സിനദിന്‍ സിദാന്‍ എന്തുകൊണ്ട് ഫ്രഞ്ച് മുസ്ലിംങ്ങളുടെ പ്രതീകമാവുന്നു?

പാരിസിലെ സെയ്ന്റെ് ഡെന്നീസ് അന്ന് മൂകമായിരുന്നു. റ്യൂ ഗബ്രിയേല്‍ തെരുവിലുളള പാക്ക് സ്വദേശി യാസിര്‍ഖാന്റെ ഹലാല്‍ ചിക്കന്‍ റസ്റ്റോറന്റിലും ബംഗ്ലാദേശുകാരനായ ബാഷറിന്റെ മൊബൈല്‍ ഷോപ്പിലും എന്തോ അസ്വസ്തത പടര്‍ന്ന പ്രതീതി.

2015 നവംമ്പറിലാണ് സെയ്ന്റെ് ഡെന്നീസില്‍ ലോകത്തെ ടുക്കിയ ബോംബ് സ്‌ഫോടന പരമ്പരകള്‍ ഉണ്ടായത്. മുസ്ലിംങ്ങള്‍, പ്രത്യേകിച്ച് ഏഷ്യയില്‍ നിന്ന് കുടിയേറിയ മുസ്ലിംങ്ങള്‍ തിങ്ങിപ്പാര്‍ക്കുകയും തൊഴിലെടുക്കുകയും ചെയ്യുന്ന പ്രദേശമാണിത്.

എന്നാല്‍ ഭീകരാക്രമണത്തിന് ശേഷം സെയ്ന്റെ് ഡെന്നീസിന് കാര്യമായ മാറ്റങ്ങള്‍ ഒന്നും ഉണ്ടായില്ല. ഇവിടുത്തെ മുസ്ലിംങ്ങളെ ആരും സംശയ ദൃഷ്ടിയോടെ നോക്കിയില്ല. നിരപരാധികള്‍ പീഡിപ്പിക്കപ്പെട്ടില്ല. എന്നിട്ടും എന്തേ ഇവിടെയൊരു മൂകത?

പാരിസ് കാലാവസ്ഥ ഉച്ചകോടി നടന്നുകൊണ്ടിരിക്കെ സന്ധ്യകളില്‍ കുറഞ്ഞ യൂറോയ്ക്ക് രുചികരമായ ഏഷ്യന്‍ വിഭവങ്ങള്‍ വിളമ്പിയും ഒരു പതിറ്റാണ്ടിലേറെ നീണ്ട പാരിസ് ജീവിത കഥകള്‍ വിവരിച്ചും തണുപ്പും മടുപ്പും അകറ്റിയിരുന്ന യാസിന്‍ഖാന്‍ തെല്ല് അസ്വസ്തനായി. ‘നിങ്ങള്‍ ഒന്നും അറിഞ്ഞില്ലേ? ഫ്രാന്‍സില്‍ ഫ്രണ്ട് നാഷണല്‍ പാര്‍ട്ടി അധികാരത്തില്‍ വരാന്‍ പോവുന്നു. കുടിയേറ്റക്കാരെ മുഴുവന്‍ ആട്ടിയോടിക്കുമെന്നാണ് അവരുടെ നേതാവ് പറഞ്ഞിരിക്കുന്നത്.’

തലേന്നാളായിരുന്നു പ്രാദേശിക തെരെഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നത്. ഭരണകക്ഷിയായ സോഷ്യലിസ്റ്റ് പാര്‍ട്ടിയേയും പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയേയും സ്തബ്ധരാക്കികൊണ്ട് കൊണ്ട് മറൈന്‍ ലി പെന്നിന്റെ നേതൃത്വത്തിലുളള ഫ്രണ്ട് നാഷണല്‍ പാര്‍ട്ടി പതിമൂന്ന് പ്രവിശ്യകളില്‍ ആറ് എണ്ണത്തില്‍ ഭരണം പിടിച്ചു.

എഫ്.എന്‍ പാര്‍ട്ടിയെ പരാജയപ്പെടുത്താനായി പലയിടത്തും സോഷ്യലിസ്റ്റും കണ്‍സര്‍വേറ്റീവും രഹസ്യമായും പരസ്യമായും ധാരണയുണ്ടാക്കിയില്ലായിരുന്നെങ്കില്‍ ഫ്രഞ്ച് രാഷ്ട്രീയം മറൈന്‍ ലി പെന്നിന്റെ കൈപ്പിടിലാവുമായിരുന്നു. ‘എഫ്.എന്‍ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ എന്താണ് കുഴപ്പം?’

പാരിസ് യാത്രയിലുടനീളം കാശ്മീരിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ആതിര്‍ പര്‍വേശ് ആയിരുന്നു ഈ ലേഖകന്റെ സഹയാത്രികന്‍. മുസ്ലീമായിട്ടും ഭീകരവാദ കേന്ദ്രമെന്ന് ലോകം മുഴുവന്‍ അറിയപ്പെടുന്ന കാശ്മീരില്‍ നിന്നായിട്ടും പര്‍വേശിന് ദേഹപരിശോധനയോ സംശയദൃഷ്ടിയോടെയുളള നോട്ടമോ കുത്തുവാക്കുകളോ നേരിടേണ്ടിവന്നില്ല.

സ്വന്തം നാട്ടിലും സംസ്ഥാനത്തും രാജ്യത്തും കാര്യങ്ങള്‍ അങ്ങനെയല്ലത്രെ. ഫ്രഞ്ച് വിപ്ലവത്തിന്റേയും പാരിസ് കമ്യൂണിന്റെയും ഗൃഹാതുരത വ്യക്തിസ്വാതന്ത്രത്തിലും മതേതരമുല്യങ്ങളിലും അചഞ്ചലമായി ഉയര്‍ത്തിപിടിക്കുന്ന രാജ്യമാണ് ഫ്രാന്‍സ്. ഈ മണ്ണില്‍ ഫ്രണ്ട് നാഷണല്‍ പാര്‍ട്ടി എന്ന തീവ്ര വലതുപക്ഷം ആധികാരത്തില്‍ വന്നാല്‍ എന്താണ് കുഴപ്പം?

ഈ ചോദ്യത്തിന് ഉത്തരം കിട്ടിയത് ഫ്രണ്ട് നാഷണല്‍ പാര്‍ട്ടിയുടെ യുവജനവിഭാഗമായ ഫ്രഞ്ച് നാഷണല്‍ യൂത്തിന്റെ ന്യുഡെസ്സിലുളള പ്രാദേശിക ഓഫീസിന് മുന്നില്‍ അവിചാരിതമായി എത്തിയപ്പോഴാണ്. ചുവരുകളില്‍ എതിരാളികളെ പരിഹസിച്ചുളള വലിയ കാര്‍ട്ടൂണുകള്‍ വരച്ചുകൊണ്ടാണ് ഫ്രാന്‍സില്‍ സാധാരണ തെരെഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടത്താറുളളത്.

എന്നാല്‍ ഈ പാര്‍ട്ടി ഓഫീസിന് മുന്നില്‍ ഒരു ബോര്‍ഡ് കണ്ടു. പാര്‍ട്ടിയുടെ മുദ്രാവാക്യങ്ങള്‍ വൃത്തിയായി എഴുതിയിരിക്കുന്നു. ഫ്രഞ്ചിലുളള മുദ്രാവാക്യങ്ങളുടെ തര്‍ജ്ജമ ഏറെക്കുറെ ഇങ്ങനെയാണ്.

‘കുടിയേറ്റങ്ങള്‍ തടയുക, അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുക, ഭീകരവാദം അമര്‍ച്ചചെയ്യുക’. ഫ്രഞ്ച് നാഷണല്‍ പാര്‍ട്ടിയുടെ ഉന്നം മുസ്ലിംങ്ങളാമണെന്ന് യാസിന്‍ഖാനെപ്പോലുളളവര്‍ ഉറച്ച് വിശ്വസിക്കുന്നു.

ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ ദാരിദ്ര്യം താങ്ങാനാവാതെ കുടിയേറിയവരില്‍ കൂടുതലും മുസ്ലിംങ്ങളാണ്. ഇവരിലെ വലിയൊരു വിഭാഗത്തിന് ഫ്രഞ്ച് പൗരത്വമുണ്ട്.

മറ്റ് പാശ്ചാത്യരാജ്യങ്ങളില്‍ നിന്ന് വിഭിന്നമായി മുസ്ലിംങ്ങള്‍ക്ക് പൗരത്വം ലഭിക്കാന്‍ ഇവിടെ സങ്കീര്‍ണ്ണതകള്‍ ഇല്ല. രാഷ്ട്രീയം, ഭരണനിര്‍വ്വഹണം, സൈന്യം, വാണിജ്യം, വ്യവസായം എന്നിങ്ങനെ സമഗ്രമേഖലകളിലും കുടിയേറ്റ മുസ്ലിംങ്ങള്‍ക്ക് നല്ല പ്രാതിനിധ്യമുണ്ട്.

കുടിയേറ്റക്കാര്‍ക്ക് താങ്ങും തണലുമായിരുന്ന പാരിസിനെ അരക്ഷിതാതാവസ്ഥയിലേയ്ക്ക് തള്ളിവിട്ടത് ആരാണ്? യാസിന്‍ഖാന് തെല്ലും സംശയം ഇല്ല.


ഐഎസ്‌ഐഎസ്

ഫ്രഞ്ച് മുസ്ലിംങ്ങളുടെ ചരിത്രം ആഫ്രിക്കയില്‍ നിന്ന് യൂറോപ്പിലേയ്ക്കുളള കുടിയേറ്റചരിത്രം കൂടിയാണ്. ബ്രിട്ടനോടൊപ്പം ഫ്രാന്‍സ് കൊളോണിയല്‍ ശക്തിയായി ലോകം വാണിരുന്നകാലത്തുതന്നെ അള്‍ജീരിയയില്‍ നിന്നും മൊറോക്കോവില്‍ നിന്നും വന്‍തോതില്‍ കുടിയേറ്റങ്ങള്‍ ഉണ്ടായി.

അറുപതുകളിലും എഴുപതുകളിലും ഏഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമുളള കുടിയേറ്റങ്ങള്‍ തീവ്രമായി. മതപരമായ കണക്കെടുപ്പ് രാജ്യത്ത് നിരോധിച്ചതിനാല്‍ മുസ്‌ളിംങ്ങളുടെ എണ്ണത്തെക്കുറിച്ച് ആധികാരിക കണക്കില്ല. അറുപത് ലക്ഷം മുതല്‍ എഴുപത് ലക്ഷം വരെയുണ്ടാവുമെന്നാണ് അനുമാനം.

ചിതറികിടന്നിരുന്ന മുസ്‌ളിം വിഭാഗങ്ങളെ കൂട്ടിയോജിപ്പിച്ച് യൂണിയന്‍ ഓഫ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ഓഫ് ഫ്രാന്‍സ് രൂപീകരിച്ചതോടെയാണ് ഫ്രഞ്ച് മുസ്ലീമിന് സംഘടിത സ്വഭാവം കൈവന്നത്.

ശക്തമായ മതേതരനിയമങ്ങള്‍ നിലനില്ക്കുന്ന ഫ്രാന്‍സില്‍ മുസ്‌ളിം സംഘടനകളും ഭരണകൂടവും തമ്മില്‍ പലവിഷയങ്ങളിലും ഭിന്നതകള്‍ ഉണ്ടായി. എങ്കിലും ഭിന്നതകള്‍ ക്രമസമാധാന പ്രശ്‌നങ്ങളായി വളര്‍ന്നില്ല. തെരെഞ്ഞടുപ്പ് അടുക്കുമ്പോള്‍ എല്ലായിടത്തേയും പോലെ ഇവിടെയും ന്യൂനപക്ഷപ്രീണന അജണ്ടകളുമായി പ്രമുഖപാര്‍ട്ടികള്‍ രംഗത്ത് വരും.

