എറണാകുളം പറവൂരിലെ രണ്ടു ക്ഷേത്രങ്ങളില്‍ മോഷണം നടന്നു.

കോട്ടുവള്ളിയിലെ അടുത്തടുത്തുള്ള രണ്ട് ക്ഷേത്രങ്ങളില്‍ നിന്നായി മോഷ്ടാക്കള്‍ കവര്‍ന്നത് 40 പവനോളം സ്വര്‍ണ്ണവും 65000 രൂപയും. തൃക്കപുരം ദേവീക്ഷേത്രത്തിലെ തിരുവാഭരണമുള്‍പ്പടെയാണ് മോഷണം പോയത്.

ഇന്നലെ രാത്രിയാണ് കോട്ടുവള്ളി തൃക്കപുരം ദേവീ ക്ഷേത്രത്തിലും ശ്രീനാരായണ ക്ഷേത്രത്തിലും മോഷണം നടന്നതായി കരുതുന്നത്. രാവിലെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് തിരുവാഭരണമുള്‍പ്പടെ മോഷണം പോയതായി അറിഞ്ഞത്.

തൃക്കപുരം ക്ഷേത്രത്തില്‍ തിരുവാഭരണമുള്‍പ്പടെ 30 പവന്‍ മോഷണം പോയതായാണ് ക്ഷേത്രം അധികൃതര്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്.

ക്ഷേത്രത്തിന് സമീപത്തുള്ള ഓഫീസിലാണ് തിരുവാഭരണം സൂക്ഷിച്ചിരുന്നത്.ശ്രീകോവിലിന്റെ ഓട് പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്.

അവിടെ നിന്നും സ്വര്‍ണ്ണം ലഭിക്കാത്തതിനാല്‍ ക്ഷേത്രത്തിലെ ഓഫീസ് കുത്തിത്തുറക്കുകയായിരുന്നു.ഏതാണ്ട് ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ള ശ്രീനാരായണ ക്ഷേത്രത്തിലും മോഷണം നടന്നു.

അഞ്ചരപ്പവന്റെ രണ്ട് മാല ഉള്‍പ്പടെയുള്ള സ്വര്‍ണ്ണം ഇവിടെ നിന്ന് മോഷണം പോയതായാണ് അധികൃതര്‍ നല്‍കിയ വിവരം.കാണിക്കവഞ്ചിയില്‍ നിന്ന് പണവും കവര്‍ന്നിട്ടുണ്ട്.

പോലീസും ഫിംഗര്‍ പ്രിന്റ് വിദഗ്ദ്ധരും രണ്ട് ക്ഷേത്രങ്ങളിലും വിശദമായ പരിശോധന നടത്തി.കവര്‍ച്ചകള്‍ക്ക് പിന്നില്‍ ഒരേ സംഘമാണെന്നാണ് പ്രാഥമിക നിഗമനം.

ക്ഷേത്ര പരിസരത്തെ സി സി ടി വി ഉള്‍പ്പടെ പോലീസ് പരിശോധിച്ച് വരികയാണ്.പ്രതികളെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.