ലോകകപ്പിന് സുരക്ഷയൊരുക്കാന്‍ ബ്രിട്ടനും; 1250 തെമ്മാടികള്‍ക്ക് യാത്രാവിലക്ക്

ലോകകപ്പ് മത്സരം അലങ്കോലപ്പെടാതിരിക്കാന്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നിരവധി ഫുട്ബോള്‍ ഗുണ്ടകള്‍ക്ക് സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കുന്നതിന് കര്‍ശന വിലക്കേര്‍പ്പെടുത്തിയ ആതിഥേയരായ റഷ്യയ്ക്ക് പിന്തുണയുമായി ബ്രിട്ടനും.

മത്സരങ്ങള്‍ക്കിടെ അലമ്പുണ്ടാക്കാന്‍ സാധ്യതയുള്ള 1250 ഓളം ഇംഗ്ലീഷ് തെമ്മാടികള്‍ റഷ്യയിലേക്ക് പറക്കുന്നത് ബ്രിട്ടീഷ് സര്‍ക്കാര്‍ തടഞ്ഞുവെച്ചു. ഇവരുടെ പാസ്‌പോര്‍ട്ടുകള്‍ സര്‍ക്കാര്‍ പിടിച്ചെടുത്തിരിക്കുകയാണ്. പിടിച്ചെടുത്തവരുടെ പാസ്‌പോര്‍ട്ട് വിട്ട്‌കൊടുക്കുന്നത് ടൂര്‍ണ്ണമെന്‍റില്‍ ഇംഗ്ലണ്ട് ടീം പുറത്താകുന്നതിനനുസിരിച്ചിരിക്കും.

ഇംഗ്ലണ്ടില്‍ നിന്നെത്തുന്ന ഫുട്ബോള്‍ തെമ്മാടികളെ കൈകാര്യം ചെയ്യുമെന്ന് റഷ്യന്‍ തെമ്മാടികള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇതിനെത്തുടര്‍ന്ന് മാഫിയാ സംഘത്തലവന്മാർ ഉൾപ്പെടെ ഹിറ്റ്ലിസ്റ്റിലുള്ള 352 പേർക്കാണ് സ്റ്റേഡിയങ്ങളിൽ റഷ്യ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. യൂറോ 2016-ല്‍ റഷ്യന്‍- ഇംഗ്ലീഷ് തെമ്മാടികള്‍ പരസ്പരം ഏറ്റുമുട്ടിയിരുന്നു.

മത്സരഫലം എതിരായാല്‍ ഇംഗ്ലീഷ് തെമ്മാടിക്കുട്ടം ഫുട്ബോള്‍ ടൂര്‍ണമെന്‍റുകളില്‍ അലമ്പുണ്ടാക്കുന്നത് പതിവാണ്. കലിമൂത്താൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് ഈ ഫുട്ബോൾ ഭ്രാന്തന്മാർ.

സ്വന്തം ക്ലബ്ബിനോ രാജ്യത്തിനോ തോൽവി പിണഞ്ഞാൽ പിന്നെ ഇവർ എതിർ ടീമിന്‍റെ പിന്തുണക്കാർക്കുനേരേയും ചിലപ്പോള്‍ കളിക്കാര്‍ക്കും റഫറിമാര്‍ക്കുമെതിരെയും ഇവര്‍ തിരിയും.

ഫുട്ബോൾ ഭ്രാന്തന്മാരുടെ ഈ ആക്രമണസ്വഭാവം നന്നായി അറിയാവുന്നതു കൊണ്ടാണ് സർക്കാർതന്നെ ആയിരത്തിലേറെ ബ്രിട്ടിഷ് തെമ്മാടികളുടെ റഷ്യൻ യാത്ര തടഞ്ഞത്.

മുൻപ് മൽസരങ്ങളോടനുബന്ധിച്ച് സ്റ്റേഡിയത്തിലും പബ്ബുകളിലും അലമ്പുണ്ടാക്കി ഹിറ്റ്ലിസ്റ്റിലുള്ള 1,250 പേരുടെ പാസ്പോർട്ട് പിടിച്ചെടുത്താണ് ഹോം ഓഫിസ് ഇവരുടെ റഷ്യൻ യാത്ര തടഞ്ഞിരിക്കുന്നത്.

ഇവരിൽ 60 പേർ ഇനിയും ഹോം ഓഫിസ് നിർദേശപ്രകാരം പാസ്പോർട്ട് തിരികെ നൽകിയിട്ടില്ല. ഇവരെ കണ്ടെത്തി പാസ്പോർട്ട് പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് സ്കോട്ട്ലൻഡ് യാർഡ് പോലീസ്. ബ്രിട്ടനില്‍ നിന്ന് പതിനായിരത്തോളം ഫുട്‌ബോള്‍ ആരാധകര്‍ കളികാണാനായി റഷ്യയിലേക്ക് പോകുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News