ഫ്രഞ്ച് മുസ്ലിംങ്ങള്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കിയതിന്റെ പഴി ഏറ്റവുമധികം കേള്‍ക്കുന്നത് മുന്‍പ്രസിഡണ്ടും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിനേതാവുമായ നിക്കോളാസ് സര്‍ക്കോസിയാണ്. പ്രസിഡണ്ട് ആയിരിക്കെ സര്‍ക്കോസി രൂപീകരിച്ച ഫ്രഞ്ച് കൗണ്‍സില്‍ ഓഫ് ദി മുസ്ലിം ഫെയ്ത്ത് മതമൗലികവാദത്തിന് വിത്ത് പാകിയെന്ന് സോഷ്യലിസ്റ്റുകള്‍ ആരോപിക്കുന്നു.

ISIS

യാസിന്‍ഖാന്‍ ഫ്രഞ്ച് പൗരനല്ല. മനസ്സും കുടുംമ്പവുമെല്ലാം ഇപ്പോഴും പാകിസ്ഥാനിലെ ഇസ്‌ളാമാബാദിലാണ്. ഇന്ത്യയിലേയും പാകിസ്ഥാനിലേയും രാഷ്ട്രീയക്കാരുടെ സങ്കുചിത ചിന്തയാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷമുണ്ടാക്കുന്നതെന്ന് യാസിന്‍ഖാന്‍ വിശ്വസിക്കുന്നു.

ഇന്ത്യക്കാരോട് യാതൊരു വിരോധവുമില്ലെന്നു മാത്രമല്ല, ദക്ഷിണേന്ത്യക്കാരോട് പ്രത്യേക സ്‌നേഹമുണ്ട്. ആറര യൂറോ വിലയുളള കാപ്പി സ്ഥിരമായി തന്നത് മൂന്നു രൂപയ്ക്ക്. ഭീകരവാദത്തെക്കുറിച്ചുളള തന്റെ വിചിന്തനങ്ങള്‍ ആര്‍ക്ക് മുന്നിലും യാസിന്‍ഖാന്‍ സധൈര്യം അവതരിപ്പിക്കും.

‘അഞ്ച് നേരം നിസ്‌ക്കരിക്കുന്ന ഇസ്‌ളാമാണ് ഞാന്‍.പിറന്നനാടായ പാക്കിസ്ഥാനിലേക്കാള്‍ മതസ്വാതന്ത്ര്യം ഞാന്‍ അനുഭവിക്കുന്നത് ഇവിടെയാണ്’. ‘ആരാണിവിടെ കു!ഴപ്പക്കാര്‍്? ആരാണ് ഐഎസിനെ വളര്‍ത്തുന്നത്?”ആഫ്രിക്കന്‍ മുസ്ലിംങ്ങള്‍.ഇപ്പോള്‍ ചില അറബി പിളേളരും അവര്‍ക്കൊപ്പം ചേര്‍ന്നിരിക്കുന്നു.’

ഫ്രഞ്ച് മുസ്ലിംങ്ങള്‍ക്കിടയില്‍ ചേരിതിരിവ് ശക്താണ്. മറ്റിടങ്ങളിലേതുപോലെ ഷിയാ സുന്നി ഭിന്നത ഇവിടെയില്ല. ഭൂരിഭാഗം വരുന്ന ആഫ്രിക്കന്‍ മുസ്ലിംങ്ങള്‍, താരതമ്യേന സമ്പന്നരായ അറബികള്‍, ഇന്ത്യക്കാര്‍, പാകിസ്ഥാനികള്‍, ബംഗ്ലാദേശികള്‍ എന്നിവരടങ്ങിയ തെക്കന്‍ ഏഷ്യക്കാര്‍ എന്നിങ്ങനെ മൂന്ന് പ്രബല ഗ്രൂപ്പുകള്‍. തെക്കന്‍ഏഷ്യന്‍ മുസ്‌ളിംങ്ങളും ആഫ്രിക്കന്‍ മുസ്ലിംങ്ങളും തമ്മിലാണ് ഇവിടെ മൂപ്പിളതര്‍ക്കം.

