കോഴിക്കോട്ട് വനമേഖലയില്‍ ഉരുള്‍പൊട്ടല്‍; ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കോഴിക്കോട്: കോഴിക്കോട് ആനക്കാംപൊയില്‍ വനമേഖലയില്‍ ഉരുള്‍പൊട്ടല്‍.

മുത്തപ്പന്‍പുഴ, തേന്‍പാറ എന്നിവിടങ്ങളിലാണ് ഇന്നലെ വൈകീട്ടോടെ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. വീടുകളില്‍ വെളളം കയറിയതിനെ തുടര്‍ന്ന് 10 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളില്‍ ജില്ലാ കളക്ടര്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

ആനക്കാംപൊയില്‍ വനമേഖലയില്‍ പകല്‍ സമയത്ത് പെയ്ത കനത്ത മഴയിലാണ് ഉരുള്‍പൊട്ടിയത്. തേന്‍പാറ, മറിപ്പുഴ എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വെളളത്തിന്റെ ശക്തമായ ഒഴുക്കാണ് രൂപപ്പെട്ടു. വെളളപ്പൊക്കത്തില്‍ താഴ്ന്ന പ്രദേശങ്ങളിലെ 6 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. വീടുകളില്‍ വളളം കയറിയതിനെ തുടര്‍ന്ന് ഇവരുള്‍പ്പടെ 10 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.

സ്ഥലത്ത് ഫയര്‍ഫോഴ്‌സ് പോലീസ് സംവിധാനങ്ങള്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. മണ്ണൊലിപ്പില്‍ കൃഷി നാശം ഉണ്ടായിട്ടുണ്ട്, ആളപായമില്ല. പുല്ലൂരാംപാറ നെല്ലിപ്പൊയില്‍ റോഡില്‍ 3 കിലോമീറ്റര്‍ ദൂരം വെളളം കയറി, ഈ റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു.

തുഷാരഗിരി വിനോദ സഞ്ചാരകേന്ദ്രത്തിലും കനത്ത മഴയില്‍ നാശനഷ്ടമുണ്ടായി. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഇരുവഞ്ഞിപ്പുഴയിലും ചാലിയാറിലും ജലനിരപ്പ് ഉയര്‍ന്നു. മഴ തുടരുന്നതും ഉരുള്‍പൊട്ടല്‍ സാഹചര്യവും കണക്കിലെടുത്ത് കോഴിക്കോട് ജില്ലയുടെ മലയോര മേഖലയില്‍ ജില്ലാ കളക്ടര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.


ഇടുക്കിയില്‍ മഴയ്ക്ക് നേരിയ ശമനം


ഇടുക്കി:
ഇടുക്കി ജില്ലയില്‍ മഴയ്ക്ക് നേരിയ ശമനം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാലവര്‍ഷക്കെടുതിയില്‍ 12 വീടുകള്‍ പൂര്‍ണ്ണമായും 196 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇന്നലെ മാത്രം 43 വീടുകളാണ് ഭാഗികമായി തകര്‍ന്നത്.

കൃഷി നാശവും വ്യാപകമാണ്. മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് പ്രവര്‍ത്തി ദിനമായിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. മഴ ശക്തമായത് ജില്ലയിലെ ടൂറിസം മേഖലയെ ബാധിച്ചു.

ദുരന്ത നിവാരണത്തിനായി വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.


ശക്തമായ മഴ തുടരും


തിരുവനന്തപുരം:
സംസ്ഥാനത്തിന്റെ ചിലയിടങ്ങളില്‍ വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 7 മുതല്‍ 11 സെന്റീമീറ്റര്‍ വരെ മഴപെയ്യാന്‍ സാധ്യതയുണ്ട്.

ശക്തമായ മഴ പെട്ടന്നുള്ള വെള്ളപ്പൊക്കത്തിനും ഉരുള്‍പ്പൊട്ടലിനും മണ്ണിടിച്ചിടിലിനും കാരണമായേക്കാമെന്നും മലയോരമേഖലയിലുള്ള ജാഗ്രതപാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News