മരട് സ്‌കൂള്‍ ബസ് അപകടം; രണ്ടു കുട്ടികളും സ്‌കൂള്‍ ജീവനക്കാരിയും മരിച്ചു; ഡ്രൈവര്‍ ഗുരുതരാവസ്ഥയില്‍

കൊച്ചി: കൊച്ചി മരടില്‍ സ്‌കൂള്‍ ബസ് കുളത്തിലേക്ക് മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു.

കിഡ്‌സ് വേള്‍ഡ് ഡേകെയര്‍ സെന്ററിലെ വിദ്യാലക്ഷ്മി, ആദിത്യന്‍ എന്നീ വിദ്യാര്‍ഥികളും ജീവനക്കാരി ലതാ ഉണ്ണിയുമാണ് മരിച്ചത്.

സ്‌കൂള്‍ വിട്ടുള്ള മടക്കയാത്രയിലാണ് നാടിനെ ദുഃഖത്തിലാഴ്ത്തിയ ദുരന്തമുണ്ടായത്. അടുത്തുള്ളവരെ വീടുകളിലിറക്കി മുന്നോട്ടു പോകുന്നതിനിടെ അയണിക്കല്‍ ക്ഷേത്ര പരിസത്തു വെച്ചു നിയന്ത്രണം നഷ്ടപെട്ട ബസ് തൊട്ടടുത്ത കുളത്തിലേക്കു മറിയുകയായിരുന്നു.

ഡ്രൈവറും ആയയും അടക്കം പത്തു പേരാണ് അപ്പോള്‍ വാഹനത്തില്‍ ഉണ്ടായിരുന്നത്. ഓടിയെത്തിയ നാട്ടുകാരാണ് വാഹനത്തിനു പുറത്തേയ്ക്കു വീണ കുട്ടികളെ രക്ഷപെടുത്തി ആശുപത്രിയില്‍ എത്തിച്ചത്.

ഈ സമയം വാഹനത്തിനുള്ളില്‍ കുടുങ്ങിയ വിദ്യാലക്ഷ്മി, ആദിത്യന്‍, ആയ ലതാഉണ്ണി എന്നിവരെ ഏറെ പണിപ്പെട്ടാണ് പുറത്തെത്തിച്ചത്. ഇവരെ ഉടന്‍ തൊട്ടടുത്തുള്ള മരടിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കാട്ടിത്തറ സഹകരണറോഡ് ആയത്തു പറമ്പില്‍ സനലിന്റെ മകളാണ് വിദ്യാലക്ഷ്മി. ചെങ്ങന്നൂര്‍ മുളക്കുഴ ശ്രീനിലയത്തില്‍ കൃഷ്ണന്‍കുട്ടിയുടെ മകനാണ് ആദിത്യന്‍.

സിപിഐഎം ജില്ലാ സെക്രട്ടറി പി രാജീവ്, മരട് നഗരസഭയിലെ ജനപ്രതിനിധികള്‍ ഉള്‍പ്പടെ നിരവധിപേര്‍ ആശുപത്രിയിലെത്തിയിരുന്നു. ജില്ലാ കളക്ടര്‍ അടക്കം ആശുപത്രിയിലെത്തി പോസ്റ്റ്മാര്‍ട്ടം നടപടികള്‍ ഒഴിവാക്കി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.

അതേസമയം, അപകടത്തില്‍ പരുക്കേറ്റ ബസ് ഡ്രൈവര്‍ അനില്‍കുമാര്‍, നാലുവയസ്സുകാരി കരോള്‍ എന്നിവര്‍ കൊച്ചിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here