ആഫ്രിക്കന്‍ മുസ്‌ളിംങ്ങള്‍ സംസ്‌ക്കാരശൂന്യരും ക്രിമിനലുകളും ഇസ്ലാം മതതത്വങ്ങള്‍ പിന്തുടരാത്തവരുമാണെന്ന് തെക്കനേഷ്യക്കാര്‍ പറയുന്നു.

ശാന്തവും സുന്ദരവും സമാധാനപരവുമായ ഫ്രാന്‍സിലേയ്ക്ക് ഭീകരവാദത്തിന്റെ വിത്തുകള്‍ കൊണ്ടുവന്നത് ആഫ്രിക്കന്‍ മുസ്ലിംങ്ങളാണെന്ന ഏഷ്യക്കാരുടെ അധിക്ഷേപം ആഫ്രിക്കന്‍ മുസ്ലിംങ്ങളെ പ്രകോപിപ്പിക്കുന്നു. ‘ഫ്രാന്‍സിന്റെ പ്രതീകമായി ഉയര്‍ന്ന ഏതെങ്കിലുമൊരു ഏഷ്യക്കാരനോയോ അറബിയേയൊ നിങ്ങള്‍ക്ക് കാണിച്ചു തരാനാവുമോ?’

ഗ്ലാഡിയോണ്‍ റെയില്‍വെ സ്റ്റേഷന് സമീപമുളള ബുക്സ്റ്റാളില്‍ പുസ്തകവില്പനക്കാരനായ ആഫിയ മുഹമ്മദ് എന്ന സുഡാന്‍ വംശജന്റെ മുഖത്ത് ആത്മാഭിമാനം. പിന്നെ പറഞ്ഞത് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന ഒരു പലായന കഥ.

അമ്പതുകളുടെ അവസാനം. അള്‍ജീരിയയില്‍ ആഭ്യന്തരയുദ്ധം കൊടുമ്പിരികൊണ്ടകാലം.ചിരാഗ പ്രവിശ്യയിലെ മനുഷ്യര്‍ വെട്ടേറ്റും വെടിയേറ്റും മരിച്ചുവീണു.

അത്യുഷ്ണത്തില്‍ മനുഷ്യര്‍ പട്ടിണിയോടോപ്പം വെന്തുരുകി. സംഘര്‍ഷവും ഉഷ്ണവും ദാരിദ്രവും സഹിക്കാനാവാതെ ഇസ്മയില്‍ എന്നൊരു ചെറുപ്പക്കാരന്‍ നാടുവിട്ടു. അവന്‍ തഹാത്ത്പര്‍വ്വതവും സഹാറ മരുഭൂമിയൂം താണ്ടി.

പായാക്കപ്പലുകളില്‍ തൂങ്ങികിടന്ന് ദിവസങ്ങളോളം മെഡിറ്ററേനിയന്‍ കടലിലൂടെ സഞ്ചരിച്ചു.മൃതപ്രായനായെങ്കിലും തളര്‍ന്നില്ല. ആദ്യം യൂറോപ്പിന്റെ കവാടമായ തുര്‍ക്കിയിലും പിന്നീട് ആഴ്ച്ചകള്‍ നീണ്ട കാല്‍ നടയാത്രക്കൊടുവില്‍ ഫ്രാന്‍സിലെ മാര്‍സൈലെ നഗരത്തിലുമെത്തി.

അവിടം സ്വര്‍ഗ്ഗമാമെന്ന് ഇസ്മയില്‍ കരുതി. വെളളക്കാരുടെ സാമ്രാജ്യത്തില്‍ കിടന്ന് എല്ലുമുറിയെ പണിയെടുത്തു.മതപരവും വംശീയവുമായ അധിക്ഷേപങ്ങള്‍ക്ക് പുറമെ തൊഴിലിടങ്ങളില്‍ സായിപ്പിന്റെ മര്‍ദ്ദനങ്ങളും പതിവായിരുന്നു.ആല്ഫ്‌സ് പര്‍വ്വതത്തില്‍ നിന്ന് ഇടവിട്ട് വീശുന്ന മഞ്ഞുക്കാറ്റിനൊപ്പം ഇസ്മയിലിന്റെ ജീവിതവും മുന്നോട്ട് പോയി.

