മരട് സ്‌കൂള്‍ബസ് അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്ന് പ്രാഥമിക നിഗമനം; അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പീപ്പിളിന്

കൊച്ചി: മരടിലെ സ്‌കൂള്‍ ബസ് അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്ന് പ്രാഥമിക നിഗമനം.

ഇടുങ്ങിയ വഴിയിലൂടെ അമിതവേഗത്തില്‍ വളവ് തിരിഞ്ഞതാണ് അപകടത്തിന് കാരണമായതെന്ന് സിസി ടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. അപകടസ്ഥലത്തിന് സമീപത്ത് നിന്ന് ലഭിച്ച സിസി ടിവി ദൃശ്യങ്ങള്‍ പീപ്പിളിന് ലഭിച്ചു.

കുളത്തിലേക്ക് വീണയുടന്‍ വാന്‍ മുങ്ങുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ടെത്തിയവരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്.

അതേസമയം, ആശുപത്രിയില്‍ കഴിയുന്ന കരോള്‍ അപകടനില തരണം ചെയ്‌തെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഡ്രൈവര്‍ അനില്‍കുമാറിന്റെ നില ഗുരുതരമായി തുടരുകയാണ്.

ഇന്ന് ഉച്ചയ്ക്ക് 3.45ഓടെയാണ് സംഭവം.

സ്‌കൂള്‍ വിട്ടുള്ള മടക്കയാത്രയിലാണ് നാടിനെ ദുഃഖത്തിലാഴ്ത്തിയ ദുരന്തമുണ്ടായത്. അടുത്തുള്ളവരെ വീടുകളിലിറക്കി മുന്നോട്ടു പോകുന്നതിനിടെ അയണിക്കല്‍ ക്ഷേത്ര പരിസത്തു വെച്ചു നിയന്ത്രണം നഷ്ടപെട്ട ബസ് തൊട്ടടുത്ത കുളത്തിലേക്കു മറിയുകയായിരുന്നു.

ഡ്രൈവറും ആയയും അടക്കം പത്തു പേരാണ് അപ്പോള്‍ വാഹനത്തില്‍ ഉണ്ടായിരുന്നത്. ഈ സമയം വാഹനത്തിനുള്ളില്‍ കുടുങ്ങിയ വിദ്യാലക്ഷ്മി, ആദിത്യന്‍, ആയ ലതാ ഉണ്ണി എന്നിവരെ ഏറെ പണിപ്പെട്ടാണ് പുറത്തെത്തിച്ചത്. ഇവരെ ഉടന്‍ മരടിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കാട്ടിത്തറ സഹകരണറോഡ് ആയത്തു പറമ്പില്‍ സനലിന്റെ മകളാണ് വിദ്യാലക്ഷ്മി. ചെങ്ങന്നൂര്‍ മുളക്കുഴ ശ്രീനിലയത്തില്‍ കൃഷ്ണന്‍കുട്ടിയുടെ മകനാണ് ആദിത്യന്‍.

സിപിഐഎം ജില്ലാ സെക്രട്ടറി പി രാജീവ്, മരട് നഗരസഭയിലെ ജനപ്രതിനിധികള്‍ ഉള്‍പ്പടെ നിരവധിപേര്‍ ആശുപത്രിയിലെത്തിയിരുന്നു.

ജില്ലാ കളക്ടര്‍ അടക്കം ആശുപത്രിയിലെത്തി പോസ്റ്റ്മാര്‍ട്ടം നടപടികള്‍ ഒഴിവാക്കി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News