നിപ വൈറസ്: രോഗമുക്തി നേടിയ അജന്യ വീട്ടിലേക്ക് മടങ്ങി

കോഴിക്കോട്: നിപ വൈറസ് ബാധയില്‍ നിന്ന് മോചിതയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ആശുപത്രി വിട്ടു.

പ്രത്യേക മെഡിക്കല്‍ സംഘത്തോടൊപ്പമാണ് അജന്യ വീട്ടിലേക്ക് മടങ്ങിയത്. ചികിത്സയിലുളള മലപ്പുറം സ്വദേശി ഈ മാസം 14ന് വീട്ടിലേക്ക് മടങ്ങും. പ്രത്യേക മെഡിക്കല്‍ സംഘത്തോടൊപ്പമാണ് അജന്യ വീട്ടിലേക്ക് മടങ്ങിയത്. രണ്ട് പേരുടേയും തുടര്‍ നിരീക്ഷണത്തിന് സംവിധാനം ഒരുക്കിയതായി കോഴിക്കോട് മെഡിക്കല്‍ കോളേജ് സുപ്രണ്ട് അറിയിച്ചു.

ജീവിതത്തിലേക്ക് ഒരിക്കലും തിരിച്ചുവരില്ല എന്ന് ഉറപ്പിച്ച ഘട്ടം, ശരീരവും മനസ്സും വേര്‍പെട്ട് പോയ സാഹചര്യം മറികടന്നാണ് നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി അജന്യയുടെ തിരിച്ചു വരവ്.

ഐസൊലേഷന്‍ വാര്‍ഡില്‍ ഒറ്റയ്ക്ക് നില്‍ക്കേണ്ടി വന്ന ഘട്ടത്തില്‍ പൂര്‍ണ്ണമായും സുരക്ഷാകവചമണിഞ്ഞ് എത്തിയ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ജീവനക്കാര്‍ എല്ലാവരോടും നന്ദി പറഞ്ഞാണ് അജന്യ കോഴിക്കോട് മെഡിക്കല്‍ കോളേജ് വിട്ടത്.

വീട്ടിലും നിരീക്ഷണം തുടരും. മറ്റ് അസുഖങ്ങളൊന്നും പിടിപെടാതെ നോല്‍ക്കേണ്ടതുണ്ട്. ഇതിനാവശ്യമായ ക്രമീകരണം ഒരുക്കിയതായി മെഡിക്കല്‍ കോളേജ് ആശുപത്രി സുപ്രണ്ട് ഡോക്ടര്‍ കെജി സജീത്കുമാര്‍ പറഞ്ഞു.

രോഗം ഭേദമായി ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന മലപ്പുറം സ്വദേശി ഉബീഷ് ഈ മാസം 14ന് വീട്ടിലേക്ക് മടങ്ങും. നിപ വൈറസ് ബാധയേറ്റ് ഭാര്യ മരിച്ച വേദനക്കിടെയാണ് ഉബീഷിനേയും വൈറസ് പിടികൂടിയത്.

മലേഷ്യയില്‍ നിന്നെത്തിച്ച റിബാവെറിന്‍ എന്ന മരുന്ന് ചികിത്സയിലിരിക്കെ രണ്ട് പേര്‍ക്കും നല്‍കിയിരുന്നു. മരുന്നിനൊപ്പം ഇവരുടെ രോഗ പ്രതിരോധ ശേഷിയും മനക്കരുത്തും രോഗം ഭേദമാവാന്‍ സഹായിച്ചുകാണും എന്നാണ് ആധുനിക വൈദ്യശാസ്ത്രം കരുതുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here