നഗരപ്രാന്തത്തിലെ ഒരുകുടുസ്സ് മുറിയില്‍ താമസമാക്കിയ ഇസ്മയിലിനും ഭാര്യയ്ക്കും എട്ട് കുട്ടികള്‍ ഉണ്ടായി. രാത്രിയായാല്‍ ഇസ്മയില്‍ ഉറങ്ങാനായി തെരുവിലേക്കിറങ്ങും.

കാരണം ഇസ്മയില്‍ വീട്ടില്‍ കിടന്ന് ഉറങ്ങിയാല്‍ മക്കളില്‍ രണ്ട് പോരെങ്കിലും തെരുവില്‍ കിടന്ന് ഉറങ്ങേണ്ടി വരുമായിരുന്നു.അവരുടെ വീട് അത്രയ്ക്ക് ചെറുതായിരുന്നു. ഒരു മഞ്ഞുകാലത്ത് തെരുവിലെ അതിശൈത്യത്തില്‍ ഉറങ്ങാനാവാതെ ദൂഖിച്ചിരിക്കുമ്പോഴാണ് ഇസ്മയിലിന് ദൈവത്തിന്റെ പ്രമ്പോധനമുണ്ടായത്.

‘ കരയേണ്ടാ ഇസ്മായിലേ..മക്കളില്‍ അഞ്ചാമന്‍ മിടുക്കനാവും. അവന്‍ നിന്റെ മാത്രമല്ല, ഫ്രാന്‍സിന്റെ മാത്രമല്ല, മുസ്‌ളീംങ്ങളുടെ മാത്രമല്ല,ലോകത്തിന്റെ തന്നെ അഭിമാനമായി മാറും’

ജീവിതപ്രയാസങ്ങളുടെ ആള്‍രൂപമായ ഇസ്മയിലിന്റെ മകന്റെ ഫോട്ടോ ആഫിയ മുഹമ്മദിന്റെ കടയുടെ ഭിത്തിയിലുണ്ട്.അവിടെ മാത്രമല്ല ആഫ്രിക്കക്കാരും അറബികളും തെക്കന്‍ ഏഷ്യക്കാരുമായ ഒട്ടുമിക്ക മുസ്ലിംങ്ങളുടേയും വീടുകളിലും കടകളിലും ഈ ഫോട്ടോ കാണാം. ഈഫേല്‍ ടവറിനും തുര്‍ക്കിയിലെ സുല്‍ത്താന്‍ അഹമ്മദ് പളളിക്കും ഇടയിലായി ലോക ഫുട്‌ബോള്‍ കിരീടം മാറോട് ചേര്‍ത്ത് പിടിച്ച് നില്ക്കുന്ന സിനദിന്‍ സിദാന്‍. ഇസ്മയിലിന്റെ ധീരനായ പുത്രന്‍.

1998ല്‍ ലോകകപ്പ് നേടിയ സിദാന് 2002ലും കപ്പ് നേടാന്‍ ഒട്ടും പ്രയാസം ഉണ്ടായിരുന്നില്ലത്രെ. എന്നാല്‍ പിതാവിനെ ദ്രോഹിച്ചവെളളക്കാരോട് പ്രതികാരം തീര്‍ക്കുക എന്നതായിരുന്നു സിദാന്റെ ലക്ഷ്യം. മെത്രാസി എന്ന ഇറ്റാലിയന്‍ സായിപ്പിനെ തലകൊണ്ട് ഇടിച്ചുവീഴ്ത്തിയ സിദാന്‍ ലോകകപ്പിനേക്കാള്‍ വലുത് ആത്മാഭിമാനമാണെന്ന് തെളിയിച്ചു. ഫൈനലില്‍ ഫ്രാന്‍സ് തലനാരിഴയ്ക്ക് തോറ്റപ്പോഴും പരലോകത്തിരുന്ന് മകന്റെ ധീരകൃത്യത്തെക്കുറിച്ചോര്‍ത്ത് ഇസ്മായില്‍ പൊട്ടിചിരിച്ചത്ര.

