മാലിന്യ കൂമ്പാരത്തില്‍ ജഡ്ജി കുത്തിയിരുന്നു; ഒടുവില്‍ കോര്‍പ്പറേഷന്‍ മുട്ടുമടക്കി; കയ്യടിക്കാം

മൂക്ക് പൊത്താതെ ബ്രോഡ് വേയിലെ മാര്‍ക്കറ്റിനുള്ളില്‍ ആളുകള്‍ക്ക് കയറാനാകില്ല. മാര്‍ക്കറ്റിന്റെ മധ്യഭാഗത്തായി കുന്നു പോലെയാണു പച്ചക്കറി അവശിഷ്ടങ്ങള്‍ ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ കുന്നു കൂടി കിടക്കുന്നത്.

ചീഞ്ഞ് ദുര്‍ഗ്ഗന്ധം വമിക്കുന്ന ഈ മാലിന്യം ഇങ്ങനെ കിടക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങള്‍ ഏറെയായിട്ടും കോര്‍പ്പറേഷന്‍ ഈ വഴിക്ക് തിരിഞ്ഞ് നോക്കിയിരുന്നില്ല.

ഈ മാലിന്യ കൂമ്പാരത്തിനു സമീപത്ത് പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന്റെ ഓഫീസിലേക്ക് പല തവണ വ്യാപാരികള്‍ പരാതിയുമായി ചെന്നെങ്കിലും അവഗണന മാത്രമായിരുന്നു ഫലം.

മാര്‍ക്കറ്റില്‍ ഇരുന്നൂറിലധികം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ പരിശോധനക്ക് എത്തിയതായിരുന്നു ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി അംഗമായ സബ് ജഡ്ജി എം.എം. ബഷീര്‍. പരിശോധനക്കെത്തിയ സബ് ജഡ്ജി പോലും മൂക്ക് പൊത്തേണ്ട അവസ്ഥയായി.

ഇതോടെ മാലിന്യം നീക്കം ചെയ്യാത്തതിനെതിരെ അദ്ദേഹം മാര്‍ക്കറ്റില്‍ തന്നെ പ്രതിഷേധം ആരംഭിച്ചു. മാലിന്യത്തിനടുത്ത് തന്നെ കസേരയിട്ട് ഇരുന്നു കൊണ്ട് സബ് ജഡ്ജി പ്രതിഷേധിച്ചു.

മാലിന്യം നീക്കം ചെയ്യാതെ മാര്‍ക്കറ്റ് വിട്ട് പോകില്ലെന്ന് ജഡ്ജി തീരുമാനമെടുത്തതോടെ കോര്‍പ്പറേഷന്‍ മുട്ട് മടക്കി. ജെ.സി.ബി.യും ലോറികളുമായെത്തി കോര്‍പ്പറേഷന്‍ മാലിന്യങ്ങള്‍ നീക്കം ചെയ്തു.

ഇത്രയും സന്നാഹങ്ങള്‍ കോര്‍പ്പറേഷനു ഉണ്ടെന്ന് ഇപ്പോഴാണു മാര്‍ക്കറ്റിലുള്ളവര്‍ പോലും കാണുന്നത്. മാലിന്യം പൂര്‍ണ്ണമായും നീക്കം ചെയ്യിച്ച ശേഷമാണു സബ് ജഡ്ജി മാര്‍ക്കറ്റ് വിട്ട് പോയത്.

മാലിന്യ സംസ്‌കരണത്തില്‍ വീഴ്ച്ച വരുത്തിയ കോര്‍പ്പറേഷനെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News