുക്കുന്ന യാത്രയാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News