ഫേസ്ബുക്ക് പ്രണയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍

പാലക്കാട്: വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ നിര്‍മിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയംനടിച്ച് ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ വടക്കേക്കര പൊലീസ് പിടിയിലായി.

പാലക്കാട് പുത്തൂര്‍ കുള്ളിത്തൊടി വീട്ടില്‍ ഷാനു എന്ന ഷാനവാസ് (28), അമ്പലക്കാട്ട് വീട്ടില്‍ അജികുമാര്‍ എന്ന ബാബു (46) എന്നിവരാണ് അറസ്റ്റിലായത്.

ഷാനവാസ് കല്‍പ്പണിക്കാരനും, അജികുമാര്‍ മൊബൈല്‍ റീചാര്‍ജ് കട നടത്തുന്നയാളുമാണ്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ അമ്മയുടെ മൊബൈല്‍ ഫോണ്‍വഴി ഫേസ്ബുക്ക് അക്കൗണ്ട് തുറന്ന പെണ്‍കുട്ടിയെ ഷാനവാസ് പരിചയപ്പെടുകയായിരുന്നു.

തുടര്‍ച്ചയായ ചാറ്റിങ്ങിലൂടെ പ്രണയംനടിച്ച് വശത്താക്കി. പിന്നീട് കുട്ടിയുടെ ചിത്രങ്ങള്‍ ആവശ്യപ്പെട്ടു. പലതവണ ഭീഷണി ഉണ്ടായപ്പോള്‍ ചില ചിത്രങ്ങള്‍ കുട്ടി അയച്ചുകൊടുത്തു.

ഇയാളുടെ ശല്യംമൂലം പ്രൊഫൈല്‍ ബ്ലോക്ക് ചെയ്തങ്കിലും മറ്റു പല പ്രൊഫൈലുകളിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെ ചിത്രങ്ങള്‍ ആവശ്യപ്പെട്ടും നല്‍കിയില്ലെങ്കില്‍ കൈവശമുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയും കുട്ടിയുടെ അച്ഛന്റെ ഫോണിലേക്ക് സന്ദേശം എത്തിയതോടെയാണ് വീട്ടുകാര്‍ വിവരം അറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.

അന്വേഷണത്തില്‍ സന്ദേശം വന്നത് പാലക്കാട് സ്വദേശി പ്രദീപ് എന്നയാളുടെ നമ്പറില്‍ നിന്നാണെന്ന് കണ്ടെത്തി. ഇയാളെ ചോദ്യംചെയ്തപ്പോള്‍ സംഭവവുമായി ബന്ധമില്ലെന്ന് തെളിഞ്ഞു.

മാത്രമല്ല, മുമ്പ് വീഡിയോ ചാറ്റിങ്ങിനിടയില്‍ പെണ്‍കുട്ടി ഷാനവാസിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്തതും പ്രദീപല്ല പ്രതിയെന്ന് തിരിച്ചറിയാന്‍ സഹായമായി.

പ്രദീപ് സിംകാര്‍ഡ് വാങ്ങാന്‍ അജികുമാറിന്റെ മൊബൈല്‍ കടയില്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡും, വിരലടയാളവും ഉപയോഗിച്ച് ഷാനവാസും അജികുമാറും ചേര്‍ന്ന് പ്രദീപിന്റെ പേരില്‍ രണ്ട് സിംകാര്‍ഡുകള്‍ എടുത്തിരുന്നു. ഇതാണ് സ്ത്രീകളെ വശത്താക്കാന്‍ ഉപയോഗിച്ചിരുന്നത്.

ഷാനവാസ് പല പേരുകളില്‍ പ്രൊഫൈലുകള്‍ ഉണ്ടാക്കി പെണ്‍കുട്ടിക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇവരുടെ കൈയില്‍നിന്ന് ഒട്ടേറെ സ്ത്രീകളുടെ ഫോണ്‍ നമ്പറുകള്‍ പൊലീസ് കണ്ടെത്തി.

ഷാനവാസ് അവിവാഹിതനാണ്. അജികുമാറിന് ഭാര്യയും മക്കളുമുണ്ട്. പോക്‌സോ, ഐടി നിയമങ്ങള്‍പ്രകാരം കേസെടുത്തു. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു. വടക്കേക്കര സിഐ എഎ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News