മറ്റാര്‍ക്കും സാധിക്കാത്ത നേട്ടമാണ് സീദാന്‍ ഫ്രാന്‍സിന് നേടിക്കൊടുത്തത്. മതത്തിലും വംശീയതയിലുമുപരി സിദാന് ഫ്രാന്‍സില്‍ ദേശീയ പുരുഷനെന്ന പരിവേഷമുണ്ട്. ഭീകരാക്രമണത്തില്‍ വിറങ്ങലിച്ച സെയ്ന്റെ് ഡെന്നീസ് നാഷണല്‍ സ്റ്റേഡിയത്തിന് സമീപം എത്തിയപ്പോഴാണ് സിദാന്റെ ജനകീയത മനസ്സിലായത്.

സ്റ്റേഡിയത്തില്‍ യൂറോപ്പ്യന്‍ ഫുട്‌ബോള്‍ സിംഹങ്ങളായ ഫ്രാന്‍സും ജര്‍മ്മനിയും ഏറ്റുമുട്ടുന്നതിനിടയിലാണ് സമീപത്ത് വന്‍ സ്‌ഫോടനം ഉണ്ടായത്.അതിനുശേഷം ആ!ഴ്ച്ചകളോളം സ്റ്റേഡിയം അടച്ചിട്ടു.

സ്റ്റേഡിയത്തിന് സമീപത്തുനിന്ന് ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പേള്‍ സംശയദൃഷ്ടിയോടെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ നടന്നടുത്തു. ഇന്ത്യയില്‍ നിന്നാണെന്നും സിദാന്റെ ആരാധകനാണെന്നും പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് ചെറുപുഞ്ചിരി വിടര്‍ന്നു. പൊലീസുകാരന്‍ ഗേറ്റിന് അടുത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി.

സ്റ്റേഡിയത്തിന് പുറത്ത് സ്‌ഫോടനമുണ്ടായ സ്ഥലം, പരിഭ്രാന്തരായ കാണികള്‍ പുറത്തേക്കോടുന്നതിനായി തിങ്ങിക്കൂടിയ കവാടം, ഓടുന്നതിനിടയില്‍ ഒരു ഫുട്‌ബോള്‍ ഭ്രാന്തന്‍ വഴുതിവീണ നിലം എന്നിവയെല്ലാം അദ്ദേഹം കാണിച്ചുതന്നു.

സെയ്ന്റെ് ഡെന്നീസില്‍ ഹിലാല്‍ ചിക്കന്‍ റസ്റ്റാറന്റെ് നടത്തുന്ന യാസിന്‍ഖാനും ബുക്‌സ് സ്റ്റാള്‍ നടത്തുന്ന ആഫിയ മുഹമ്മദും ഫ്രാന്‍സിന്റെ മതേതര പരമ്പര്യത്തില്‍ അഭിമാനിക്കുന്നവരാണ്. എങ്കിലും ചില അസ്വസ്തതകള്‍, അരക്ഷിതത്വത്തിന്റെ മിന്നലാട്ടങ്ങള്‍ ആ മുഖങ്ങളില്‍ കാണാം.

ഫ്രാന്‍സ് പുകള്‍പ്പെറ്റ മതേതരരാജ്യമാണ്. മതാധിഷ്ഠാനത്തിലുളള കണക്കെടുപ്പ് പോലും നിരോധിച്ച രാജ്യം. വിദ്യാലയങ്ങളില്‍ കുട്ടികള്‍ മതചിഹ്നങ്ങള്‍ ധരിക്കാനോ അണിയാനോപാടില്ല. മുസ്ലിം സ്ത്രീകള്‍ പര്‍ദ്ദകൊണ്ട് മുഖം മറച്ചാല്‍ പിഴ ചുമത്തും.

