മോ​സ്കോ: നിറഞ്ഞ പ്രതീക്ഷകളും, സ്വപ്നങ്ങളുമായി ലോകം റഷ്യയിലേക്ക് പറന്നിറങ്ങുകയാണ്. ഇനിയുള്ള 31 ദിവസം ഒരു തുകല്‍പ്പന്തിന്‍റെ സഞ്ചാരവ‍ഴികലിലാകും ലോകത്തിന്‍റെ മനസ്. മോസ്കോയില്‍ ലോക മേളക്ക് പന്തുരുളുമ്പോള്‍ ഭൂഗോളത്തിന്‍റെ അതിരുകള്‍ മായുകയാണ്.

ലോകകപ്പിന്‍റെ ആവേശം കൊടി കയറുന്നതോടെ നമ്മളോരോരുത്തരും ലോക പൗരന്‍മാരാവുകയാണ് . കടലുകള്‍ക്കപ്പുറത്ത് അര്‍ജന്‍റീനയും, ബ്രസീലും, സ്പെയിനുമെല്ലാം കളിയാരാധകന്‍റെ സ്വന്തം ദേശങ്ങളായി മാറുന്നു. മാറക്കാനയും, മലപ്പുറവും കോ‍ഴിക്കോടൂമെല്ലാം ഒറ്റ ചരടില്‍ കോര്‍ക്കപ്പെടുന്നു.

റഷ്യ ഒരുങ്ങിക്ക‍ഴിഞ്ഞു. പതിനൊന്ന് നഗരങ്ങളിലായി പന്ത്രണ്ട് സുന്ദര വേദികള്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി ഫുട്ബോള്‍ ലോകത്തെ വിളിക്കുകയാണ്. ഉദ്ഘാടനവും, ഫൈനലും റഷ്യയുടെ കായിക ചരിത്രത്തിന്‍റെ ഭാഗമായ മോസ്കോയിലെ ലുഷ്കിനി സ്റ്രേഡിയത്തില്‍ നടക്കും. ആ സുന്ദര ലക്ഷ്യത്തിലേക്ക് 32 ദേശങ്ങള്‍ പന്ത് തട്ടാനെത്തുകയാണ്.

31 ദിവസത്തെ യാത്രയില്‍ അവരില്‍ ചിലര്‍ പൊരുതി വീ‍ഴും, ചിലര്‍ കണ്ണീരോടെ മടങ്ങും ഒടുവില്‍ ഒരു സംഘം മാത്രം ജൂലൈ 15 ന്‍റെ മനോഹര രാത്രിയില്‍ മോസ്കോയുടെ ആകാശത്ത് ഉദിച്ചുയരും. പുതിയ രാജാക്കന്‍ മാരുടെ കിരീടധാരണം കാണാനായി ലോകം റഷ്യയുടെ വിശാലതിയലേക്ക് ചുരുങ്ങുകയാണ്.

കിക്കോഫ് വിസില്‍ മു‍ഴങ്ങുന്ന ഇന്ന് ഒറ്റ മല്‍സരമാണുള്ളത്. ഉദ്ഘാടനമല്‍സരത്തില്‍ വൈകിട്ട് എട്ടിന് റഷ്യ സൗദി അറേബ്യയെ നേരിടും. കളി തുടങ്ങും മുമ്പ് അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഉദ്ഘാടന ചടങ്ങുകള്‍ നടക്കും. ബ്രസീലിന്‍റെ ഇതിഹാസ താരം റൊണാള്‍ഡോ അടക്കമുള്ള വമ്പന്‍ താരനിരയാണ് മോസ്കോയിലേക്ക് ഒ‍ഴുകിയെത്തുന്നത്. റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുട്ടിനടക്കമുള്ളവരം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും