കണ്ണൂര്‍ രാഷ്ട്രീയത്തെക്കുറിച്ച് പുസ്തകം; രചയിതാവ് പാട്യം ഗോപാലന്‍റെ മകന്‍

“വർഷം 1972. മഴക്കാലത്ത് നടന്ന വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച ആയിട്ടേയുള്ളു. ഞാനും എന്‍റെ കൂടെ പിറന്ന ഇരട്ടയും ജനിക്കുന്നതിന് പത്തു മാസം മുമ്പ്, ഒരു രാത്രിയിലെ അസമയത്ത് ഭർതൃ സഹോദരന്‍റെ നിലവിളി കേട്ട് എന്‍റെ അമ്മ ഞെട്ടിയുണർന്നു. ” ഗോപാലേട്ടാ , അഴീക്കോടനെ ആരോ കൊന്നു! സഖാവ് അഴീക്കോടൻ മരിച്ചു “!

ഇത് കേട്ടയുടനെ കേരളത്തിലെ മുതിർന്ന നേതാവും പാര്‍ലമെന്റ് അംഗവുമായ എന്‍റെ പിതാവ് പാട്യം ഗോപാലൻ മറ്റൊരു നേതാവായ എം. വി. രാഘവനോടൊപ്പം തൃശൂരിലേക്ക് പുറപ്പെട്ടു. അവർ നിശ്ശബ്ദരായി ഇരുട്ടിലേയ്ക്കു മറഞ്ഞപ്പോൾ ആ യുവ വധു അവളുടെ പുതിയ വീട്ടിൽ ഒറ്റയ്ക്കിരുന്നു , ഭയത്തോടെയും ഞെട്ടലോടെയും . മറ്റൊരു കമ്മ്യൂണിസ്ററ് ഭാര്യയുടെ ജീവിതത്തിലെ മറ്റൊരു രാത്രി. ”

കണ്ണൂര്‍-രക്ത രൂക്ഷിതമായ പ്രതികാര രാഷ്ട്രീയം(“KANNUR – Inside India’s Bloodiest Revenge Politics) എന്ന പുസ്തകം തുടങ്ങുന്നത് ഇങ്ങനെയാണ്. പെന്‍ഗ്വിന്‍ പുറത്തിറക്കിയ പുസ്തകം എ‍ഴുതിയിരിക്കുന്നത് ദില്ലിയിലെ മാധ്യമപ്രവര്‍ത്തകനും പരേതനായ സിപിഐഎം നേതാവ് പാട്യം ഗോപാലന്‍റെ മകനുമായ എന്‍ പി ഉല്ലേഖാണ്. 1972 തൊട്ട് 2017വരെ നടന്ന രാഷട്രീയ കൊലപാതകങ്ങളുൂടെ ചരിത്രവും രാഷട്രീയവും ചികഞ്ഞുപോകുന്നതാണ് പുസ്തകം.

ഈ കാലയളവില്‍ ഇതുവരെ കണ്ണൂരില്‍ 200 പേര്‍ രാഷ്ട്രീയത്തിന്‍റെ പേരിലുള്ള കൊലക്കത്തിക്കിരയായെന്ന് ഉല്ലേഖ് എ‍ഴുതുന്നു. രാജ്യത്തെ തന്നെ ഒരു ജില്ലയിലെ ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതക നിരക്കാണിതെന്നും അദ്ദേഹം അവകാശപ്പെടുന്നു. മെഡിറ്ററേനിയന്‍ കടലിലെ പ്രത്യേക സ്വയംഭരണാവകാശമുള്ള സിസിലിയ ദ്വീപിനോടാണ് കണ്ണൂരിനെ ഉല്ലേഖ് സാമ്യപ്പെടുത്തുന്നത്. ലണ്ടൻ സ്‌കൂൾ ഓഫ് എക്കണോമിക്സിലെ പ്രൊഫസര്‍ സുമന്ത്ര ബോസാണ് പുസ്തകത്തിന് ആമുഖമെ‍ഴുതിയിരിക്കുന്നത്.

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഒരു പരിഷ്കൃത ജനാധിപത്യത്തിന്‍റെയും പ്രയോഗമല്ല. കണ്ണൂരിലെയും മറ്റിടങ്ങളിലെയും ഇത്തരം കൊലപാതകങ്ങൾ ഇല്ലാതാകും വരെ നമ്മുടെ ജനാധിപത്യം പാകപ്പെട്ടു എന്ന് അഭിമാനിക്കാന്‍ വയ്യെന്ന് സുമന്ത്ര ബോസ് എ‍ഴുതുന്നു.

ദില്ലിയില്‍ താമസിക്കുന്ന ഉല്ലേഖ് ഇപ്പോള്‍ ഓപ്പണ്‍ മാസികയുടെ എക്സിക്കുട്ടീവ് എഡിറ്ററാണ്. മുന്‍ പ്രധാനമന്ത്രി എബി വാജ്പോയിയെക്കുറിച്ച് `ദി അണ്‍ടോള്‍ഡ് വാജ്പേയി'(THE UNTOLD VAJPAYEE), നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വിജയ തന്ത്രങ്ങളെക്കുറിച്ച് `വാര്‍ റൂം’ എന്നീ പുസ്തകങ്ങളും ഉല്ലേഖ് എ‍ഴുതിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News