മുഖം മറക്കുന്നതിനെതിരെ നിയമം കൊണ്ടുവന്നപ്പോള്‍ ബഹുഭൂരിപക്ഷം മുസ്‌ളിംങ്ങളും അനുകൂലിച്ചു. മുസ്ലിം മതചിഹ്നങ്ങള്‍ക്കുളള അതേനിയന്ത്രണം കൃസ്ത്യന്‍ മതചിഹ്നങ്ങള്‍ക്കും ഉണ്ട്. ഇങ്ങനെയുളള ഒരുരാജ്യത്തിന് എവിടെയാണ് പിഴച്ചത്്?

‘മുസ്‌ളിം മത മൗലികവാദം ശക്തിപ്പെടുകയാണ്. പശ്ചിമേഷ്യയില്‍ പ്രത്യേകിച്ച് സിറിയയില്‍ അമേരിക്കയോടൊപ്പം ഫ്രാന്‍സ് കൈകോര്‍ത്തില്‍ അഭ്യസ്തവിദ്യരായ മുസ്‌ളിംങ്ങള്‍ അസ്വസ്തരാണ്.

ഇവരിലെ ഒരുവിഭാഗത്തെ വളരെ എളുപ്പത്തില്‍ ആകര്‍ഷിക്കാന്‍ മതമൗലികവാദസംഘടനകള്‍ക്കും ഭീകരസംഘടനകള്‍ക്കും സാധിക്കുന്നു. സെയ്ന്റ് ഡെന്നീസിലും ഷാലെ ഹെബദൊ എന്ന പ്രസിദ്ധീകരണത്തിനുമെതിരെയുണ്ടായ ഭീകരാക്രമണങ്ങളെല്ലാം ഇതിന്റെ പ്രത്യാഘാതങ്ങളാണ്’.

മടക്കയാത്രയ്ക്കായി പാരിസ് വിമാനത്താവളത്തിലെത്തിയപ്പോള്‍ പരിചയപ്പെട്ട പ്രൊഫസറും മുന്‍ സോഷ്യലിസ്റ്റ്് പാര്‍ട്ടി പ്രവര്‍ത്തകനുമായ ജോണ്‍ മൊറിസേറ്റ് ആണ് ഫ്രാന്‍സിനുണ്ടായ മാറ്റങ്ങള്‍ വിശദീകരിച്ചത്.

ബ്രിട്ടണില്‍ ജെറിമി കോര്‍ബൈന്റെ നേതൃത്വത്തിലുളള ലേബര്‍ പാര്‍ട്ടി, സ്‌പെയിനില്‍ പാബ്ലോ ഇഗ്‌ളിസിയോസിന്റെ നേതൃത്വത്തിലുളള പൊഡിമോസ്, ഗ്രീസില്‍ അലക്‌സി സിപ്രസിന്റെ സിറിസ തുടങ്ങിയവരെല്ലാം ശക്തമാവുമ്പോള്‍ ഫ്രാന്‍സില്‍ തല ഉയര്‍ത്തുന്നതാവട്ടെ ഫാസിസ്റ്റ് പ്രത്യയശാസ്ത്രം വെച്ച് പുലര്‍ത്തുന്ന എഫ്.എന്‍ പാര്‍ട്ടിയാണ്.

മുസ്ലിംങ്ങളെ അമേരിക്കയില്‍ കയറ്റരുതെന്ന് ആക്രോശിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രുംപിന്റെ ഫ്രഞ്ച് പ്രതിരൂപമായ മറൈന്‍ ലി പെന്നിന്റെ വിഷം ചീറ്റും പ്രസംഗങ്ങള്‍ വെളളക്കാരെ ഇളക്കിമറിക്കുന്നു.

1966ല്‍ വിശ്വോത്തര സഞ്ചാരസാഹിത്യകാരന്‍ ഡൊമനിക് ലാപ്പിയര്‍ തന്റെ മാസ്റ്റര്‍പീസുകളിലൊന്നിന് നല്കിയ പേര്‍ ‘പാരിസ് കത്തിക്കൊണ്ടിരിക്കുകയാണോ? എന്നതായിരുന്നു.

യൂനിസ്ഖാന്റെ നിഷ്‌കളങ്കമായ മുഖം പറഞ്ഞതിങ്ങനെയാണ്. ‘പാരിസ് കത്തുകയല്ല, കിതയ്ക്കുകയാണ്’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News