കഫീല്‍ ഖാന്റെ സഹോദരന്റെ ആരോഗ്യനില ഗുരുതരം

ദില്ലി: ഉത്തര്‍പ്രദേശ് ഗൊരഖ്പൂര്‍ ആശുപത്രിയിലെ മുന്‍ ശിശുരോഗ വിദഗ്ധന്‍ ഡോക്ടര്‍ കഫീല്‍ ഖാന്റെ സഹോദരന്‍ കാഷിഫ് ജമീലിന്റെ ആരോഗ്യനില ഗുരുതരം.

കൂടുതല്‍ ചികിത്സയ്ക്കായി അദ്ദേഹത്തെ ലഖ്‌നൗവിലെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ഞായറാഴ്ച രാത്രി 11 മണിയോടുകൂടി ബൈക്കില്‍ വന്ന അജ്ഞാതസംഘം കാഷിഫ് ജമീലിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

വെടിയേറ്റ കാഷിഫ് ജമീലിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും ഉടനെ സര്‍ജറിക്ക് വിധേയനാക്കാന്‍ പൊലീസ് സമ്മതിച്ചിരുന്നില്ലെന്ന ആരോപണം ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ആരോഗ്യനില മോശമായ കാഷിഫ് ജമീലിനെ ലഖ്‌നൗവിലേക്ക് മാറ്റിയിരിക്കുന്നത്.

വലത് നെഞ്ചിലും കയ്യിലും വെടിയേറ്റ കാഷിഫിനു നേരെ മൂന്ന് തവണ വെടിയുതിര്‍ത്തെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന് പിന്നില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരാണെന്ന്് കഫീല്‍ ഖാന്‍ സംഭവ ദിവസം തന്നെ ആരോപണമുയര്‍ത്തിയിരുന്നു.

തന്റെ കുടുംബത്തിനും വധഭീഷണി ഉണ്ടെന്നും സംരക്ഷണം വേണമെന്ന് കഫീല്‍ ഖാന്റെ മാതാവും ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ഓഗസ്റ്റില്‍ ഗൊരഖ്പൂരിലെ ബിആര്‍ഡി ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഡോ.കഫീല്‍ അഹമ്മദ് ഖാന് ഈ വര്‍ഷം എപ്രിലില്‍ ആണ് ജാമ്യം ലഭിച്ചത്.

ഓക്‌സിജന്‍ സിലിണ്ടര്‍ തന്റെ സ്വകാര്യ ക്ലിനിക്കിലേക്ക് കടത്തിയെന്നാരോപിച്ചായിരുന്നു ശിശുമരണ വിവാദത്തിന് ശേഷം അന്വേഷണ സംഘം കഫീല്‍ഖാനെ അറസ്റ്റ് ചെയ്തിരുന്നത്.

ചികിത്സയില്‍ കഴിയുന്ന കുട്ടികളെ രക്ഷിക്കാന്‍ സ്വന്തം പണം മുടക്കി ഓക്‌സിജന്‍ സിലിണ്ടര്‍ എത്തിച്ചതിന് പിന്നാലെയാണ് കഫീല്‍ ഖാനെ കേസില്‍ കുടുക്കിയിരുന്നത്.

യോഗി സര്‍ക്കാര്‍ തന്നെ ബലിയാടാക്കുകയായിരുന്നുവെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുക തന്നെയാണ് കഫീല്‍ ഖാനും കുടുംബവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel