ഏഴു വയസുകാരനെ പുലി കൊന്നുതിന്നു; നരഭോജിയുടെ അതിക്രമം തുടരുന്നു; ഗ്രാമവാസികള്‍ കാടിന് തീയിട്ടു

ഉത്തരാഖണ്ഡിലെ ബാഗേശ്വറിന് സമീപം ഹരിനഗരിയില്‍ ഏഴു വയസുകാരനെ പുലി കൊന്നുതിന്നു.

പ്രകോപിതരായ ജനക്കൂട്ടം കാടിന് തീവച്ചു. ദിവാന്‍ റാമിന്റെ മകന്‍ ദീപക്കിനെയാണു പുലി കൊന്നു തിന്നത്. തിങ്കളാഴ്ച വൈകുന്നേരം മൂത്രമൊഴിക്കാനായി പുറത്തുപോയ കുട്ടിയെ പുലി കാട്ടിലേക്കു വലിച്ചിഴച്ചു കൊണ്ടു പോവുകയായിരുന്നു.

പിന്നീടു പകുതി ഭക്ഷിച്ച നിലയില്‍ കുട്ടിയുടെ ശരീരം സമീപത്തുള്ള വനമേഖലയില്‍നിന്നു കണ്ടെത്തി. വീടിന് 250 മീറ്റര്‍ അകലെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

മാര്‍ച്ചില്‍ നാലു വയസുള്ള കുട്ടിയെയും പുലി കടിച്ചു കൊന്നിരുന്നു. മൂന്നു മാസങ്ങള്‍ക്കിടെ പ്രദേശത്ത് രണ്ടാമതും സമാന സംഭവം ആവര്‍ത്തിച്ചതോടെ ജനക്കൂട്ടം കാടിനു തീയിടുകയായിരുന്നു.

കുട്ടിയുടെ കുടുംബത്തിന് ഉടനടി നഷ്ടപരിഹാരം നല്‍കണമെന്നും പുലിയെ വെടിവച്ചു കൊല്ലണമെന്നുമാണു ഗ്രാമവാസികളുടെ ആവശ്യം.

ആയിരത്തിലേറെ ഗ്രാമവാസികള്‍ പ്രതിഷേധം തുടരുന്നതിനാല്‍ വനത്തില്‍ പ്രവേശിക്കാനോ തീയിട്ടതു മൂലമുണ്ടായ നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്താനോ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കായില്ല.

കുട്ടിയുടെ കുടുംബത്തിനു മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുമെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. ദുരന്തങ്ങള്‍ ആവര്‍ത്തിച്ചതോടെ പുലിയെ നരഭോജിയായി പ്രഖ്യാപിക്കാനും കൊല്ലാനുമുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News